നിഷി ജോർജ്ജ്

അന്നച്ചേട്ടത്തി

ദേശത്തെ
പ്രധാന ചട്ടമ്പികളിലൊരുവളായിരുന്നു
അന്നച്ചേട്ടത്തി.
ചട്ടമ്പിച്ചേട്ടത്തി എന്ന്
അഭ്യുദയകാംക്ഷികളായ പൊതുജനം
അവളെ
അവൾ കേൾക്കാതെ വിളിച്ചിരുന്നു.
എളിയിലെപ്പോഴും
ഒരു പിച്ചാത്തി അവൾ കരുതിയിരുന്നു .
വെറുതെ ചൊറിയാനും മുട്ടാനും
വന്ന ചിലർക്ക് നേരെ
അതെടുത്തു വീശിയിട്ടുണ്ടെന്നതൊഴികെ
അവളൊരു ക്വട്ടേഷൻ ടീമിലും
അംഗമായിരുന്നില്ല.

അനാഥയായ ഒരുവളെ എടുത്തു പോറ്റിയവർ
അധികമായി കാണിച്ച കരുണകൊണ്ട് വശംകെട്ടാണ്
പതിനഞ്ചാം വയസ്സിൽ അവൾ
കന്യാസ്ത്രീയാവാൻ പോയത്.
ജീവിതത്തിലൊരിക്കലും കിട്ടാത്ത
പരിഗണന
അവിടെ ഒരുവനിൽ നിന്ന് കിട്ടിയതിനാലാണ്
ഇരുപത്തഞ്ചാം വയസ്സിൽ അവൾ
അവിടെ നിന്ന് ചാടിയത്.
അനാഥത്വമാണ്​
ഭൂമിയിലേക്കും വെച്ച്
ഏറ്റവും വലിയ സങ്കടമെന്ന്
അതിനുശേഷമാണവളറിഞ്ഞത്.
കൂടെ ആരോ ഉണ്ടെന്ന തോന്നലിൽ നിന്ന്
ഊർന്നു വീഴാൻ തുടങ്ങിയപ്പോഴാണ്
കൂടെയാരുമില്ലെന്നവൾക്കുറപ്പായത്.
ഇനി അത്ഭുതങ്ങളൊന്നും
ജീവിതത്തിൽ സംഭവിക്കാനില്ലെന്ന്
ഉറപ്പായതോടെ
കരച്ചിൽ, തേങ്ങൽ, നെടുവീർപ്പ് ,വിഷാദം
എന്നിങ്ങനെ ഒച്ച കുറഞ്ഞു കുറഞ്ഞു വന്ന
അവളുടെ സങ്കടം
ഒരുനാൾ
കാരണമൊന്നുമില്ലാത്തൊരു സന്തോഷത്തിലേക്ക്
പടികയറാൻ തുടങ്ങി.

ഞാനൊന്നു പറയട്ടെ
കാരണമൊന്നുമില്ലാതെ സന്തോഷിക്കുന്ന
ഒരുവളെ ആർക്കും പിടിച്ചു നിർത്താനാവില്ല .
ആർക്കുമവളെ തളർത്താനോ
തകർക്കാനോ കഴിയില്ല .
അവളെങ്ങനെ എവിടെ മുളയ്ക്കുമെന്നോ
പടരുമെന്നോ വിരിയുമെന്നോ
ആർക്കും പറയാനാവില്ല.
അവൾ തന്നെതന്നെ സ്‌നേഹിക്കയാൽ
നിറഞ്ഞു കവിഞ്ഞ്
ഒഴുകാൻ തുടങ്ങി.
അവളുടെ കെട്ടിയവൻ
എത്ര അണകെട്ടിയിട്ടും
ആ ഒഴുക്ക് നിലച്ചില്ല .
വീട്ടിൽ നിന്ന് പുറത്തായതോടെ
അവൾ നാടു മുഴുവൻ കറങ്ങി നടന്നു.
രാത്രി വീടിന് പുറത്തിറങ്ങിയ പലരും
റോഡിലൂടെ ബീഡിവലിച്ച് പോകുന്ന
അന്നച്ചേട്ടത്തിയെക്കണ്ടു.
ചിലർക്ക് പേടിച്ച് പനി പിടിച്ചു.

രാത്രി കാലങ്ങളിലവൾ
സെമിത്തേരിയിൽ
പാട്ടു പാടിയിരിക്കാറുണ്ടായിരുന്നു
എന്ന് പറഞ്ഞു കേട്ടപ്പോൾ
ഞാൻ അയച്ച വൗ സ്‌മൈലി
അവളിലേക്കെത്തും മുമ്പ്
അവൾ മരിച്ചു പോയിരുന്നു.

ഡോക്ടർ വാട്‌സനും ഷെർലക് ഹോംസും
ഒരേ മുറിയിലല്ല
ഒരേ ശരീരത്തിലാണ് താമസം.
എന്നിരുന്നാലും
ഡോക്ടർ വാട്‌സൺ പലപ്പോഴും
ഷെർലക് ഹോംസിനെ കാണാറില്ല.
നിങ്ങൾ നിങ്ങളിലെ
വലിയ നിങ്ങളെ കാണാത്തതുപോലെ.

ഭാവനയും ബുദ്ധിയും
പരമാവധിയായി നീട്ടിയെടുത്ത്
അസാധ്യതകളെ സാധ്യതകളാക്കുന്ന,
സൂചനകളിൽ നിന്ന്
സത്യത്തെ തേടിപ്പോകുന്ന ,
പല കാലങ്ങളിലും
പല സമയങ്ങളിലും
ജീവിക്കുന്ന,
മറ്റൊരു നിങ്ങൾ നിങ്ങളിലെല്ലാമുണ്ട്.
ചിലപ്പോളയാൾ നിങ്ങൾക്കുള്ളിൽ
ഉറങ്ങുകയാവും .
ശ്രദ്ധിച്ച് വെച്ച സൂചനകളിൽ
തെളിഞ്ഞു വന്ന സത്യത്തെക്കണ്ട്
നിങ്ങൾ അത്ഭുതപ്പെടുന്ന ഒരു ദിവസം
നിങ്ങൾ അയാളെ കണ്ടെത്തും .

നമ്മളെക്കാൾ വലിയൊരു നമ്മളിൽ
നമ്മളെ ഉയർത്തി നിർത്തി ജീവിക്കുക
എന്നതിലാണ്
ആനന്ദത്തിന്റെ സ്ഥിരത.
നമ്മളെക്കാൾ വലിയ നമ്മളായി
നമ്മളിരുവരും
പരസ്പരം കണ്ടെത്തുന്നതിലാണ്
പ്രണയത്തിന്റെ ആനന്ദമെന്നതു പോലെ...

എന്നിലുള്ള വലിയ എന്നെ
ഞാൻ എപ്പോഴെങ്കിലുമേ
കാണാറുള്ളു.
പലപ്പോഴും
ഞാനുറങ്ങുമ്പോളാണ്
എന്നിലെ ഷെർലക് ഹോംസ്
ഉണരുന്നത് .
അയാൾ മഞ്ഞുമൂടിയൊരുവഴിയിലൂടെ
സൂചനകളിൽ നിന്ന് സൂചനകളിലേക്ക്
നടക്കും.
വലിയ മരങ്ങളെ
തൊട്ടു തൊട്ടു പറക്കും.
ഉയരങ്ങളിൽ നിന്ന്
താഴേക്ക് ചാടും.
പാതി വഴിയിൽ ചിറകുമുളച്ച്
പുഴയിലേക്ക് പറന്നിറങ്ങും.
കടലാസ് തോണിയാവും.
തീരത്തണഞ്ഞ്
പൊടിമണ്ണ് പറക്കുന്നൊരു വലിയ
കയറ്റത്തിലൂടെ വണ്ടിയോടിക്കും .
ഞാനിന്നേവരെ കണ്ടിട്ടില്ലാത്ത
മനുഷ്യരിൽ നിന്ന്
തെളിവുകൾ ശേഖരിക്കും .
വലിയ മരത്തെപ്പോലെ
മഴ നനഞ്ഞ് നിൽക്കും.
ഞങ്ങൾക്കിരുവർക്കും കൂടെ
ഒരു ശരീരമായതിനാൽ
എനിക്ക് തണുക്കും .
ഞാൻ പുതപ്പു വലിച്ച് എന്നെ മൂടും.
ഓർമ്മ കൊണ്ട് എത്ര ശ്രമിച്ചാലും
എനിക്ക് ഉറക്കത്തിന്റെ വാതിലുകൾ
തുറക്കാൻ കഴിയില്ല.
മഴക്കാലത്ത് തുറക്കാൻ
മടിക്കുന്ന വാതിലുകൾ പോലെ
സത്യം വെളിപ്പെടാതെ നിൽക്കും .
ഷെർലക് ഹോംസ് മറഞ്ഞു പോകും. ...

ഒരുപാട് മുറികളുള്ള
പഴമ മണക്കുന്ന ഒരു വീട്ടിലൂടെ
അയാൾ ഭൂതക്കണ്ണാടിയുമായി നടക്കും.

പല അടുപ്പുകൾ
തലയിൽ കലങ്ങൾ വെച്ച്
അവിടെ കത്തി നിൽക്കുന്നുണ്ടാവും.

ആ വീടിനുള്ളിലെ
അസംഖ്യം വളവുകളിലും തിരിവുകളിലും
ഏതോ ഒന്ന്
സത്യത്തിലേക്കാണെന്ന്
ഞാൻ കരുതും.
ഒരു പുതിയ വീട്ടിലാണ്
ഞാൻ എത്തിച്ചേരുക .
മുകളിലും വശങ്ങളിലുമെല്ലാം
വെളുപ്പ്.
വലിയ ശവകുടീരം പോലെ
വാതിലുകളോ ജനാലകളോ
ഇല്ലാത്ത മൗനം .
ശ്വാസം മുട്ടിപ്പിടയുമ്പോൾ
കൈയിലൊരദൃശ്യവാതിലിന്റെ
കൊളുത്തു തടയും .
അതിലൂടെ നൂണ് കേറി
ഇരുട്ടു കത്തിച്ചു വെച്ചൊരിടത്തെത്തും .
ഏറ്റവും മനോഹരമായ എന്തോ ഒന്ന്
ഞാൻ അവിടെ കാണും.
സത്യത്തെ കണ്ടെത്തി എന്ന്
എന്റെ ഹൃദയം പടപടാ മിടിക്കും .
എന്നാൽ ഇരുട്ട് എന്നെ പുറത്തേക്ക് തള്ളും.
ഷെർലക് ഹോംസിനെ കാണാതാവും.
ഉണരുമ്പോൾ വീണ്ടും ഓർമ്മിക്കുന്നതിനായി
ഞാനൊരു താക്കോൽ വാക്ക്
ആ വെളുത്ത ഭിത്തിയിൽ
കുഴഞ്ഞു പോകുന്ന
കൈകൊണ്ടെഴുതും.
പല സ്വപ്നങ്ങളിലും
ഞാനതേ വഴി പോയി
അത് വായിച്ചെടുക്കാൻ നോക്കും .
സാധിക്കാറില്ല.
ഞാൻ ഡോക്ടർ വാട്‌സൺ മാത്രമാവും
ചില നിഗൂഢതകളെ
അഴിച്ചെടുക്കാനാവാതെ ഉണരും.

നിങ്ങളിലെ ഷെർലക് ഹോംസ്
ആ വെളുത്ത വീട്ടിൽ
എന്നെങ്കിലും എത്തിപ്പെട്ടാൽ
വലതുവശത്തെ
ഭിത്തിയിലൊന്ന് സൂക്ഷിച്ച് നോക്കണേ.
സത്യത്തെ കണ്ടെത്തണേ.

എന്നിലെ
ഷെർലക് ഹോംസ്
മുറിവിട്ട് പോയിരിക്കുന്നു.
അയാളെ കുറേയായി ഞാൻ കാണാറേയില്ല.
​▮


നിഷി ലീല ജോർജ്

കവി, എഴുത്തുകാരി, അധ്യാപിക. മഴയുടെ വെബ്സൈറ്റ് സന്ദർശിക്കുന്ന ആകാശം, മണിക്കൂർ സൂചിയുടെ ജീവിതം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments