അമ്മു വള്ളിക്കാട്ട്

അമ്മമ്മയും അവളും തമ്മിൽ

ർമ്മകൾ തെറ്റിയിരുന്നു
അമ്മമ്മ ശ്രീ കോവിലിൽ ദൈവങ്ങളെ
കണ്ടതായിപ്പോൾ പറയുന്നില്ല.

തേവര വഴി നടന്നപെണ്ണുങ്ങളെല്ലാം
വഴിനീളെ ആമ്പൽപൂക്കൾ പറിച്ചെന്നു
പള്ള് പറയുന്നു.

‘ചെറിയമ്മമ്മേടെ
അമ്പോറ്റിക്കാഴ്ചകൾ’
കുട്ടികൾ കേട്ടുചിരിച്ചു.

80 വർഷക്കാലത്തെ
കരിനാഗത്തെറികൾ
ഇഴഞ്ഞ് നാക്കു നീട്ടി
ഓർമ്മ മുറിച്ചുപുറത്തുവന്നു
പദങ്ങളുടെ തലമുറകൈമാറ്റം.

തുളസിക്കതിർതൻ മാറത്തുനുള്ളിയത്
ത്രിമധുരം കൊണ്ട്
രണ്ടു ചുണ്ടുകൾ നുണഞ്ഞത്
ഉത്സവക്കൊട്ടുകളിൽ
സീൽക്കാരമൊളിപ്പിച്ചത്
കൽമണ്ഡപച്ചൂടുടൽ
തീർത്ഥം തെളിഞ്ഞത്
അർച്ചനചെന്തെച്ചികൾ വേഷ്ടിയിൽ തിരഞ്ഞത്
നിഷിദ്ധമായി പ്രാർത്ഥിച്ചത്
അശുദ്ധമായി പ്രണയിച്ചതൊക്കെയും നിരത്തി

അമ്മയ്ക്കച്ഛൻ
ദ്വന്ദ്വങ്ങളിലെ സ്വാസ്ഥ്യം
പിളരുന്നു
അവൾ കല്ലും ഒരുവൻ ശിൽപ്പിയും
അവൾ മിഴാവും മറ്റൊരുവൻ വാദകനും
രണ്ടിലും കൊണ്ടു
രണ്ടിലും ചിലച്ചു
പുളഞ്ഞുതളിർത്തുനീറി
രണ്ടുവിരികൾ മടക്കി
രണ്ടുകുളിച്ചു
കുറ്റബോധക്കുരുതിക്കളത്തിൽ നിന്നും
പൂമ്പാറ്റകൾ ചിറകടിച്ചു
രണ്ടുപ്പായച്ചുരുട്ടുകൾക്കിടയിൽ നിന്നുമൊരുവൾ
എങ്ങോട്ടെന്നില്ലാതെ പാറുന്നു.


Summary: അമ്മമ്മയും അവളും തമ്മിൽ | അമ്മു വള്ളിക്കാട്ട് എഴുതിയ കവിത


അമ്മു വള്ളിക്കാട്ട്

കവി. ഒമാനിൽ സോഫ്റ്റ്‌വെയർ എൻജിനീയർ. ആദ്യകവിതാ സമാഹാരം പെൺവിക്രമാദിത്യം പേശാമടന്തയും മുലമടന്തയും. ഹൈറോഗ്ളിഫിക്സ് എന്ന ഈജിപ്റ്റ് യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments