പ്രായപൂർത്തിയായവന്റെ ശനിയാഴ്ച രാവ്; ആൻ കാർസന്റെ കവിതകൾ

കനേഡിയൻ കവി, വിവർത്തക, ഗ്രീക്ക് റോമൻ സാഹിത്യ പണ്ഡിത, അധ്യാപിക എന്നീ നിലകളിൽ അറിയപ്പെടുന്ന ആൻ കാർസൺ 2020ലെ നോബൽ സമ്മാനത്തിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. പുരാതന ഗ്രീക്ക് റോമൻ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. കൃതികളിൽ കവിത, കഥ, ലേഖനം, ചെറുകഥ എന്നിങ്ങനെ വിവിധ സാഹിത്യ രൂപങ്ങളുടെയും, വിഷയങ്ങളുടെയും മനോഹരമായ സംയോജനം ദൃശ്യമാണ്. ഫ്ളോട്ട്, ഓട്ടോബയോഗ്രാഫി ഓഫ് റെഡ്, ഷോർട് ടോക്ക്സ് എന്നിവ പ്രധാന കവിതാകൃതികൾ. എലെക്ട്ര ഗ്രീക്കിൽനിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. സാഫോയുടെ കവിതകൾ, ഒരെസ്റ്റിയ എന്നിവയുടെയും പരിഭാഷ നിർവഹിച്ചു. ലാനൻ സാഹിത്യ പുരസ്‌കാരം, പുഷ്‌കർട് പ്രൈസ്, ദി ഗ്രിഫിൻ കവിത പുരസ്‌കാരം തുടങ്ങിയവ നേടി

പ്രായപൂർത്തിയായവന്റെ ശനിയാഴ്ച രാവ്

വർ ഞങ്ങളെ ഇഷ്ടപ്പെടണമെന്ന് ഞങ്ങൾ ശരിക്കും ആഗ്രഹിക്കുന്നു. അത് ഭംഗിയായി നടക്കണമെന്ന് ഞങ്ങൾ ആശിക്കുന്നു. ഞങ്ങൾ നല്ലവണ്ണം വസ്ത്രം ധരിച്ചിട്ടുണ്ട്. അവർ ഒതുക്കമുള്ളവരാണ്, കലാകാരന്മാർ, നിസ്സന്ദേഹികൾ, ചണതുണികൾ. വേനൽക്കാലത്തിന്റെ തുടക്കമാണിത്, തപ്തമായ ആദ്യത്തെ വാരാന്ത്യം. ഞങ്ങൾ തെരുവിൽ കണ്ടുമുട്ടുന്നു, ചുംബനങ്ങളോടെ കൂടിക്കുഴയുന്നു, ഞങ്ങൾ എത്താൻ വൈകിയോ? അവർ വൈകിയിരുന്നു, തിരികെ പോരാമെന്നു പകുതി തീരുമാനിച്ചിരുന്നു ഞങ്ങൾ, ഇപ്പോൾ ഓ ശരി. തെരുവിന്​ അപ്പുറമുള്ള ആ സ്ഥലം, എപ്പോഴെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ? ഒരിക്കൽ ഞങ്ങൾ അവിടെ പോയതായോർക്കുന്നു, അടച്ചു എന്ന് തോന്നുന്നു, തുറന്നിരിക്കുന്നു എന്ന് പറയുന്നുണ്ട്, ശരി. ആളുകൾ പുറത്തേക്കുവരുന്നുണ്ട്. കൊള്ളാം. ഓക്ക് മരത്തിൽ പണിത ഉൾഭാഗത്ത് ഇരുട്ടും കുളിർമയുമുണ്ട്. അവർക്ക് ഉടമസ്ഥനെ അറിയാമെന്നു തോന്നുന്നു. അയാൾ പുഞ്ചിരിച്ച് ഞങ്ങളെ അകത്തേക്ക് കൊണ്ടുപോവുന്നു, ഞങ്ങൾ ഇരിക്കുന്നു. പെട്ടെന്ന് രണ്ടു കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്, ഒന്നാമത്, ശബ്ദം സഹിക്കാൻ കഴിയുന്നില്ല എന്നും രണ്ടാമത്, ഞങ്ങൾ രണ്ടു കൂട്ടർക്കും അവസരം മുതലാക്കാൻ പറയാൻ മാത്രം അടുപ്പമില്ല എന്നും. ഞങ്ങളുടെ ഹൃദയങ്ങൾ തകരുന്നു. ഞങ്ങൾ ചൂണ്ടിക്കാണിച്ച് വേണ്ട ഭക്ഷണം ആവശ്യപ്പെടുകയും മേശക്കിരുപുറവും നിന്നു ഓരോ അലർച്ചക്കൂട്ടത്തിലേക്കു ചേരുകയും ചെയ്യുന്നു. അവനും അവളും ക്ഷീണിതരായി കാണപ്പെടുന്നു, പകൽ മുഴുവൻ കലാപ്രവർത്തനത്തിൽ ഏർപ്പെടുകയും പിന്നെ പുതിയ കുഞ്ഞും കാരണം (എന്ന് ഞാൻ കരുതുന്നു). ഭക്ഷണമാണ് ഭാഷണം എന്ന രീതിയിൽ ഞങ്ങൾ അവധാനതയോടെ ആഹാരം കഴിക്കുന്നു. ഞങ്ങൾ അപ്പം കൈമാറി കൊണ്ടിരുന്നു. എനിക്ക് മുള്ളു കളയാതെ മത്സ്യം കൊണ്ടുവരുന്നു. അലർജി ആണെന്ന് അഭിനയിച്ച്, ഞാൻ മൂക്ക് പിഴിയുന്നു. അവസാനം ആരോ പണം കൊടുക്കുകയും ഞങ്ങൾ തെരുവിലേക്കു രക്ഷപ്പെടുകയും ചെയ്യുന്നു. എന്തോ കാരണം കൊണ്ട് ഞാൻ പുറത്തു മഞ്ഞ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഒന്നുമില്ലായിരുന്നു. ഐസ്‌ക്രീം കഴിക്കാൻ പോകേണ്ട എന്ന് തീരുമാനിച്ച് ഞങ്ങൾ പിരിയുന്നു, കുറച്ചധികം തകർന്ന്. പ്രായപൂർത്തിയായവന്റെ ശനിയാഴ്ച രാവ്, അപ്പോൾ ഇതാണത്. നിക്കും നോറയും ആയാലെന്ത് എന്ന് ഞങ്ങൾ ചിന്തിക്കുന്നു, അവരുടെ വലിയ ഉടുപ്പിട്ട അവ്യക്തരായ സുഹൃത്തുക്കളല്ലാതെ. ഞങ്ങളുടെ ആത്മാവിനുള്ളിലെ കാതുകൾ കൊട്ടിയടക്കുന്നു. പക്ഷെ അത് അപ്രകാരം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം.

