ആദർശ് ജെ.

അപ്പന്റെ കുപ്പായം

വെളുപ്പിന് കൃത്യം നാലു മണിയാകുമ്പോൾ
അപ്പന്റെ ചോന്ന പൂവൻകോഴി അലാമടിക്കും.
ചെത്തി മിനുക്കി കൂർപ്പിച്ച കത്തിയുമായി
അപ്പൻ റബ്ബർ മരം വെട്ടാൻ പോകുന്നത് 
പൂവൻ ഒറ്റക്കണ്ണിലൂടെ നോക്കി നിൽക്കും. 

ഇരുട്ടിൽ അപ്പന്റെ നിഴൽ നിലാവുപോലെ
തെളിഞ്ഞുകാണും.
ഇടവഴി, മൺതടം, ടാർ പൊളിഞ്ഞ റോഡുകൾ
എന്നിങ്ങനെ ചവിട്ടി പോകുന്നു അപ്പന്റെ 
തേഞ്ഞു പൊട്ടിയ കാലുകൾ. 

തലേ ദിവസത്തെ ഒട്ടുപാൽ ചാലിനെ
കത്തി കൊണ്ട് കുത്തി വലിച്ചെടുത്ത് 
ശേഷം പട്ട ചീവുമ്പോൾ മരത്തിൽ നിന്നും 
ഒഴുകിയിറങ്ങുന്ന വിയർപ്പിനും
അപ്പന്റെ വിയർപ്പിനും ഒരേ മണമാണ്. 

തലയിൽ കെട്ടിയ ടോർച്ചിന്റെ വെളിച്ചവും കണ്ട് 
കത്തി കൊണ്ട് ചില്ലിൽ തട്ടുന്ന ഒച്ചയും കേട്ട്
അങ്ങേ മലയിലും ഒരു ദിവ്യവെളിച്ചത്തിനൊപ്പം 
കൂയ്… എന്നൊരു വിളിയും കേൾക്കും.

ചില മരങ്ങളാകട്ടെ മച്ചികളാണ്,
അവയ്ക്ക് വളർച്ച കാണില്ല
വേനൽക്കാലത്ത് ഒരു വിത്തുപോലും
പൊട്ടി താഴേക്ക് വീഴില്ല.
അതിനാൽ അതിലൊട്ടു പാലും കാണില്ല.

എങ്കിലും ചീവുന്ന കൂട്ടത്തിൽ അപ്പൻ
അതിലും കൈ വയ്ക്കും.
കത്തികൊണ്ടുള്ള ഇക്കിളിപ്പിടുത്തത്തിൽ
മരം ഒന്നു ഞെരിപിരി കൊള്ളും. 

ഒരിക്കൽ ആ മച്ചി മരവും പാൽ ചുരത്തി,
ഒഴുകിയിറങ്ങിയ പാൽത്തുള്ളികൾ
നിരതെറ്റി താഴെ വീണെങ്കിലും
ഇലകൾ കൊണ്ട് മറ്റു മരങ്ങൾ
അതിനെയും കെട്ടിപ്പിടിച്ചു. 

തിരികെ പാലുമെടുത്ത് ഷീറ്റടിപ്പുരയിലെത്തി
തലേദിവസത്തെ ആസിഡിൽ കുതിർന്ന
റബ്ബർ ഷീറ്റിനെ അച്ചിലേക്ക് കയറ്റുമ്പോൾ
ഇറുകിപ്പൊട്ടുന്ന വേദനയോടെ ഷീറ്റിന് 
പരിണാമം സംഭവിക്കും. 

എല്ലാം കഴിഞ്ഞ് പഴയ ചായ്പ്പിലെത്തി
അപ്പൻ ദേഹത്തൊട്ടിയ കുപ്പായത്തെ 
അഴയിലേക്ക് നിവർത്തിയിടും.
ആ കുപ്പായത്തിൽ
അപ്പൻ നടന്ന ജീവിതം
അടർത്തി മാറ്റാൻ കഴിയാത്തവിധത്തിൽ ഒട്ടിയിരിപ്പുണ്ടാകും.


Summary: Appante Kuppayam malayalam poem by Adarsh J Published in truecopy webzine packet 254.


ആദർശ് ജെ.

കവി. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ ഒന്നാം വർഷ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥി.

Comments