അസാധ്യതയുടെ ഒന്നിലധികം ഉപമകൾ

ഒന്ന്​

തുണിത്തുണ്ടുകളെ
തുന്നിച്ചേർക്കുമ്പോൾ
തയ്യൽയന്ത്രം ഉണ്ടാക്കുന്ന ശബ്ദം
ഉടുപ്പിന്റെ കൂടെ
സഞ്ചരിക്കാത്തതുപോലെ
നമ്മൾ സ്നേഹിച്ചിരുന്നതിലെ
വാക്യങ്ങൾ, മൗനങ്ങൾ.

രണ്ട്​

വിചാരിച്ചതിലും
നേരത്തെ എഴുന്നേറ്റ ഒരാൾ
കൃത്യസമയത്ത് അടിച്ച
അലാറത്തെ ഓഫ് ചെയ്യുന്നപോലെ
നഷ്ടമെന്നോ ലാഭമെന്നോ
കണക്കാക്കാനാകാത്ത
ഒരു സമയത്തെ
നമ്മൾ ജീവിച്ചിരുന്നത്.

മൂന്ന്​

അതൃപ്തികളെ
പ്രതീക്ഷിക്കുന്നൊരു
ആചാരം പോലെയെന്തോ
നമ്മുടെ ബോധത്തെ നമ്മൾ
ശീലിപ്പിച്ചിട്ടുണ്ട്.


ടി.പി. വിനോദ്

കവി. ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ കെമിസ്ട്രി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ, അല്ലാതെന്ത് എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. കവിതകൾ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments