അശ്വതി എ.

മുണ്ടൻ

പെരേന്നെന്നും ഷീറ്റു മോഷണം പോവും.
പണിക്കാരൻ മുണ്ടനായിരിക്കും.
ജാതിക്കൊണം.
കാലം മാറിയാലും മാറാത്ത അവന്റെ ജാതിക്കൊണം.
കോളനിക്കാരുടെ കൊണം.
അച്ഛൻ പറഞ്ഞു.

പെരെന്ന് എന്നും ഷീറ്റു മോഷണം പോയിട്ടും മുണ്ടനെ എന്തിനാണ് പണീന്നു പറഞ്ഞു വിടാത്തതെന്നു എനിക്കിതുവരെ പിടികിട്ടീട്ടില്ല.

പെരേലുള്ള പശുവിനെ കറക്കുന്നത് മുണ്ടനാണ്.
പെരയടിച്ചുവാരുന്നത് അവന്റെ പെണ്ണും.
പെരയിൽ തലേന്നു വച്ചതിന്റെ ബാക്കിയിരിപ്പുണ്ടേൽ അമ്മ അവൾക്ക് കൊടുക്കും.
തിണ്ണയിലിരുന്നു അവൾ ആർത്തിയോടെ മിണുങ്ങുന്നത് ഞാനിടക്ക് കണ്ടിട്ടുണ്ട്.
അവൾ വരാത്ത ദിവസം അമ്മയത് ജിമ്മിപ്പട്ടിക്കു പാല് ചേർത്ത് കൊടുക്കും.

മുണ്ടൻ അവന്റെ പെണ്ണിനെ കെട്ടീട്ടില്ല.
അവളവന്റെ കൂടെ പോന്നതാണ്.
അവരങ്ങനെത്തെ കൂട്ടങ്ങളാണ്.
പൊടവകൊടുപ്പും താലികെട്ടുമൊന്നുമില്ല.
ഒരുത്തൻ വന്നുവിളിച്ചാ കൂടെ പോവും
അമ്മ പറഞ്ഞു.

അവന്റെ മൂത്ത കൊച്ച് വെളുത്തിട്ടാണ്.
അതവന്റെയല്ലാന്നാണ് അവൻ പറേണത്.
എന്റെ കൂടെ പോരുന്നതിനു മുൻപ് നീയാരുടെ കൂടിയാടി കിടന്നത് എന്ന് ചോദിച്ചു വൈകുന്നേരമെന്നും അവനവളെ എടുത്തിട്ടു അലക്കും.

രണ്ടാമത്തെയവനു മുണ്ടന്റെ നിറമാണ്
നമ്മടമ്മേന്റെ നെറം
നമ്മടെ നിറം.
മുണ്ടൻ ആകാശത്തേക്ക് നോക്കി കൈകൾ കൂപ്പി.

മുണ്ടൻ കാളിയമ്മയെ ദൈവമാക്കിയവനാണ്.
അവൻ ഇന്നും ഭഗവതിക്ക് വേണ്ടി കോഴിയെ അറുക്കും.
അവന്റെ ആൾക്കാരാണ് അവിടെ നടതുറക്കുന്നത്.

പകലവൻ നാട്ടുകാരുടെ പണിക്ക് പോവും.
ചുമടെടുക്കും.
കുഴിവെട്ടും.
പറമ്പു കിളക്കും.
മരിപ്പിനു ശവമെടുക്കും.

ഇവന്മാർക്കൊക്കെ ഇപ്പൊ എന്താ ഡിമാന്റ്.
സർക്കാർ ജോലിക്കില്ലാത്ത ശമ്പളമാണ്.
അച്ഛൻ പറയും.

മുണ്ടൻ ചത്തു.
കാരാട്ടുമുക്കിലെ കൃഷ്ണന്റെ കിണറിൽ പൂച്ച വീണു.
എടുക്കാനിറങ്ങിയതാണ്.
കാലുതെന്നി മുണ്ടന്റെ ആത്മാവ് വെള്ളത്തിൽ ലയിച്ചു.
മൂത്തവനാണ് ആദ്യമോടി വന്നത്.
അപ്പാ ..
അവൻ നിലവിളിച്ചു.
കൺമുമ്പെന്നു പോടാ എരണംകെട്ടവനെ
ഞാൻ നിന്റപ്പനല്ല.
പതിയെ മുണ്ടൻ കിണറ്റിലാണ്ടു പോയി.

പിറ്റേന്നു പേപ്പറിൽ മുണ്ടന്റെ പടമുണ്ടായിരുന്നു.
മുണ്ടന്റെ പേര് അയ്യപ്പനെന്നായിരുന്നു.

പൊരേന്നിപ്പഴും ഷീറ്റ് മോഷണം പോവാറുണ്ട്.
അയിന് മുണ്ടൻ ചത്തല്ലോ.

അവന്റെ ഉശിരു പറമ്പിൽ തന്നെയുണ്ട്.
തോട്ടത്തിലൊരു സെന്റ് അവനെഴുതിക്കൊടുക്കാത്തേന്റെ പകയാണവന്.
അച്ഛൻ പറഞ്ഞു.

ഞാൻ പറമ്പിലേക്ക് നോക്കി.
മുണ്ടന്റെ മൂത്തമോൻ പറമ്പിൽ നിന്ന് കഞ്ഞിക്കു വിറകു പെറുക്കുന്നു

Comments