ആപ്പിൾ റിപ്പബ്ലിക്

തീ അതിന്റെ നിശ്ശബ്ദ സഞ്ചാരത്തിനിടയിൽ
വെടിമരുന്നിനെ കണ്ടെത്തുന്നു.

ആപ്പിൾ ഒരു ക്യൂബിസ്റ്റ് ചിത്രമാണ്
അധികമാനങ്ങളിലേക്കു വെമ്പുന്നത്
ഒരു ചെറു സ്വപ്നവുമാവാം
അധികാനുഭവങ്ങളിലേക്കു പടരുന്നത്.

എന്റെ തൊണ്ടയിൽ തടഞ്ഞുനിൽക്കു-
മൊരാപ്പിളാകുന്നു ഞാൻ.

പീറ്റർ പറഞ്ഞു
വിളഞ്ഞ ആപ്പിളുകൾ കഴിക്കൂ
വെളിച്ചത്തെയെന്ന പോലെ
അവയുടെ വിത്തുകൾ സൂക്ഷിക്കൂ,
അവ ജൈവികമായ ആയുധങ്ങളാണ്.

പീറ്ററൊരു ശബ്ദമനുഷ്യനാണ്
എന്തൊരടക്കമുള്ള ശബ്ദമാണ് പീറ്റർ.

പീറ്റർ പറയുന്നു,
രഹസ്യമായി നമുക്കീ വിത്തുകളെ
അതു വേണ്ടവർക്കു വിതരണം ചെയ്യാം.
ഞെട്ടർന്നു താഴേക്കു വീഴുമൊരു
കനിയാകുന്നു ന്യൂട്ടൻ.
സ്വപ്നമാണ് അതിനൊരു
മനുഷ്യന്റെ വലിപ്പം നൽകുന്നത്

നെല്ലിക്കയോളമുള്ള ഭൂമിയെ ഇത്ര വലുതാക്കിയത്
സ്വപ്നമാണ്.
ഒരു സ്വപ്നത്തിന്റെ വ്യാസം ഒരു നൊടി മാത്രം
അതിന്റെ അനുഭവം അനന്തതയോളം.

അബോധത്തിലും ആപ്പിൾവിത്തുകൾ പൊട്ടിത്തരിക്കുന്നു.
ജീവിതമൊരു ക്യൂബിസ്റ്റ് ചിത്രമാണ്
തുരീയത്തിലേക്കു നിലവിളിക്കുന്നത്.
ആപ്പിൾ തിന്നുമ്പോഴുരുകിമായുന്നു,
അധികമാനങ്ങളുടെ മഞ്ഞുമൂടികൾ.

മായാവർണ്ണങ്ങളിൽ
ഹരിതഗൃഹവാതകങ്ങൾ
ആകാശത്ത് എരിഞ്ഞുനിൽക്കുന്നൊരു ആപ്പിൾ
അതിനു ചുറ്റും കറങ്ങുന്നൂ കുറേ ആപ്പിളുകൾ.

തണുപ്പേറിയ ഒരു ദേശത്തു വെച്ചാണ്
പീറ്ററിനെ കണ്ടത്
ആപ്പിൾത്തോട്ടത്തിലെ വീട്ടിലേക്ക്
അവനെന്നെ വിളിച്ചു.
ദിശയറിയാതെ പറന്നുനടക്കുമ്പോൾ
പലവട്ടം ഞങ്ങൾ കണ്ടുമുട്ടുന്നു

പീറ്റർ
ആദം
ന്യൂട്ടൻ
ഞാൻ

തൊണ്ടയിൽ ആപ്പിൾ തടഞ്ഞുനിൽക്കുന്നവരുടെ
മഹാദേശം.
ഒരു സ്വപ്നം
ഒരു തുള്ളിയാണ്
എത്രനേരം ആ ചിത്രത്തിൽ നോക്കിനിന്നു
ഒരു രാത്രി മുഴുവനുമാവാം.
ഒരു അസ്ഥിരചിത്രമായിരുന്നു അത്.
അതിലെവിടെയും ചിത്രകാരന്റെ പേരു കണ്ടില്ല.

സ്വപ്നമൊരു ശിഥിലവ്യവസ്ഥയാണ്
ഒരു സ്വപ്നം അതിലില്ലാത്ത
എത്രയേറെ കാര്യങ്ങളെ അനുഭവിപ്പിക്കുന്നു.

ആദമിന്റെ സ്വപ്നം തടഞ്ഞുനിന്നു
ന്യൂട്ടന്റെ സ്വപ്നം മണ്ണുതൊട്ടു
പീറ്റർ ഞാൻ നിന്നെ ന്യൂട്ടനെന്നു വിളിച്ചോട്ടേ
വേണ്ട,
ആദമെന്നു വിളിക്കൂ.

ശരി,
പീറ്റർ ചിരിച്ചു
ഇടതു ചെറുവിരലിലെ നഖം കടിച്ചു.

