അശ്വതി എ.

കുളയട്ട

​​​​​​രേഷ്‌മേടപ്പൻ രേഷ്‌മേ തല്ലാറില്ലലോ
രേഷ്‌മ പറഞ്ഞെന്നോട്.

രണ്ടെണ്ണം അകത്തു ചെന്നാലേ ആണാവോള്ളൂഡി
രണ്ടെണ്ണം അടിക്കണം
രണ്ടെണ്ണം തരണം.
അമ്മച്ചി പറഞ്ഞു.

ഞങ്ങടപ്പൻ ആണായിരുന്നു.
എന്നും രണ്ടെണ്ണം അടിച്ചു.
എന്നും ഞങ്ങൾക്കെല്ലാർക്കും തല്ലുകിട്ടി.

നാളെ ബുധനാഴ്ചയാണ്.
നാളെ മുട്ടുവരെ നീളുന്ന പാവാടയുടുക്കാൻ സ്കൂളിലെല്ലാർക്കും അനുവാദമുണ്ട്
ചൊമപ്പ് മഞ്ഞ പച്ച.
ഏതുമിടാം.

ഞങ്ങൾ രണ്ടുപേരും കാലുതട്ടി വീഴുന്ന കരപ്പനടിച്ച പാവാടയുടുത്തു.
മുട്ടിനു കീഴ്പോട്ടു അപ്പൻ തല്ലിയ നീലിച്ച ആകാശങ്ങളാണ്.
കൈക്കുഴക്കു മീതെ അപ്പൻ പഞ്ചറാക്കിയ കടൽവെള്ളമാണ്.

പെണ്ണുങ്ങളായാ പുരികം പറിക്കണം
മീശ പിഴുതു കളയണം.
അതാണ് ചേല്.
രേഷ്‌മേടമ്മ എല്ലാ മാസവും മീശ മുറിക്കും.
രേഷ്‌മേം.

രോമങ്ങൾ ആണുങ്ങളുടെ അവകാശമാണ്.
ആണുങ്ങളായ പെണ്ണുങ്ങളായ രോമം വെട്ടാതെ മൂക്കിന് കീഴെ കൊണ്ട് നടക്കുന്നത്.

അപ്പനെന്തിനാണ് അമ്മയുടെ മുടിപിടിച്ചെന്നും പറിച്ചെറിയുന്നതെന്നു ഞങ്ങൾക്കപ്പോൾ ഉത്തരം കിട്ടി

അമ്മക്ക് ആണത്തമാണ്.
മുതുകോളം നീളമുള്ള ആണത്തം.

പുരികം പറിക്കുമ്പോൾ വേദനിക്കും
മുടിപറിക്കുമ്പോ അമ്മയുടെ നാവു ചോരക്കടലാവും.
അപ്പൻ തല്ലുമ്പോൾ ചോരകട്ടപിടിക്കും.
വേദന പെണ്ണുങ്ങളുടെ അവകാശമാണ്.
അടിവയറുമാന്തിപ്പൊളിഞ്ഞ് ആദിയിൽ മറിയത്തിനുണ്ടായ വേദന.

ഇരുട്ടുവോളം അപ്പൻ ഞങ്ങളെ തല്ലി.
വെളുക്കുമ്പോൾ അപ്പൻ ഞങ്ങളെ സ്നേഹിച്ചു.
ആണുങ്ങളായാൽ രണ്ടെണ്ണം തന്നെന്നിരിക്കും
അമ്മച്ചി പറഞ്ഞു.
പണിക്കുപോയി സന്ധ്യക്ക് ആറുമണി കഴിഞ്ഞാൽ അപ്പൻ ഒരാണാണ്‌.
ഞങ്ങടെ മുട്ട് തല്ലി വീർത്ത
ചോരമണം മാറാത്ത കുളയട്ട

Comments