കടൽക്കാക്കകൾ കരയും മുമ്പേ
കടലിൽ വെട്ടം വീഴും മുമ്പേ
വിരുന്നിനെത്തിച്ചതിച്ച വെള്ള-
ച്ചരിത്രമെഴുതിയൊരാളാണ്
പുറത്തുകാണുന്നതിന്നുമങ്ങേ-
പ്പുറങ്ങൾ തേടിയൊരാളാണ്
കുതിച്ചു ചോരയ്ക്കൊഴുകാനുള്ളിൽ
ഞരമ്പു തീർക്കുന്നതുപോലെ
തടുത്തു വെള്ളം നിർത്താൻ വയലിൽ
വരമ്പു വയ്ക്കുന്നതുപോലെ
എഴുത്തുമൊഴികൾ കൊച്ചീക്കരയുടെ
പരുത്ത നാവിൽ ചേർത്തോനേ
മനുഷ്യവസ്തുവിൽ നിന്നും നാരുക-
ളെടുത്തു കെട്ടുക പണ്ടേപ്പോൽ
അകത്തുനിന്നും വിള്ളലുവീഴും
നിറഞ്ഞ കപ്പലിലല്ലേ നാം
നെൽസൺ ഫെർണാണ്ടസ് കൊച്ചീക്കരയുടെ സ്വന്തം എഴുത്തുകാരനാണ്. മെഹ്‌ബൂബ് പാടി അനശ്വരമാക്കിയ അനേകം പാട്ടുകൾക്ക് വരികൾ കുറിച്ച, നാടകകാരനും തൊഴിലാളി സംഘടനാ പ്രവർത്തകനും കൂടിയാണ്. അദ്ദേഹം അഞ്ഞൂറോളം പാട്ടുകൾ എഴുതിയിട്ടുണ്ട്. നൂറിലധികം നാടകങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹമെഴുതി മെഹ്‌ബൂബ് ഈണമിട്ട കടൽക്കാക്കകൾ കരയും മുൻപേ എന്നു തുടങ്ങുന്ന പ്രസിദ്ധമായ പാട്ടിന്റെ വരികളിൽ തുടങ്ങി, അദ്ദേഹത്തിന്റെ തന്നെ പാട്ടുശൈലി അനുവർത്തിക്കുകയാണ് ഈ കവിത. എൺപതു കഴിഞ്ഞ അദ്ദേഹം എഴുതിയിട്ട് ഏറെ നാളുകളായി, പക്ഷെ ഇന്നും സംഘടനാപ്രവർത്തനം തുടരുന്നു. അൻപത്തെട്ടിൽ പാർട്ടിവിരുദ്ധമെന്ന് കരുതപ്പെട്ട നാടകത്തിൽ പാട്ടെഴുതിയപ്പോൾ പാർട്ടി അദ്ദേഹത്തെ വിളിപ്പിച്ചു ശകാരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: അതൊരു പ്രേമഗാനമല്ലേ സഖാവേ, പ്രേമത്തിനുണ്ടോ പാർട്ടിയും വിരുദ്ധതയും!