ആദിത്യ

അമ്മമ്മയെപറ്റിയുള്ള ‘കവിഥ’

ആദിത്യ

ഒന്ന്

പഴയ അലൂമിനിയ പാത്രങ്ങളിൽ, വെറുംചായ അരിച്ചുവീഴുന്നപോലെ അമ്മമ്മ പറഞ്ഞു,
‘ഡാപാഗ്ലിഫ്ലോസിൻ പത്ത്’.

തളർന്ന സാരിയിലൂടെ
വെയില് കീറുന്ന ശരീരം
പായും.
കയ്യിൽ രണ്ട് ഉഴുന്നുവട,
'കസ്തൂരി ടെക്സ്റ്റൈൽസ്.
കടയ്ക്കൽ, പോസ്റ്റ് ഓഫീസിന് സമീപം'
എന്ന്,
ചുവന്ന അക്ഷരത്തിൽ എഴുതിയ
പിഞ്ഞിയ, മഞ്ഞച്ച, വെള്ളക്കവർ.

ഉറങ്ങിയതുപോലെ ഉണർന്നും,
ഉണർന്നതുപോലെ കരഞ്ഞും,
ആയിരം ബസ്സുകളിലെ
വയസികളുടെ ദുഃഖംപേറിയ അമ്മമ്മ,
ഭൂമിക്കൊരു ഭാരമായി,
ആനന്ദങ്ങളുടെയാകെ ശത്രുവായി,
വയൽക്കരയിലിറങ്ങി നിന്ന്
ഓർമിക്കും,
"എങ്ങനെയങ്ങ് എത്തിക്കും?"
ജീവിതത്തിലൊരിക്കലും,
ട്രെയിനോടുന്നത് കണ്ടില്ലെങ്കിലും,
എൻജിൻ ചേരുമ്പോഴുള്ള
അതേ പ്രാണവേദനയിൽ,
ഉലച്ചിലിൽ,
അമ്മമ്മ
വരമ്പിലൂടെ,
തെങ്ങിൻപാലത്തിലൂടെ,
വരമ്പിലൂടെ,
മൺപാതയിലൂടെ,
കോൺക്രീറ്റ് തേരിയിലൂടെ,
നമ്മാട്ടി മണ്ണിലായുന്ന ശബ്ദത്തിൽ,
കായലിനു മുകളിലെ
പാളത്തിലെ തീവണ്ടിയെപ്പോലെ -
നീങ്ങും.

മകളുടെ വീട് കാണാറാകുമ്പോൾ,
ആരോ,
അമ്മമ്മയുടെ ചെയിൻ വലിക്കും.
അപ്പോൾ,
അച്ഛൻ വിളിച്ച ചീത്തയാകെ
അമ്മമ്മ ഒന്നുകൂടി കേൾക്കും.

പിന്നെ,
എല്ലാ കളികളിലും തോറ്റ
കുട്ടിയെപ്പോലെ,
ആവേശം കെട്ട നടത്തത്തോടെ,
അമ്മമ്മ തണുത്ത മുറ്റമുള്ള വീട്ടിലെത്തും.

ബ്ലൗസും കൈലിയും ഉടുത്ത്,
വാതിൽക്കൽ,
കറുത്ത കസേരയിൽ,
ചെമ്പരത്തിയ്ക്കും പാരിജാതത്തിനുമപ്പുറമുള്ള,
മൺപാതയിൽ കണ്ണുംനട്ട് മിനുമിനാന്ന് ഇരിക്കും.

അപ്പോൾ വെയിലെങ്കിൽ,
ആ വെയിൽ ഒരിക്കലും തോരത്തില്ല.
അപ്പോൾ മഴയെങ്കിൽ,
ഭൂലോകം മുങ്ങിപ്പോകും.

രണ്ട്

അന്നും കിച്ചു വന്നു.
വയസ്സൻ ത്വക്കിന്റെ പകുതിയും പൊളിഞ്ഞ്,
കാപ്പിപ്പൊടിചോര കട്ടപിടിച്ചത് നാറി,
ഏതോ ദുഷ്ടൻ കുന്നന്റെ കടിയേറ്റ്,
ഏതോ
അഴുക്കക്കിഴവിയുടെ കല്ലേറ്റ്,
ക്രൂശിതനും, വയസ്സനുമായ കിച്ചു
അമ്മമ്മയുടെ കാലിൽ ഉരുമ്മിക്കറങ്ങും.
പേറ്റുനോവുള്ളൊരു മുയലിനെപ്പോലെ,
പടിയാകെ പൂട പൊഴിക്കും.
കറുത്ത മാറാല പൊടിഞ്ഞ
മൂടി തുറന്ന്,
നനവ് കിനിയുന്ന,
വിയർപ്പ് നാറുന്ന
കുപ്പിയിൽനിന്ന്,
ഉപ്പ് വാരിയിട്ട് അമ്മമ്മ വെള്ളം തിളപ്പിക്കും.
അതിന്റെ ചൂടാറും വരെ
പാതാംപുറത്തെ പല്ലികളെപ്പോലെ
പമ്മിയിരിക്കും.
പിന്നെ, കിച്ചുവിന്റെ മുറിവിൽ ഉപ്പുവെള്ളമൊഴിക്കും.
അപ്പോൾ,
അമ്മമ്മയുടെ മുറിവുകളും,
കിച്ചുവിന്റെ മുറിവുകളും തമ്മിൽ കശപിശ തുടങ്ങും.
"വല്ല വീട്ടിലും ചെന്ന് കേറി,
അവടത്തെ കുന്നമ്മാര്ടെ
കടീം കൊണ്ടോണ്ട് വന്നോളും"
എന്നും,
‘എന്റ കാലം കൂടി കഴിഞ്ഞാ,
തീർന്നു നിന്റ കത’
എന്നും
വലിയ പഞ്ഞിക്കെട്ടിൽ
ബീറ്റാടിൻ മുക്കി,
വയറാകെ പൊതിഞ്ഞ്,
ഒരു നഴ്സിന്റെ വഴക്കത്തോടെ,
അമ്മമ്മ വരിഞ്ഞു ഡ്രസ്സ് ചെയ്യും.
ചെവിത്തുമ്പിൽ,
മരുന്ന് തൊട്ടു തൊട്ടു നീറ്റും.

അപ്പോൾ,
അമ്മമ്മയുടെ കണ്ണിന്റെ അടിയിലത്തെ
ഞരമ്പിൽ നിന്ന്,
പാറക്കെട്ടുകൾ ഉരുണ്ട് മുകളിലേക്ക് കയറും.
അത് തള്ളി താഴെയിടാൻ
ഒരു നാറാണത്തു ഭ്രാന്തനും വരില്ല.

കിച്ചു അപ്പോൾ,
മുതിർന്ന പുരുഷ മനുഷ്യരെപ്പോലെ
ഒരേ പിച്ചിൽ വിളിക്കും,
"അമ്യാാാാാാാാാാാമാാാാവൂഊഊഊ".

മൂന്ന്

ചെറിയ വിറയലുള്ള,
ദുർബലമായ ചൂളം വിളിയുള്ള,
സ്കൂട്ടറിൽ അമ്മയെത്തി.

ചൂളം വിളി നിർത്താതെ,
കാലുകൾ മണ്ണിൽ കുത്തി,
അമ്മ മൺപാതയിൽ നിൽക്കും.

"ഒന്ന് കേറീട്ട് പോടീ മക്കളേ"
അമ്മമ്മയുടെ ദയനീയതയാകെ,
നാണമില്ലാതെ പുറത്തേക്ക് വരും.

‘‘എന്റെ കൈ
ചുള്ളിക്കമ്പ് പോല ആയല്ലേടീ"
വെള്ളം ഞൊടിഞ്ഞ ചോറിൽ,
രസം കോരി വീഴ്ത്തുമ്പോൾ,
കോവയ്ക്ക വിഴുക്ക് വയ്ക്കുമ്പോൾ,
അവർ ചിരിച്ചുകൊണ്ട് ചോദിക്കും.

‘‘വയസ്സാകുമ്പോൾ പിന്നങ്ങനെയല്ലീ അമ്മച്ചീ",
അമ്മ അമ്മമ്മയെ ഓർമ്മയിൽ നിന്ന് പുറത്താക്കും.

"ഇവിടേക്ക എന്തര് നാറ്റം അമ്മച്ചീ"
എന്നും
"ഈ പാത്രത്തിലൊക്ക എന്തരക്കേ,
ഒണങ്ങിപ്പിടിച്ചിരിക്ക്ന്ന്"
എന്നും അമ്മ വാ നനച്ചിറങ്ങും.

"പിള്ളേര്ക്ക്’’
എന്ന് തണുത്താറിയ വടകളുടെ കെട്ട്,
അമ്മമ്മ അമ്മയ്ക്ക് നേരെ നീട്ടും.

ദുർബലമായ ആ ചൂളം വിളി,
അമ്മമ്മയെ കടന്ന്,
അമ്മമ്മയുടെ ജീവിതം കടന്ന്,
കശുവണ്ടി മണക്കുന്ന
അമ്മമ്മയുടെ വിരലുകൾ വിടുവിച്ച്,
അമ്മമ്മയുടെ ബീറ്റാടിൻ
മണക്കുന്ന വീടും മറന്ന്,
അമ്മമ്മയിൽ നിന്ന് വീണ കരിയിലകളും പറപ്പിച്ച്, താഴോട്ട് താഴോട്ട്,
പിന്നെയും താഴോട്ട് തേരിയിറങ്ങും.

നാല്

അപ്പോൾ,
സമയം 5:37 ആയി.

വിളക്ക് നിറച്ച് നല്ലെണ്ണയൊഴിച്ച്,
കൈതൊഴുകും പോലെ തിരിവച്ച്,
അമ്മമ്മ തീ പിടിപ്പിക്കും.

സമയം 6:10 ആവും.
കൈവീശി, അമ്മമ്മ
തീ അണയ്ക്കും.

"കിച്ചൂ, ജ്ജ്, ജ്ജ്, ജ്ജ്....",
എന്ന് അമ്മമ്മ ഉഴറിനടക്കും.
അമ്മമ്മയുടെ മകൻ കിടന്ന്,
വയറു പൊട്ടിച്ചത്ത കട്ടിലിനടിയിൽ നിന്ന്,
ആയിരം വീടുകളിലെ-
മുറിവേറ്റ പൂച്ചകളുടെ ദുർഗന്ധവുമായി,
കിച്ചു വിളക്കിനരികിലെത്തും.
ഒറ്റ വലിയിൽ,
എണ്ണയും തിരികളും അകത്താക്കും.
പ്രാർത്ഥനയെ വിഴുങ്ങിയ ദൈവത്തിന്റെ ലാഘവത്തോടെ,
തിരികെപ്പോയി ഉറങ്ങും.

എലികളും ചേരയും പായുന്ന
മോന്തായങ്ങളിൽ കണ്ണും നട്ട്,
അമ്മമ്മ മിനുമിനാന്ന് കിടക്കും.
അപ്പോൾ എന്തിനെന്നറിയാൻ വയ്യ,
അമ്മമ്മയുടെ കാലുകൾ അങ്ങോട്ടുമിങ്ങോട്ടും
വെറുതെ ആടും.

Comments