സ്​റ്റെല്ല മാത്യു

അപ്പന്റെ കത്തിയും
വിശുദ്ധ പുസ്തകവും

എള്ളെണ്ണ മണമുള്ള
അച്ചാറുകുപ്പിയിൽ ഞാൻ
വറുത്തിട്ട അടുക്കളക്കടുമാങ്ങ നീ
രുചിച്ചിട്ടില്ലല്ലോ?

ഞാൻ ജീവന്റെ ജീവനായി
വളർത്തും പൂച്ചയെ,
പ്രണയത്തിന് തീ തുപ്പാൻ
മാത്രമേ അറിയുള്ളൂവെന്നാണോ
കരുതിയെ?

പിന്നിലെ പാത്രങ്ങൾ മോറുന്ന
പാതകത്തറയിൽ പകൽ
പിടിച്ച വരോലിയെ നീന്താൻ വിട്ടിട്ടുണ്ട്.
അതിനെ കൊളുത്തണ്ടാ.
ഒറ്റമോന്തിന് തീർക്കാനായി
കരുതിയ പനങ്കള്ളും ആവോലിക്കറിയും അയലത്തല വറുത്തതും
കട്ടുതിന്നാൻ വരുന്ന നിന്നെ,
അപ്പന്റെ വിശുദ്ധ പുസ്തകം
ഞാൻ വായിപ്പിക്കുന്നുണ്ട്.

മുല്ലയും നീർമാതളങ്ങളും
ഇറുത്ത്, നനഞ്ഞ കുറിയ
മുണ്ടിൽ മുഖം പൊത്തി
അടുക്കള ചാരുന്നതിന്
മുന്നേ, അടുത്തുവരുന്ന
നിന്നെ, നിശ്ചയമായും ആദ്യകുർബ്ബാന കൊള്ളിക്കുന്നുണ്ട്.

പുലർച്ചെ, റബറ് വെട്ടാൻ
പോയ അപ്പന്റെ കത്തിയും
കടന്ന്, ഒളിച്ചുവരുന്ന നിന്നെ
കിടക്കപ്പായേൽ
നന്മ നിറഞ്ഞ മറിയമേ..
ചൊല്ലുന്ന മൂളലിന്റെ
കൂടെയിരുത്തി,
നിന്റെ ചുണ്ടോളം ഈ കുരിശ്
മുത്തിക്കണമെന്നുണ്ട്.

പക്ഷേ അതിനും മുമ്പേ…
വിശ്വസിക്ക്…
നിന്നെ ഞാനങ്ങനെ പറ്റിച്ച്
കളയില്ല കേട്ടോ.


Summary: Appante Kathiyum Vishudha Pusthakavum malayalam poem written by stella mathew Published Truecopy webzine Packet 307.


സ്​റ്റെല്ല മാത്യു

കവി. വയനാട്ടിലെ സെൻറ്​ കാതറൈൻസ് ഹൈസ്കൂളിൽ അധ്യാപിക. എന്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments