അരുൺ പ്രസാദ്

മൊഴിമാറ്റം

ലക്സും ജോസഫീനുമെന്നുമുടക്കാണ്
നഖം കടിച്ച് തുപ്പിയതിനടിയായതാണ്
ചായ തട്ടി മറിഞ്ഞതിനുതെറി വിളിച്ചതാണ്
അടുക്കളയിലെ സിങ്കിൽ കുലുക്കുഴിഞ്ഞതിന്
പാത്രങ്ങൾ ഉടച്ചു കൈ മുറിച്ചവരാണ്
അലക്സും ജോസഫീനുമെന്നും വഴക്കാണ്

അലക്സും ജോസഫീനുമെന്നുമൊന്നിച്ചാണ്
ഒരേ വീട്ടിലെ താമസക്കാരാണ്
ഒരേ ആപ്പീസിലെ ക്ലർക്കുമാരാണ്
24 മണിക്കൂറും ഒരേ മുഖം കണ്ടിരിപ്പാണ്
അടുത്തടുത്ത സീറ്റുകാരാണ്
ഒരേ തൊഴിൽ പയറ്റുന്നവരാണ്
മൊഴിമാറ്റം നടത്തുന്നവരാണ്

അലക്സ് മലയാളം ഇംഗ്ലീഷിലേക്കും
ഇംഗ്ലീഷ് മലയാളത്തിലേക്കും

ജോസഫീൻ ഇംഗ്ലീഷ് പോർച്ചുഗീസിലേക്കും
പോർച്ചുഗീസ് ഇംഗ്ലീഷിലേക്കും

പോർച്ചുഗീസിനിത്തരെ ഡിമാന്റാണ്
ജോസഫീനിച്ചരെ പവറ് കൂടുതലാണ്

രണ്ടുപേരും ഒരുമിച്ച് ചെയ്യേണ്ട പണി വന്നപ്പം
ചെവിയിൽ വിരലിട്ട് ഇളക്കണ
മൂക്കിലെ രോമം പിടിച്ച് വലിക്കണ
തൊണ്ടക്കുഴിൽ കഫം കാറണ
മുറുക്കിത്തുപ്പണ
അലക്സിന്റെ പരിപാടി
നടക്കത്തില്ലെന്ന് ജോസഫീൻ കട്ടായം പറഞ്ഞു
അലക്സ് വെറ്റിലച്ചെല്ലം അടച്ചു വച്ചു

പണി തുടങ്ങി

വിശക്കുന്നു അലക്സ്
ഫയലിലെ വാക്ക് ഉറക്കെ വായിച്ചു
ഹംഗ്രി ഇംഗ്ലീഷിലെഴുതി വിട്ടു
ജോസഫീനതിനെ ഫോമീയെന്ന് മാറ്റി
ഫയല് നീക്കി

അടുത്ത വാക്ക് ഭക്ഷണം
ഫൂഡ് എന്ന് അലക്സ് മൊഴി മാറ്റി
കൊമീദ എന്ന് ജോസഫീൻ

അടുത്തത് ജോസഫീനായിരുന്നു
നാദാ ക്വീ = നതിംഗ് ഹിയർ
നതിംഗ് ഹിയർ = ഇവിടൊന്നുമില്ല

ഇന്നത്തെപ്പണി എന്തെളുപ്പം
അലക്സ് കസേരയിൽ ആഞ്ഞൊന്നിരുന്നു
ഒളിപ്പിച്ച് വച്ചിരുന്ന
വെറ്റിലച്ചെല്ലം തുറന്ന്
വെറ്റിലത്തുമ്പ് നുള്ളി
നെറ്റിയിൽ പറ്റിച്ച്
ചുണ്ണാമ്പും പുകയിലയും അടക്കത്തരികളും
കൂട്ടിയൊരു പിടിപിടിച്ചു

അലക്സ്: തണുപ്പ് = കോൾഡ്
ജോസഫീൻ : കോൾഡ് = ഫ്രിയോ

എന്റെ പൊന്നലക്സേ
ഇങ്ങനെയിരുന്ന് ചവക്കുന്നേയൊക്കെ കൊള്ളാം
ഒരു തുള്ളി എന്റെ മേലെയാകണം
കാണാം കളി

ജനാല = വിൻഡോ
വിൻഡോ = ജനേല

ഏ എന്നത്ഭുതപ്പെട്ട അക്ഷരം
അലക്സിന്റെ വായില് നിന്നും
ചുവന്ന തുപ്പൽ തെറിപ്പിച്ചു

കഴിഞ്ഞ പള്ളിപ്പെരുന്നാളിന്
വാങ്ങിയ വെള്ള ടോപ്പിൽ
മുറുക്കാൻ തെറിച്ചപ്പോൾ
അല്ലായിത് ശീമത്തുളസി പോലെ
എന്നാലോചിച്ച് പിന്നെയൊരു
മുട്ടൻ തെറി വിളിച്ച് ജോസഫീൻ
നിന്നു തുള്ളി

