സാജോ പനയംകോട്

അത്താഴം കഴിക്കുമ്പോൾ

വൾ സൂക്ഷിച്ചു നോക്കിപ്പറഞ്ഞു,
നിങ്ങടെ അസ്ഥിയിൽ നിന്ന് മസ്സിലിറ്റ്
തൂങ്ങിക്കിടക്കുന്നാ കൈയ്യിൽ,
കൈയ്യിറക്കമുള്ള ഷർട്ടൊന്ന് വാങ്ങാം.
ചിരിക്കാതിരിക്കുന്നതെങ്ങനെ,
അവളുടെ ഒരു കണ്ണ് കിടക്കുന്നതാ
മുളകരച്ച കറിയിലാണ്.

തല പെരുത്ത് പൊട്ടുമ്പോ യീ-
പാട്ട് നിർത്തല്ലേ
ഉറക്കെ ഉറക്കെ _
യുണക്കറൊട്ടിയൊന്നു തിന്നാൻ...

നമുക്ക് നാളെയെന്തെല്ലാം
വേലകളുണ്ടെന്നറിയില്ലേ...

2

കൈതച്ചക്ക തഴച്ച
നടത്തോട്ടിൽ കുളിത്തോർത്ത് പിടിച്ച്
മാനത്തുകണ്ണിയെപ്പിടിച്ച കുഞ്ഞുവിരലുകൾ
അവളോർക്കുന്നുണ്ടാകുമെന്ന്
അയാൾക്കു തോന്നി, പേടിക്കുമ്പോൾ
ഇങ്ങനെ ചിത്രങ്ങൾ ഒരു പോലെ വരുമായിരിക്കാം.

3

മടലു പിളർന്നിട്ടപോൽ
നീറുന്ന തെരുവിൽ
കുഞ്ഞുങ്ങൾ
തകർന്ന വീടുകൾക്കിടയിൽ കൂട്ടത്തേടെ
കളിയിടം തിരയുന്നത്
ആകാശം കാണുന്നുണ്ട്,
വേലിക്കപ്പുറം നിന്ന പിള്ളേരും
മാനം നോക്കി.

കുഞ്ഞുങ്ങളുറങ്ങിയോ
അവരുടെ ആട്ടിൻകൂട്ടവും…?

4

മനമിടിഞ്ഞുതാഴ്ന്ന് വരുന്നില്ലല്ലോ
ധീരരായ് മരിച്ചവർ പാറക്കെട്ടുകളായ്
വീടെടുക്കുന്നവരുടെ മക്കൾ
മണ്ണും പുഴയും മരവും മലയും മുറുക്കി
ആയുധമേന്തി...

അത്താഴം
അത്താഴം
താഴം
താഴത്തിരുന്നിരുട്ടിലുമാകാം.
പുറത്ത് മക്കളുണ്ടല്ലോ അമ്മേ
കാവലിന്.
കാവലിന്...


Summary: Athazham Kazhikumbol malayalam poem by Saajo Panayamkod published in truecopy webzine.


സാജോ പനയംകോട്

കവി, തിരക്കഥാകൃത്ത്, ചിത്രകാരൻ. പിമ്പുകളുടെ നഗരത്തിൽ, ഡിറ്റക്ടീവ് സാറയുടെ രഹസ്യ കവിത, ഒരു ചെയ്സ് വരക്കുന്ന കാർട്ടൂണിറ്റ് എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments