അവന് മാത്രമായി
ആ രാത്രിയിലൊരു സൂര്യൻ
ഭൂമിയിലേക്കുവന്ന് ഒരു ചോദ്യത്തെ
താഴേക്ക് കൊടുത്തപ്പോൾ,
സൂര്യന് ഉത്തരം നൽകിയ
ആ ചിത്രകാരനങ്ങ് പോയപ്പോൾ
കിളികളും പൂക്കളും
തുമ്പികളും മൂത്തവരായി.
ചിരികളെല്ലാം ചില്ലകളിലായി
ചില്ലറ ചില്ലറ ഭാഷയിൽ
ചിൽ ചിൽ ചെലവഴിച്ച രാത്രിയിൽ
മണ്ണിൽനിന്ന സൂര്യൻ
ആകാശങ്ങളിലേക്ക്
പച്ചനീരുകളിലൂടെ മഞ്ഞയും
നീലയും ചുവന്ന്
വെള്ള കറുപ്പ് കലരുംമിലകളിൽ
മുകളാകാശ നീലക്കറ മഴകളെ
മണ്ണിലേക്ക് മണ്ണിലേക്ക്
ഒരുക്കിയൊരുക്കി വിടർത്തുവാൻ
ഈ നോട്ടവെളിച്ചം തുറന്നപ്പോൾ
അവൻ്റെ കണ്ണുകളിലെ ഇലകളെല്ലാം
ആ ചില്ലകളിൽ ജീവിക്കാനായി പോയി.
അവൻ
അവൻ
അവൻ
അവനായിരുന്നു.
അവൻ്റെ വിരലുകളിലെ
ചീമകൊന്ന പൂക്കൾ
കുടുബത്തോടെ ചിരിച്ചൊലിച്ച
മാസങ്ങളിലെ ഒരു മഴ വീണ്ടും വീണ്ടും
പെയ്യുവാനാഗ്രഹിച്ചപ്പോൾ
ആ വേനൽക്കൂടിൻ്റെ പൂട്ടിനകത്ത്
ചൂടേറ്റ് നനഞ്ഞ വിത്ത്
പൊട്ടി മുളയ്ച്ച് തൊടുത്ത
പുതുമയുടെ പുതിയ മണങ്ങളിൽ
അവനുണ്ടാക്കിയ പലതരത്തിലുള്ള
ശലഭങ്ങൾ ചില്ലകളിലെ കൂടൊഴിച്ച്
ആദ്യം പറക്കാൻ വിട്ടത്
അവനെ
അവനെ
അവനെ
അവനെയായിരുന്നു
മാവേലിയെന്ന് വിളിച്ച്
ഞങ്ങൾ അത്തമിട്ടത്.
