ആര്യ ടി.

ആന ... മയിൽ... ഒട്ടകം

മെറൂണിൽ പച്ച ബോർഡറുള്ള ഒരു സാരിയുണ്ടായിരുന്നു എന്റെ അമ്മയ്ക്ക് ...
ആനയുടെയും മയിലിന്റെയും ചിത്രങ്ങൾ
ഭംഗിയായി തുന്നിയ സാരി.

അമ്മയുടുക്കുമ്പോൾ മാത്രം
ആനകളും മയിലുകളും കാടുകൾ കടന്ന് ദൂരദേശങ്ങളിലേക്ക് സവാരി പോകുന്നതായി എനിക്കു തോന്നുമായിരുന്നു ...

അതു പലവട്ടം നോക്കി ഞാൻ പറയും,
ആന, മയിൽ, ഒട്ടകം ...

ഒട്ടകമില്ലാത്തതിന്റെ അപൂർണ്ണതയിൽ
ഞാനതിനെ തിരഞ്ഞ് കടൽ കടന്ന് മരുഭൂമികളിലേക്ക് പോകുമായിരുന്നു...

സ്വപ്നത്തിൽ എപ്പോഴോ എന്റെ അനിയത്തി, തെങ്ങോലകളിലിരുന്ന് വെയിൽ ചവയ്ക്കുന്ന മയിലുകളെ കാണിച്ചുതന്നു.

പകരമായി
ഞാനവൾക്ക്
മുറ്റത്ത് കളിച്ചുരസിക്കുന്ന കുഞ്ഞിക്കിളികളെ കാട്ടിക്കൊടുക്കുന്നു.

'കിളികൾ പറക്കുന്നത്
എനിക്കിനി കാണാനാവില്ല ചേച്ചീ’
എന്നു പറഞ്ഞവൾ സ്വപ്നത്തിലേക്കു പിടഞ്ഞു പറന്നു പോകുന്നു...

അവൾ സ്വപ്നത്തിന്റെയും
ഞാൻ പകലിന്റെയും
രേഖകൾക്കു കുറുകെ
പരസ്പരം കെട്ടിപ്പിടിച്ചു കരയുന്നു.

അമ്മയുടെ സാരിയിലെ മയിലുകൾക്കും ആനകൾക്കുമിടയിൽ ചതുരക്കള്ളികൾ, ഗോപുരങ്ങൾ, കെട്ടുകാഴ്ചകൾ ...

ഞങ്ങൾ ഒരുമിച്ചു കണ്ട മൃഗശാലകൾ,
മേളകൾ, കാർണിവലുകൾ, പൂരപ്പറമ്പുകൾ, വിഷുക്കാലം ....
മാങ്ങച്ചുണയെ മൂടിയ ഉപ്പ്,
മുളക്,
ചീനുള്ളി ...

അവളില്ലായ്മയിൽ മാത്രം
നേരത്തേ വേനലെത്തി
കരിഞ്ഞു കത്തുന്ന
കാടുള്ള വീടിനെ
ഞാൻ പേടിച്ചു തുടങ്ങി ...

അമ്മ സാരി മടക്കി അലമാരയിൽ വെക്കുന്നു ...
ആനകളും മയിലുകളും തിരിച്ചു പോകുന്നു ...


ആര്യ ടി.

കവി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ മലയാള വിഭാഗത്തിൽ ഗവേഷക.

Comments