ഒന്ന്:
ശ്വാസം
ഡിസംബർ മാസത്തിലെ ഇരുട്ടിനും വെളിച്ചത്തിനുമിടയിൽ
മിണ്ടാപ്രാണികൾക്കൊപ്പം
മനുഷ്യരും കീടങ്ങളായ്
രൂപാന്തരപ്പെട്ടു കൊണ്ടിരുന്നു.
തണുപ്പ് തുന്നിയ മൺപായയിൽ
മലർന്നും കുമ്പിട്ടും ചുരുണ്ടും
കിടന്നു പോയവർ,
വീട്ടിലേക്കുള്ള വഴിയിൽ
വീണുറങ്ങിപ്പോയവർ…
കാരണമറിയാതെ
തെരുവുകളിലും ചേരികളിലും
വഴുതി വീണവർ,
കെട്ടിപ്പിടിച്ചും കണ്ണുകൾ തുറന്നും
തലങ്ങും വിലങ്ങും കിടന്നവർ…
വിളിച്ചിട്ടും വിളച്ചിട്ടും ഉണരാതെ പോയവർ...
വിഷം കലർന്ന കാറ്റിൻ്റെ ഗതിയിൽ
മരണം മഞ്ഞുതുള്ളികളായി
പെയ്തുകൊണ്ടിരുന്നു.
അടുത്ത ദിനവും
പ്രഭാതസൂര്യൻ്റെ നനഞ്ഞ കണ്ണുകൾ
ഭൂമിയിൽ പതിഞ്ഞു.
തണുത്ത് മരവിച്ച തെരുവുകളുടെ
നിശ്ശബ്ദത ഭേദിച്ച്
ഇരച്ചുവന്ന
സൈനികവാഹനങ്ങളും
ഉന്തുവണ്ടികളും
ഉറക്കത്തിലാണ്ടവരെ
പെറുക്കിയെടുത്ത്
തെരുവുകൾ
ശുദ്ധിയാക്കിക്കൊണ്ടിരുന്നു.
നഗരപ്രാന്തത്തിലെ
ചുടുകാടുകളിൽ
വിറകുകൊള്ളികൾപ്പോലെ
കൂട്ടിയിട്ട നിശ്ചലശരീരങ്ങൾ
കത്തിയെരിഞ്ഞു.
കീടങ്ങളെന്നപോലെ
വിറകുകൊള്ളികളായും
മനുഷ്യർ രൂപാന്തരപ്പെട്ട
പകൽക്കാഴ്ച.
കത്തിത്തീരാത്ത സങ്കടങ്ങളുടെ
നിഴലുകൾ
ഓരോ ഡിസംബറിലും
ശ്വാസം കിട്ടാതെ വിങ്ങുകയാവാം…
രണ്ട്:
വിശ്വാസം
അടർന്നുവീണ
വിശ്വാസങ്ങൾക്കു മുകളിൽ
തണുത്തുറഞ്ഞ
തീവ്രവിശ്വാസം അടയിരുന്നു.
രാത്രിയും പകലും
കലുഷിതമായ കണക്കുകൾ
തീർത്തു കൊണ്ടിരുന്നു.
ദൈവത്തിൻ്റെ കണ്ണുനീർ
ഇരുട്ടിൽ മഞ്ഞുതുള്ളികളായ്
ചാറിക്കൊണ്ടിരിക്കുമ്പോൾ
നാനാദിക്കിൽ നിന്നുമുള്ള
അലമുറകളെ
തണുത്ത കാറ്റ് ചിറകിലേറ്റി
പറന്നുകൊണ്ടിരുന്നു.
രക്തം കലങ്ങിയ വെള്ളക്കെട്ടിൽ
സൂര്യമുഖം തെളിഞ്ഞില്ല.
കഠിനമായ ഓർമകൾ ബാക്കിവെച്ച്
ഡിസംബർ
അതിരുകടന്നുപോകും.
അറിയാത്ത മട്ടിൽ.
▮
അടിക്കുറിപ്പ്: ഡിസംബർ മാസങ്ങളിൽ ഇന്ത്യയെ ഞെട്ടിച്ച രണ്ട് ഭീകര ദുരന്തങ്ങളുടെ മായാത്ത ഓർമ.