ഞങ്ങൾ ആപ്പിൾത്തോട്ടത്തിലേക്കിറങ്ങി
മരങ്ങളിൽ നിറയെ പഴുത്ത ആപ്പിളുകൾ.
ഒരു സ്വപ്നം ഒരുതുള്ളി നോട്ടമാണ്
അത് എത്രയേറെ കാണുന്നു
സ്വപ്നമൊരു അതീതഘടനയാണ്
ഒന്നു കടിച്ച ആപ്പിൾ
അതിന്റെ മുറിവിലെ രഹസ്യലോകങ്ങൾ
രഹസ്യവിചാരണകൾ.

പീറ്ററിന്റെ വീട്ടിൽ ഒരു സർറിയലിസ്റ്റ് ചിത്രം കണ്ടു
അതിൽ നിറയെ ആപ്പിളുകളായിരുന്നു.
അസ്ഥിരമാണതിന്റെ ഘടന.ഋ
തുരീയാതീതമായ മാനങ്ങളിലേക്കു വളരുന്നത്
ചിത്രത്തിനു ചുവട്ടിൽ അതിന്റെ പേരു കുറിച്ചിരുന്നു
Apples of Adam and Newton

മരച്ചോട്ടിലിരുന്നു ഞാൻ മയങ്ങി
എന്റെ തലയിലൊരു ആപ്പിൾ വീണു
അല്ലെങ്കിൽ അങ്ങനെ തോന്നുന്നു.
തൊണ്ടയിൽ തടഞ്ഞുനിന്നത്
ദഹിച്ചലിഞ്ഞു പടരുന്നു
പൊട്ടിത്തരിക്കുന്നൂ
ആപ്പിൾവിത്തുകൾ

പീറ്റർ
ഞാൻ നിന്നെ പീറ്ററെന്നു തന്നെ വിളിക്കും
നിന്റെ നാമം വാഴ്ത്തപ്പെടട്ടെ
ആ ചിത്രം ചുവരിൽനിന്നു.
താഴേക്കു വീഴാൻ വെമ്പുന്നതായിത്തോന്നി.
പറക്കാൻ വെമ്പുന്നതായാവാം

ഈ സ്വപ്നം ഒരു ചിത്രമാണ്
ഇതിൽ നിറയെ ആപ്പിളുകളാണ്
ഈ ചിത്രമൊരു ആപ്പിളാണ്
അസംഖ്യം പരലുകൾ ചേർന്നത്
ഓരോ പരലും ഓരോ ആപ്പിളാണ്
ഓരോ ആപ്പിളും ഓരോ ചിത്രമാണ്
ഓരോ ചിത്രവും അനന്തമാണ്
ചലനാത്മകമാണ്.

ആദമിന്റെ മുഴച്ചുനിൽക്കുന്ന തൊണ്ട
വെമ്പിത്തരിക്കുന്ന സർജ്ജിക്കൽ ബ്ലേഡ്
നെടുകെ മുറിഞ്ഞ ആപ്പിളിൽനിന്ന്
ഊർന്നിറങ്ങുമൊരു
ശലഭപ്പുഴു.
അതു ന്യൂട്ടനോളം വലിപ്പംവെക്കുന്നു
അതിന്റെ കയ്യിൽ മണ്ണുപുരണ്ടൊരു ആപ്പിൾ.

പീറ്റർ പറഞ്ഞു,
ഈ കൊമ്പൊന്നു കുലുക്കൂ.
കുലുക്കി.
ആപ്പിളുകൾ അടർന്നുവീണുകൊണ്ടേയിരിക്കുന്നു.
താഴേക്ക്.
മുകളിലേക്ക്
വശങ്ങളിലേക്ക്
പല ദിശകളിലേക്ക്
പല മാനങ്ങളിലേക്ക്
പല വേഗങ്ങളിൽ
ആ ചിത്രത്തിൽ
ചിത്രകാരന്റെ പേരില്ലായിരുന്നു.

പീറ്റർ ഒരാപ്പിളാണ്
അത് മണ്ണിനെ തൊടുന്നു
ഇഷ്ടം പോലെ പറക്കുന്നു
സ്വപ്നത്തിന്റെ എണ്ണമില്ലാത്ത പരലുകൾഅവസാനമില്ലാത്ത അനുഭവങ്ങൾ.

ആപ്പിളുകൾ അടർന്നുവീഴുന്നു
അടക്കമില്ലാത്ത സ്വപ്നം
ആപ്പിൾവിത്തുകൾ പൊട്ടിത്തരിക്കുന്നു.
തുറിച്ചുനിൽക്കുന്നോരു മുഴക്കം.

ആപ്പിൾ തിന്നരുത്.


ബാബു സക്കറിയ

കവി, നോവലിസ്​റ്റ്​. പടം പൊഴിക്കുന്നവർ, വാക്ക് പ്രണയമാകുമ്പോൾ, ഉറുമ്പുകളെയും കൊണ്ട് പള്ളിയിലേക്കു പോയ പെൺകുട്ടി (കവിത), ഒപ്പുകടലാസുകൾ (നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments