സുജീഷ്

ആഗസ്റ്റ് 15, 2025

നിക്കറിയാത്ത ഭാഷയിൽ
‘പുകവലി പാടില്ലെ’ന്നെഴുതിവെച്ച
മുറിയുടെ ജനൽവഴി
ഞാൻ വലിച്ചുവിട്ട പുകച്ചുരുളുകൾ
വിടുതൽനേടി മായുന്നു.

എന്നെയിവിടെയിരുത്തിപ്പോയവർ
തിരിച്ചെത്തുമ്പോളെനിക്ക് ഈ മുറിവിട്ടിറങ്ങാം,
അതുവരേക്കും ഇവിടെയുള്ളതിനെല്ലാം
ഞാൻ കാവലാൾ; ഇതെനിക്ക് തടവറ!

ജനലിൽ കാണാം, ആകാശം;
മാറിക്കൊണ്ടേയിരിക്കുന്ന മേഘങ്ങൾ,
വല്ലപ്പോഴും പറന്നുപോകുന്ന പക്ഷികൾ.

പലനിലക്കെട്ടിടത്തിന്റെ ചില്ലുചുവർ
കയറിൽത്തൂങ്ങിനിന്നു കഴുകുന്ന
ഒരാളെയും നോക്കി ഞാൻ നിന്നു,
മരണം താഴേക്കു വലിക്കുമ്പോൾ
ജീവിതത്തിന്റെ ആ തങ്ങിനിൽപ്പ്.

ഇവിടെ എന്നെയിരുത്തിപ്പോയവർ
പോകുംവഴി വാതിൽ പൂട്ടിയെങ്കിൽ
ഈ മുറി എനിക്കിപ്പോൾ തടങ്കൽ;
ഈ ജനൽ വിധിക്കപ്പെട്ട സ്വാതന്ത്ര്യം.

തെരുവുതിരക്കിൽ അലയുന്നവരേ,
നോക്കൂ, പക്ഷികൾ സ്വതന്ത്രരല്ല;
അവരുടെ ആകാശത്തിന്റെ
അതിരുകൾ അവരറിയുന്നില്ല.


Summary: August 15 2025 malayalam poem by Sujeesh Published in truecopy webzine 246.


സുജീഷ്​

കവി, പരിഭാഷകൻ. 'വെയിലും നിഴലും മറ്റു കവിതകളും' ആദ്യ കവിതാസമാഹാരം. ലോകകവിത: ഒന്നാം പുസ്തകം, ലോകകവിത: രണ്ടാം പുസ്തകം എന്നിവ മറ്റു പുസ്തകങ്ങൾ.

Comments