സുജ എം.ആർ.

അപഥ സഞ്ചാരങ്ങൾ

നിലാവിന്റെ കെട്ടഴിഞ്ഞ നേരത്ത്,
പാതിരാക്കാറ്റ്
ലഹരിപോരാതെ
കാട് കയറിയ നേരത്ത്,

നിലാവിലേക്ക് പൂക്കൺമിഴിച്ച്,
വീശിത്തണുത്ത് നേർത്ത
കാടൻ കാറ്റിലേക്ക്
ഉന്മത്തമായ ഗന്ധത്തെ
മേയാനഴിച്ചുവിട്ട
നിലാമുല്ലക്കാലത്തെ,
നിന്നിലേക്ക് പടർത്തിവിട്ട്
നിന്നെ ഉണർത്തിയതിനുശേഷം...

നിന്നിലേക്ക് നീളുന്നു
എന്റെ എന്നത്തേയും
അപഥസഞ്ചാരങ്ങൾ...

നിന്റെ പതിഞ്ഞ അരമണിക്കിലുക്കത്തിന്റെ
താളത്തിന് ചെവിയോർത്ത്,
ഞാൻ,
പതിവുപോലെ,
ആണിപ്പഴുതും പിളർന്ന്,
പാലപ്പൂക്കളും തിരഞ്ഞിറങ്ങി,
നിന്നെ കണ്ടതും,
നിന്നിലാവേശിച്ച്
നിന്റെ ശ്വാസഗതിയുടെ ആരോഹണങ്ങളിൽ
വീണ്
പിന്നെയും പിന്നെയും
വറ്റിപ്പോകുന്നു.

നീ വീണ്ടും വീണ്ടും പിടഞ്ഞുണരുന്നു.
ഇപ്പൊ,
പുഴയിലേക്ക് ചാഞ്ഞിറങ്ങിയ
ഒരൊറ്റ വരമ്പിൽ
തളർന്നു കിടന്നു ഞാൻ,
തണുത്ത് തണുത്ത്,
എന്റെ ജീവനെ നിനക്കൂറ്റിത്തരുന്നു.

നീ ചുവന്ന് ചുവന്നൊരു കവിതയെഴുതുന്നു.
ചിതറിപ്പോയ
അലങ്കാരങ്ങളിൽ
ഞാനും നീയും
മാത്രമാകുന്നു.
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments