അമ്മിണിച്ചേടത്തിയുടെ
പകൽ

നാലേമുക്കാലഞ്ചിനു പാലുംവണ്ടീടെ വിളികേട്ട്,
'യഹോവ എന്റെ ഇടയനാകുന്നു'
എന്ന് കട്ടിലേന്നിറങ്ങാതെ ഒരു പകൽ.

ചുമ്മാ കണ്ണടച്ച് ദൈവത്തിന്റെ കയ്യിൽ കൊടുത്തിട്ട് ഒറ്റ വിളി,
‘പിള്ളേരേ…’

ചാച്ചന്റെ ഷർട്ടേലൊന്നു മുത്തി,
പര്യമ്പുറത്തേക്ക് നടക്കുന്നു.

ഇടവഴിയിൽ ഇണചേരാൻ പോയ മോത്തിപട്ടിയാനോട്,
'വീട്ടിലൊരെണ്ണം ഒള്ളത് പോരേടാ’ന്ന് അയലത്തുകാരൻ തോമസുകുട്ടി കേൾക്കെ ചോദിക്കുന്നു.

‘അവനിതൊരെണ്ണം വേണ്ടതാടീ’ന്ന്‌ കുടുംബശ്രീക്കാരി യെശോട്ടിക്കൊരു ചിരിയിട്ടുകൊടുക്കുന്നു.

സണ്ണി ഡിയോണിയെന്നു അവസാനത്തെ പെൺകൊച്ചു വിളിക്കുന്ന വെള്ളാടിന് കഞ്ഞിവെള്ളം കലക്കുന്നു.

പെണ്ണുമ്പിള്ളേടെ നാക്കിൻ കീഴിൽ
നുറുക്കപ്പെട്ട ഓട്ടുകഷ്ണം പോലെ
പൊടിഞ്ഞു കിടക്കുന്ന മകനോട്,
‘ഇന്നേലും ഒട്ടുപാല് പറിക്കണേടാ’ന്ന് മെരട്ടുന്നു.

‘പള്ളിക്കൂടം നടത്തിയാൽ
പിള്ളേർടെ തന്തയാന്മാര്
കാശ് തന്നെങ്കിലേയൊള്ളൂ,
തന്തയൊണ്ടാക്കിയ ഭൂമി
നോക്കിനടത്തെടാ മക്കളേ’ന്നു
ഉപദേശിയാകുന്നു.

ഉച്ചക്കു പെണ്ണൊരുത്തിക്കു ഫോൺ ചെയ്തു, ‘ഇനിയെപ്പഴാടീ നിനക്കുവേണ്ടി ജീവിക്കുന്നേ?’ന്ന് കലമ്പുന്നു.

തൊട്ടടുത്തു നിൽക്കുന്ന
താറാമ്മ ചേട്ടത്തിയോട്,
‘അവക്കെന്തോരം പണിയാ,
ഒറ്റക്കെന്തെല്ലാം കൊച്ച് ചെയ്യുന്നേന്നറിയാവോ താറാമ്മേ’ന്നൊരു
ചിരി പകുക്കുന്നു.

മുറ്റത്തു തൂറിയതിനു
കോഴിപ്പൂവനു നേരെ
കറിവെയ്ക്കുമെന്നൊരു
ഭീഷണി ചുറ്റിയൊരു
കമ്പെടുത്തെറിയുന്നു.

റൂബി പട്ടിച്ചിക്കു
പോട്ടിക്കറിയോടൊപ്പം
കുടുംബജീവിതം
വിളമ്പുന്നു.

അതിരു മാന്തിയ
നാരായണഞ്ചേട്ടൻ
കാലൊടിഞ്ഞു
കിടപ്പായെന്നു കേൾക്കുമ്പോൾ,
‘സങ്കടങ്ങൾ സകലവും തീർന്നു പോയീ’ന്ന്
മൂളുന്നു.

‘ഈശോ മിശിഹാ’യേന്നു വിളിച്ചു,
സ്വിച്ചിട്ട് ഉമ്മറത്തിരുട്ടിനെ
കല്ലെറിയുമ്പോൾ
വീടിനു നേരമിരുളുന്നു.

പഠിച്ച വൈദ്യങ്ങളെല്ലാം
ചക്കപ്പുഴുക്കിൽ
മുക്കിക്കഴിക്കുന്നു.

കഞ്ഞോളത്തിന്റെ കൊഴുപ്പിനെ
ഏമ്പക്കം കൊണ്ടു തടയുന്നു.

പറയാത്ത പ്രാർത്ഥനകളുടെ
കൈത്താങ്ങലോടെ,
മേത്തമേൽ അപ്പന്റെ വെള്ളമുണ്ടിനുമേൽ അമ്മിണിചേട്ടത്തി
ഉള്ളുറങ്ങാത്തുറക്കങ്ങളിലേക്ക്…

(യെശോട്ടി = യെശോദാ ഏട്ടത്തി (ഏട്ടി)
മലബാറിന്റെ വാക്കുവഴി).


Summary: Amminichedathiyude Pakal, Malayalam Poem written by Emmanuel Mettles published in Truecopy webzine packet 283.


ഇമ്മാനുവേൽ മെറ്റ്ൽസ്

കവി, വിവർത്തക, ചിത്രകാരി. ഇംഗ്ലീഷിലും തെലുഗിലും മലയാളത്തിലും കവിതകൾ എഴുതുന്നു. ലളിതകലാ അക്കാദമിയിലും മാഹി മലയാളകലാ ഗ്രാമത്തിലും എകാംഗ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.

Comments