കിഴക്കോട്ടും പടിഞ്ഞോട്ടും
തുറക്കുന്ന വാതിലുകളും
മുന്നിലും പിന്നിലും
മിറ്റങ്ങളുമുള്ള ഒരു
കൊച്ചുവീട്.
മുന്നിലെ മിറ്റം കടന്നാൽ
ഒരു കുഞ്ഞിക്കൊളമുണ്ട്
ഇലകൾ വീഴാതെ,
കലങ്ങാതെ,
ഞങ്ങളതിനെ
സൂക്ഷിച്ചുവെച്ചു.
തെളിഞ്ഞ വെള്ളത്തിൽ
രണ്ടേരണ്ട് മീനുകൾ.
കൊളക്കരയിലെ കൽപ്പടവിൽ
അതിയാനും ഞാനും.
അതിയാനെന്നും രാവിലെ
എഴുന്നേറ്റ്
മിറ്റം അടിച്ചുവാരി
ഞാൻ പൂക്കളെ നനച്ചു.
രണ്ടാളും ചേർന്ന്
ചായവെച്ചു.
രണ്ടാളും ചേർന്ന്
ചോറ് വെച്ചു.
രണ്ടാളും ചേർന്ന്
മരം നട്ടു.
രണ്ടാളും ചേർന്ന്ചേർന്ന്
ചേർന്നങ്ങനെ.
തൊടിയിലെ ചെടിയെല്ലാം
പൂവിട്ടു,
അലമാരേല്
പുസ്തകങ്ങൾ
നിരതെറ്റാതെ കാത്തു.
അതിയാനെൻ്റെ തുണിയൊക്കെ
അലക്കിവിരിച്ചു.
മഴ പെയ്യണനേരമൊക്കെ
ഒരുമിച്ച് നനഞ്ഞു.
അതിയാനെന്നും ഞാനൊരു
കുഞ്ഞായിരുന്നു.
എനിക്കതിയാനും.
അങ്ങനെയങ്ങനെ ഒരൂസം,
ഒരുമിച്ച് നനയണൊരുച്ച നേരം
അതിയാനങ്ങ് പോയി.
പിന്നെപിന്നെ
കരിയിലകൾ വീണ്
കൊളത്തിലെ മീനുകളെ കാണാണ്ടായി.
പുസ്തകങ്ങളൊക്കെ
നിരതെറ്റി.
മുഷിഞ്ഞ തുണികളൊക്കെ
കുന്നുകൂടി.
ഞാനൊറ്റയ്ക്ക്
ഒന്നുമേ വെച്ചില്ല.
വിരുന്നുവന്ന പക്ഷികൾ
ചിലയ്ക്കാതായി.
കൊളക്കരയിലെ കൽപ്പടവുകൾ
പായൽപ്പറ്റി വഴുക്കനായി...
വീട് മറ്റെന്തോ ആയി ...
ആരുമാരും മിണ്ടാതായി.
വടക്കേയതിരിലെ മൂവാണ്ടന്മാവിൻ്റെ
അഭാവം,
അനാഥത്വത്തിൻ്റെ തുടക്കം.
ഞാനും വീടും തൊടിയും
അതിയാൻ്റെ കുഞ്ഞുങ്ങളായിരുന്നു.
അതിയാനില്ലാത്ത ഞങ്ങൾ
ഞങ്ങളേയല്ല.
അതിയാനില്ലാത്ത ലോകം
ലോകമേയല്ല.
▮
(അതിയാൻ: അയാൾ
മിറ്റം: മുറ്റം).