ഗെയ്ഷയെക്കുറിച്ച് ഒരു ഹ്രസ്വഭാഷണം

ഗെയ്ഷ, ലൈംഗികത എന്നിവ എക്കാലവും സങ്കീർണമായ ഒരു പ്രശ്നം ആണ്. ചിലർ ചെയ്യുന്നു, ചിലർ ചെയ്യുന്നില്ല. യഥാർത്ഥത്തിൽ നിങ്ങൾ മനസ്സിലാക്കുന്നത് പോലെ, ആദ്യ ഗെയ്ഷകൾ പുരുഷന്മാർ (വിദൂഷകർ,ചെണ്ടക്കാർ) ആയിരുന്നു. അവരുടെ അപായകരമായ ചിലപ്പുകൾ അതിഥികളെ ചിരിപ്പിച്ചു. പക്ഷെ 1780 ഓടുകൂടി ഗെയ്ഷക്ക് സ്ത്രീ എന്ന അർത്ഥമാവുകയും ആകർഷണീയമായ ചായസൽക്കാരസ്ഥാപനങ്ങൾ സർക്കാർ നിയന്ത്രണത്തിലാവുകയും ചെയ്തു. കലാകാരന്മാർ ആയിരുന്ന ചില ഗെയ്ഷകൾ സ്വയം വെളുപ്പ് എന്ന് വിളിച്ചു. പൂച്ച, മൊന്ത എന്നിങ്ങനെ വിളിപ്പേരുള്ള മറ്റു ചിലർ എല്ലാ രാത്രികളിലും വിസ്തൃതമായ നദീതടത്തിൽ വെളുപ്പിന് അപ്രത്യക്ഷമാവുന്ന കൂടാരങ്ങൾ കെട്ടി. പ്രധാന കാര്യം മോഹിക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതാണ്. കിടക്കക്ക് നീളം കൂടിയാലും, വളരെ നീണ്ട രാത്രിയെങ്കിലും , നിനക്കുറങ്ങാൻ ഇടം ഇവിടെയോ, അവിടെയോ എങ്കിലും, ഉള്ളംകൈയിൽ ഒരു തക്കാളിയുമായി അവൾ വരുന്നത് കാത്തിരിക്കാൻ ഒരാൾ, പുല്ലും ഇളകുന്നുണ്ട്.

Comments