1)
ഉറങ്ങാൻ പോകും മുമ്പ് ഞാൻ അവൾക്ക് ഒരു പേര് കണ്ടെത്തുന്നു
യുദ്ധം തുടങ്ങി മൂന്ന് മാസങ്ങൾക്ക് ശേഷം അവർ ഒരു കൂട്ടം രക്തസാക്ഷികളെ ഒരു ചെറിയ ആശുപത്രിയിലെ മോർച്ചറി ഫ്രീസറിലേക്ക് കൊണ്ടുവന്നു. അവരിൽ ഒരാൾ ഏഴ് വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. അവളുടെ കയ്യിൽ 'അജ്ഞാത' എന്നെഴുതിയ ടാഗുണ്ടായിരുന്നു. അങ്ങിനെയൊരു മൃതദേഹം ഞാൻ കാണുന്നത് ആദ്യമായിട്ടായിരുന്നു. എല്ലാ ദിവസവും, ഉറങ്ങാൻ കിടക്കും മുമ്പ് ഞാൻ അവൾക്ക് ഒരു പേര് കണ്ടുപിടിക്കുന്നു, അവൾക്ക് ഒരു കഥ വായിച്ചു കൊടുക്കുന്നു. എല്ലാ രാത്രിയിലും അവളുടെ അടഞ്ഞ കണ്ണുകൾ ഞാൻ കാണുന്നത് ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
2)
കാമിലിന്റെ പുസ്തകത്താളുകൾ
ഈ വർഷം ഹൈസ്കൂൾ സീനിയർ ക്ലാസിൽ ഒന്നാം സ്ഥാനം നേടുമായിരുന്ന കാമിൽ അവന്റെ കുടുംബം റഫയിലേക്ക് താമസം മാറി നാല് മാസങ്ങൾക്ക് ശേഷം കൊല്ലപ്പെട്ടു. പിന്നീട് അവന്റെ പുസ്തകങ്ങൾ ഉപയോഗിച്ച് അവന്റെ ഉമ്മ തീ കത്തിക്കുകയും റൊട്ടി ചുടുകയും ചെയ്തു. പുസ്തകത്തിന്റൈ പേജ് കീറുമ്പോഴെല്ലാം അവൾ അവനെ ഓർമ്മിച്ചു: 'അവന് ഈ ക്ലാസ് വലിയ ഇഷടമായിരുന്നു, അവൻ ഈ ക്ലാസിനെ സ്നേഹിച്ചിരുന്നു. ഈ വിഷയത്തോടും അവന് വലിയ സ്‌നേഹമായിരുന്നു'. ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ അവൾ ഇങ്ങിനെ പിറുപിറുത്തു കൊണ്ടിരിക്കും. പിന്നീട് അവൾ അപ്പക്കഷണം പുറത്തെടുക്കും. ദീർഘനേരം അത് നോക്കി കരയും. ആ അപ്പക്കഷണത്തിൽ വീഴുന്ന അവളുടെ ചുടുകണ്ണീർ ഈ ലോകം മുഴുവൻ തകർന്നു എന്നതിന്റെ പ്രഖ്യാപനമാണ്.
3)
എന്റെ നെറ്റിയിലുണ്ട്, വീടില്ലാത്തവന്റെ അടയാളം
സമയം പുലർച്ചെ ഒരു മണി.
ഞാൻ സന്തുഷ്ടൻ,
ഒരു സാധാരണ ദിനം
കൂടി കടന്നു പോവുകയാണല്ലോ.
ഞാൻ ഉണർന്നതും ഇനി
ഉറങ്ങാൻ പോകുന്നതും
ഒറ്റക്കാണ്.
ഇന്നും ആലിംഗനങ്ങളില്ല.
പക്ഷെ, മനസ്സമാധാനമുണ്ട്.
ഞാൻ ലോകത്തോട് പറയുന്നു:
ഒന്നിലും ഒരു വ്യത്യാസവുമില്ല.
എല്ലാം നിങ്ങളുടെ ഇഷ്ടം പോലെയാക്കുക.
പക്ഷികളോടൊപ്പം ഞാൻ ഉണരുന്നു.
നായ്ക്കളുടെ അരികിൽ ഉറങ്ങുന്നു
ചൊറിയുള്ള തെരുവ് പൂച്ചയെ
ഞാൻ പരിപാലിക്കുന്നു.
ഇളം മാനുകൾ സ്വമേധയാ
മുന്നോട്ട് വരുന്നു.
കവിതകൾ ഓടിപ്പോകാതെ
കുറ്റിയിൽ കെട്ടിയിട്ട പോലെ
അവിടെ നിൽക്കുന്നു.
എനിക്ക് ഒരു വിദേശിയുടെ എല്ലാ
സവിശേഷതകളുമുണ്ട്.
അല്ലെങ്കിൽ പ്രവാസത്തിലുള്ള
ഒരു അപരിചിതന്റെ അടയാളങ്ങളുണ്ട്.
എന്റെ നെറ്റിയിൽ വീടില്ലാത്ത
ഒരു മനുഷ്യന്റെ മുദ്ര
ഞാൻ സൂക്ഷിക്കുന്നു.
ചിരിക്കുമ്പോൾ ഞാനൊരു പിശാച്.
കരയുമ്പോൾ ഒരു പുഴു.
തെരുവ് കച്ചവടക്കാർക്കും
ശുചീകരണത്തൊഴിലാളികൾക്കും
എന്നെ അറിയാം.
എന്റെ വസ്ത്രങ്ങൾ
വൃത്തിഹീനം.
പോക്കറ്റിന് തുളകൾ.
പച്ചക്കറിച്ചന്തയും
സാധനങ്ങൾ വാങ്ങാൻ
വരുന്നവരുമാണ്
എന്റെ തലയിൽ.
എന്റെ ഹൃദയത്തിൽ
എല്ലായ്‌പ്പോഴും
ഒരു സൗജന്യ പഴം
ഞാൻ സൂക്ഷിക്കുന്നു.
എനിക്ക് ഒരിടവുമില്ല.
ഒരു ഭൂപടവും നല്ലതല്ല.
എന്റെ വീട്
ഞാൻ വിട്ടു പോയവളുടെ
പാപങ്ങളാൽ നിർമ്മിതം.
അതിനുള്ളിൽ
ഞാനൊറ്റക്കിരുന്ന് പാടുന്നു,
ഒറ്റക്കുറങ്ങുന്നു.
ഞാനാരേയും സ്വപ്നം കാണുന്നില്ല.
ഞാനാരേയും ഓർക്കുന്നില്ല.
ഒറ്റക്കണ്ണൻ പൂന്തോട്ടക്കാരൻ
എനിക്ക് പ്രവാചക സൂക്തം
ഓതിത്തരട്ടെ.
അയാളുടെ പുകമൂടിയ
കണ്ണുകൾ എന്നെ
കാണട്ടെ.
കുട്ടിക്കാലത്ത് കയറിയ
മരം ഞാനിപ്പോൾ സ്വപ്നത്തിൽ കാണുന്നു.
ഈ പാമ്പുകൾക്കൊപ്പം കളിക്കാൻ
ലക്ഷക്കണക്കിന് കൈകൾ വേണം.
വംശനാശം വന്ന ഒരു പ്രാണി
എന്നെ ആഘോഷിക്കുന്നു.
എന്റെ പരമ്പര ആരംഭിക്കും മുമ്പ് തന്നെ
അവസാനിച്ചതായി
സ്വപ്‌നം എനിക്കു കാണിച്ചു തരുന്നു.
4)
മരിക്കേണ്ടി വന്നാൽ
ഞാൻ മരിച്ചാലും നീ ജീവിക്കണം.
എന്റെ കഥ പറയാൻ
എന്റെ സാധനങ്ങൾ വിൽക്കാൻ
ഒരു തുണിക്കഷ്ണം വാങ്ങാൻ
ചില ചരടുകൾ വാങ്ങാൻ
(നീണ്ട വാൽ ഉപയോഗിച്ച് അത് വെളുത്തതാക്കുക).
ഗാസയിലെവിടെയോ ഒരു കുട്ടി
സ്വർഗത്തെ നോക്കിയിരിക്കുമ്പോൾ
തീയിൽ വെന്ത ഉപ്പയെ കാത്തിരിക്കുമ്പോൾ
ആരോടും വിടപറയാതെ
തന്റെ മാംസത്തോട്,
താേട് പോലും വിടപറയാതെ
ഞാൻ കടന്നു പോകും.
താങ്കൾ നിർമിച്ച എന്റെ പട്ടം
മുകളിൽ പറക്കുന്നത് കാണുമ്പോൾ
ഒരു മാലാഖ അവിടെ ഉണ്ടെന്ന്
ഒരു നിമിഷം ചിന്തിക്കുന്നു.
ആ ചിന്ത സ്‌നേഹം
തിരികെ കൊണ്ടുവരുന്നു
ഞാൻ മരിച്ചാൽ
അതൊരു പ്രതീക്ഷയാകട്ടെ.
അതൊരു കഥയാകട്ടെ.
പരിഭാഷകന്റെ കുറിപ്പ്: അനീസ് ഗാനിമ ഗാസക്കാരനാണ്. ഇസ്രായേൽ തുടരുന്ന വംശഹത്യയുടെ പല ഘട്ടങ്ങളിലും അദ്ദേഹം ഗാസക്കാരുടെ ജീവിതം കവിതകളിലൂടെ ആവിഷ്ക്കരിച്ചു. രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ന് അന്താരാഷ്ട്ര വിവർത്തന ദിനത്തിൽ ഈ കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ഗാസ ഐക്യദാർഡ്യത്തിൽ പങ്കാളിയാകുന്നു. 2024ലും ഈ വർഷം തുടക്കത്തിലും കവിതകളുമായി അദ്ദേഹം ലോകത്തെ അഭിസംബോധന ചെയ്തിരുന്നു. എന്നാൽ കുറച്ചു നാളുകളായി അദ്ദേഹത്തിന്റെ കവിതകളും എഴുത്തും കാണുന്നില്ല. ഗാസയിലെ വീട് ബോംബാക്രമണത്തിൽ അദ്ദേഹത്തിന് നഷ്ടമായതായി റിപ്പോർട്ടുണ്ടായിരുന്നു. വെബ് ഡിസൈനർ/കണ്ടന്റന്റ് റൈറ്റർ എന്ന നിലയിൽ ജോലി ചെയ്തിരുന്നു.