അതിനു പകരം
കറ വീണ ജോസഫീനിന്റെ
നെഞ്ചിൽ കണ്ണുടക്കി
ഇല്ലാത്ത വാക്ക്
ഫയലിൽ നോക്കി
വായിച്ചലക്സ്

അമ്മിഞ്ഞ = ബ്രസ്റ്റ്

ജോസഫീനു നെഞ്ചു
പൊത്തിപ്പിടിക്കാൻ തോന്നി

ബ്രസ്റ്റ് = മമ്മീഞ്ഞ


അലക്സ് വായ പിളർത്തി

അപ്പോഴേക്കും അടുത്ത ഫയൽ
ജോസഫീന് വന്നു

പൊളീസ്യ പൊളീസ്യ പൊളീസ്യ

പൊളീസ്യ = പോലീസ് = പോലീസ്

വീസ്തോ = വിസ = വിസ

ഇല്ല = നോ = നോ

ഫയൽ വരവിന്റെ സ്പീഡ് കൂടി

കോഹേ കൊഹേ കൊഹേ

ജോസഫീൻ അലക്സിനെ നോക്കി

കോഹേ = കറക്ട്
കറക്റ്റ് = ശരി

ജോസഫീനൊരു ഊളച്ചിരി ചിരിച്ചു

പാസപോർച്ചേ = പാസ്പോർട്ട് = പാസ്പോർട്ട്

അവളിനി മന:പൂർവ്വം തെറ്റിച്ചോ?

കേരളത്തിനെ കട്ടുമുടിച്ച
പോർച്ചുഗീസുകാര് ത്ഫൂ

അലക്സ് നീട്ടിയൊരു തുപ്പ് വച്ചു കൊടുത്തു

പെണ്ണുങ്ങടെ നെഞ്ചീന്ന്
കണ്ണെടുക്കാത്ത ആണുങ്ങള് ത്ഫൂ

ജോസഫീൻ നീട്ടിയൊരു തുപ്പ് വച്ചു കൊടുത്തു

കേരളത്തിന്റെ വാക്ക് കട്ടെടുത്ത പോർച്ചുഗീസുകാര്

പോർച്ചുഗീസുകാരുടെ വാക്ക് കട്ടെടുത്ത മലയാളം

ജോസഫീൻ കയ്യിൽ കിട്ടിയ പേപ്പർ വൈറ്റ്
എടുത്ത് ഒരു എറി കൊടുത്തു
അലക്സിന്റെ നെറ്റി പൊട്ടി
അയാൾ കസേരയിൽ നിന്നുമെഴുന്നേറ്റ്
ജോസഫീനെ ചവിട്ടി വീഴ്ത്തി
അവളെഴുന്നേറ്റ് വന്ന്
ഉച്ചക്ക് ചോറു കൊണ്ടു വന്ന
പാത്രം വച്ചിട്ടൊരടി തലക്ക്
തലച്ചോറ് പോലെ
ചോറ് ചിതറി

അയാളിടിച്ചു
അവൾ ചവിട്ടി
അയാൾ നഖം വച്ച് മാന്തി
അവൾ കടിച്ച് കഷ്ണം എടുത്തു
തൊലിപ്പുറം പൊളിഞ്ഞ്
രക്തമൊഴുകി
മേശയും കസേരകളുമൊടിഞ്ഞ്
ആപ്പീസ് താറുമാറായി
ഫയലുകൾ പറന്നു

ചോരയൊലിപ്പിച്ച് അവർ കിടന്ന് കിതച്ചു

അപ്പോൾ
അനധികൃതമായി
പോർച്ചുഗലിലേക്ക് കടന്ന
ഒരു മനുഷ്യൻ
പോലീസ് കാറിലെ
ഡോർ ഗ്ലാസിൽ
മുഖം വച്ച്
ആകാശത്തേക്ക് നോക്കി

പോലീസുകാരൻ വിളിച്ചു

ഇമിഗ്രാന്റേ സന്ഗ്രേന്തോ = ബ്ളഡി ഇമിഗ്രന്റ്സ്

ബ്ളഡി ഇമിഗ്രന്റ്സ് = കുടിയേറ്റ നായ്ക്കൾ

അയാളുടെ തലക്കുള്ളിൽ
ജോസഫീനും അലക്സും കിടന്നു

അലക്സ് ചോദിച്ചു
കോഹേ എന്നു വച്ചാൽ?

റൺ, ഓടുക
ജോസഫീൻ മുറിവ് തടവി

കുടിയേറ്റക്കാരൻ
തലകുനിച്ച്
വണ്ടിയിലേക്ക്
ഭാരം ചാരി.


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments