അയനം
ഋതുക്കള്‍ മാറുന്നത്
നിന്റെ ചുറ്റും എന്റെ അയനം കൊണ്ടെന്നറിയാന്‍
ഒരു പ്രണയകാലം തുടങ്ങേണ്ടിവന്നു.
ദരിദ്രദൈവം
ഇരുപത് കടക്കും മുന്നേയായിരുന്നു പ്രതിഷ്ഠ.
പണിയെടുത്തുടഞ്ഞിട്ടും കേറിച്ചെല്ലാനിടമില്ലാത്ത
മുപ്പത്തഞ്ച് കഴിഞ്ഞ ദരിദ്രദൈവം,
കഴുത്തില്‍ കെട്ടിയ കുരുക്കിറുക്കി സമാധിയായി.
വിഷാദോന്മാദിനി
തന്നെ ഹൃദയമായി കരുതുന്ന
മറുപാതിയെ കുത്തിമലര്‍ത്തിയിട്ടാണ്
അവള്‍ വിഷാദത്തിന്
മുമ്പില്‍ മടിക്കുത്തഴിച്ചത്.
കിണറൊരു വിദൂര സംവേദന ഉപഗ്രഹമാണ്
ആകാശത്തിലേക്ക് തിരിച്ചുവെച്ചിരിക്കുന്ന
കണ്ണുകൊണ്ട് അത് ഋതുഭേദങ്ങളെ കാണിച്ചുതരുന്നു.
ഒരു സാധനം വെച്ചിടത്ത് നോക്കിയാല്‍ കാണില്ലെന്ന് കൂവുന്നയച്ഛനും വെച്ചിടത്ത് നോക്കൂ എന്നരിശപ്പെടുന്നയമ്മയും
കാണാതെ പോയെന്ന് കരുതുന്ന സാധനങ്ങള്‍സങ്കടം സഹിക്കാനാവാതെ വീട്ടീന്ന് ഇറങ്ങിപ്പോയതാവാം,
എന്ന സാധ്യതയെ എന്തിനാണ് നാം
സ്വാഭാവിമെന്നോണം തള്ളിക്കളയുന്നത്.
