വിനീത് പി.വി.

അപ്പൻ 


മുയലിന്റെ 
വായിലേക്ക്
സാമുവൽ
അരക്കുപ്പി
വെള്ളമൊഴിച്ചു.
അതിനെ
കൊന്ന്
കഷണമാക്കി
പഴുക്കാത്ത
കുരുമുളകരച്ച്
വെളിച്ചെണ്ണ പുരട്ടി 
കനലിൽ
വറ്റിച്ച്
തിന്നു.
അന്ന്
രാത്രി
അപ്പനും 
മകനും
ഒരേ കട്ടിലിൽ
കിടന്നുറങ്ങി.
ഒരേസ്വപ്നം
കണ്ടു.

പാതിരാത്രി,
ചുമരിൽ 
ചാരിവച്ച
മഴുവെടുത്ത്
അയാൾ
മകനെ
വെട്ടി.
അപ്പച്ചാ…
കാലിലെ
മുറിവും
ചോരയും
നോക്കി 
അന്തോണീസിന്റെ 
കൂറ്റൻ
അലർച്ച.

അന്തോണിസേ,
നമ്മൾ മലചവിട്ടിയില്ലേ?
ഉം.
കുരിശ് ചുമന്നില്ലേ?
ഉം.
കപ്പയും എല്ലും തിന്നില്ലേ?
ഉം.
മതി.
ഇത്രയൊക്കെ 
അറിഞ്ഞാ മതി.

അപ്പച്ചാ,
എന്നെക്കൊന്നാ
പോലീസ് പിടിക്കത്തില്ലേ?
പോടാ ഊവ്വേ!
ജീവൻ 
ഒണ്ടാക്കുന്നത്
തെറ്റല്ല.
അത് 
ഇല്ലാണ്ടാക്കുന്നതും
തെറ്റല്ല.
കേട്ടോ?
അന്തോണീസ്
പിന്നെയും
മൂളി 
ഉം.
പിന്നെ 
കരഞ്ഞു.

അടുക്കളയിലെ
മൂലയിൽ
കരുതിയ
നിറമില്ലാത്ത
ലായനി
സാമുവൽ 
സ്വന്തം
മുഖത്തൊഴിച്ചു.

പിതാവിന്
മുഖമില്ല.
പിന്നെ
എനിക്കെന്നാ
കോപ്പിനാ.
സാമുവൽ
പാപത്തെ
അങ്ങനെ
ദമനം 
ചെയ്തു.

അന്തോണീസിന്റെ 
ചങ്കിലൂടെ
അർത്ഥദീർഘമായ
ഒരു നോട്ടം
പുറപ്പെടാൻ
തുനിഞ്ഞു.
രണ്ടാമത്തെ
വെട്ട്
അപ്പോഴേക്കും
അവന്റെ 
കഴുത്തിൽ
തൊട്ടു.


Summary: Appan malayalam poem by Vineeth PV Published in Truecopywebzine.


വിനീത് പി.വി.

കവി. മംഗലാപുരം സെന്റ് അലോഷ്യസ് ഡീംഡ് യൂണിവേഴ്സിറ്റിയിൽ മലയാളം അധ്യാപകൻ.

Comments