അമ്മു ദീപ

ഏഴാമത്തെ പ്രേമം

ഒരു മുത്തശ്ശി

കൊന്നപ്പൂവിന്റെ വെളിച്ചം കണ്ണിലേയ്ക്കടിക്കുമ്പോൾ
ജനലടയ്ക്ക് ജനലടയ്ക്ക്
എന്നു കേണിരുന്ന
ഒരു മുത്തശ്ശി ഉണ്ടായിരുന്നു, വീട്ടിൽ

ആലോചന

മുപ്പതു വർഷക്കാലമായി ഞാൻ ആലോചിച്ചു കൊണ്ടേ ഇരിക്കുന്നു
ആമ്പൽപ്പൂവിൻ വാസന
നല്ലതോ ചീത്തതോ എന്ന്

ഓഗസ്റ്റിൽ

മഴയും വെയിലും
മാറി മാറി നിറഞ്ഞല്ലോ
ഓഗസ്റ്റിൽ വിരിഞ്ഞ
മത്തൻപൂവിൽ

മീസാൻ കല്ലുകൾ

മരിച്ചുപോയ പക്ഷികളുടെ
മീസാൻ കല്ലുകളെപ്പോലെ
തോന്നുന്നു

നക്ഷത്രങ്ങൾ

എഴുത്ത്

ആകാശം
എന്താണെഴുതാൻ ശ്രമിച്ചത്?

ഒരു ചന്ദ്രക്കല മാത്രം കാണുന്നു

വയസ്സാങ്കാലത്ത്

വയസ്സാങ്കാലത്ത്
ഞാൻ ഓർക്കുമായിരിക്കും
ഇരുട്ട് പോലെ മുടി ഉണ്ടായിരുന്ന കാലം?

മാർച്ചുമാസം

സൂര്യനിൽ നിന്ന്
ചാടിയിറങ്ങുന്ന സിംഹക്കുട്ടികൾ
മാന്തിപ്പൊളിച്ചല്ലോ
എന്റെ നെറ്റിയും കഴുത്തും

ലീവ്

കാലം കൂടി കടന്നല് കുത്തിയപ്പോൾ
പെട്ടെന്ന് ഞാനൊരു കുട്ടിയായി മാറി
ഓഫീസിൽ ലീവ് പറഞ്ഞു തുള്ളിച്ചാടി

സ്വപ്നം

ഇന്നലെയും ഞാനാ
ഭയാനകമായ സ്വപ്നം കണ്ടു
രോമാവൃതമായ ആകാശം!

പിന്നെയും പിന്നെയും

എത്രയോ വട്ടം കണ്ടിട്ടുള്ള
മുറ്റത്തെ ആ കൂർത്തകല്ലിൽ
പിന്നെയും പിന്നെയും
തട്ടി വീഴുന്നല്ലോ

പുതിയ ജോലി

കുട്ടികളുടെ ഉറക്കപ്പിച്ചുകൾ
എഴുതിയെടുക്കുന്ന ജോലി കിട്ടി
ഇന്നലെ സ്വപ്നത്തിൽ

ആയിരം വട്ടം

കിടക്കയിൽ മൂത്രമൊഴിച്ച കുട്ടിയെ
ഉമ്മ വച്ചു ഞാൻ
ആയിരം വട്ടം

ഏഴാമത്തെ പ്രേമം

സൂര്യന്റെ അകലത്തിൽ
ഞാൻ പരിചരിച്ചു പോന്ന
എന്റെ ഏഴാമത്തെ പ്രേമം
വിജയിച്ചിരിക്കുന്നു.​▮


അമ്മു ദീപ

കവി. കരിങ്കുട്ടി (2019), ഇരിക്കപ്പൊറുതി (2022) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments