1310
പതിമൂന്ന് പത്ത്
അത്ര നിസ്സാരമായൊരു
സംഖ്യയല്ല.
എനിക്കതു
പണ്ടേക്കുപണ്ടേ അറിയാം...
എന്തിനുമേതിനും നാട്ടിൽ
1310 വേണമായിരുന്നു
പക്ഷെ,
ആ ഇരട്ടസംഖ്യയുടെ
പ്രത്യേകതയെന്തെന്നോ
ആയതുകൊണ്ട് ജീവിതത്തെ
ഹരിച്ചുഗുണിച്ചെടുക്കുക
എങ്ങനെയെന്നോ
അന്ന് തീർത്തും തിട്ടമില്ലായിരുന്നു.
ജങ്ഷനിൽ
പത്തുപേർ കൂടിയാലവിടെ
ആ സംഖ്യ അസാന്നിദ്ധ്യപ്പെട്ടാൽ
ഏവരും ചോദിക്കുന്നത് കേൾക്കാം:
‘1310 ഇല്ലേ?
എന്തേ? നോക്ക്...'എന്നൊക്കെ...
ആയതിനെ അറിയാത്തവരും
കൗതുകത്തോടെ
അവിടെയൊക്കെ പരതിനോക്കും.
കൂട്ടംകൂടി ചിലർ വരുന്നുണ്ടാകും
എണ്ണിനോക്കിയാലും
കണക്കൊക്കാതെ
നട്ടംതിരിയും.
വീട്ടിലുമതേ
എന്തിനുമേതിനും
1310 വേണം.
അത്യാവശ്യമോ
അത്യാഹിതമോ എങ്കിൽ
‘എത്രയും വേഗമാ 1310നെ...'
എന്ന വാചകമാകും
ആദ്യം പൊട്ടിപ്പുറപ്പെടുക...
അതു വന്നെന്നും
കാര്യം നടന്നെന്നുമൊക്കെ
പിന്നീടറിയുമെങ്കിലും
എന്താണതെന്ന് മാത്രം
പിടികിട്ടില്ല
ചടങ്ങേത് നടന്നാലും
അതിന്റെ
സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ
ആകും ചർച്ച:
‘ഈ 1310നെക്കൊണ്ട് തോറ്റു'
‘ആ 1310 ഇല്ലാതെ
ഒരു രസവുമില്ല'
സ്‌കൂളിലും വീട്ടിലും
കൂട്ടുകാർ കൂടുന്നിടത്തുമൊക്കെ
ആ സംഖ്യയുടെ
പരംപൊരുൾ തേടിവലഞ്ഞു.
കൂട്ടുകാർ കേട്ടിട്ടുണ്ട്
നാട്ടുകാർക്കെല്ലാമാണ്
വീട്ടുകാർക്കിമ്പവുമാണ്
ചോദിച്ചാൽ
‘ഇവിടെവിടെയോ
കാണണമല്ലോ' എന്നോ
‘അത് നമ്മടെ കുന്നേലെ അച്യുതനില്ലേ?
അയാൾടെ
രണ്ടിലും കൂടിയൊള്ള
ഏഴിൽ അഞ്ചാമത്തെ...' എന്നോ മറ്റോ
അവ്യക്തമായൊ-
രുത്തരം കിട്ടും.
അങ്ങനെയാണതിൻ
ഉരുക്കഴിക്കാനായി
പാത്തുപാത്ത്
നടന്നുകുഴഞ്ഞത്.
അന്ത്രുമാന്റെ മകൾക്കതേ സംഖ്യ
മന്ത്രസംഖ്യയാണെന്നും
അതിൻ ഗുണിതങ്ങൾ
തുന്നൽക്ലാസ്സിലോൾ
എംബ്രോയ്ഡറിയായി
ഭംഗിയിൽ
തുന്നി നീർത്തുകയാണെന്നും
ഞാനറിഞ്ഞു.
അത്
നാട്ടിലും പാട്ടായ്...
പെട്ടപാടെ പതിമ്മൂന്ന് പത്ത്
മാഞ്ഞുപോയൊരു
സംഖ്യ പോലായി....!
നാട്ടുകാരത് തേടിനടന്നു
വീട്ടുകാരതിനൊപ്പമേ കൂടി
കൂട്ടുകാരിലതേശിയുമില്ല.
കുന്നിനോരത്തെ
പൊട്ടക്കിണറ്റിൽ
നിന്നൊരു നാൾ മുശിടു പരന്നു.
ചെന്നുനോക്കിയോരൊക്കെയും കണ്ടു
ചീഞ്ഞുവീർത്തു ജഡമായ സംഖ്യ.
‘മ്മടെ 1310'
‘യ്യോ...നമ്മടെ 1310...'
എന്നൊരശരീരിയെങ്ങും മുഴങ്ങി...
പാടുപെട്ടു കരയ്‌ക്കെടുത്തിട്ട
ജീർണ്ണദേഹത്തിലാ സംഖ്യ തേടി
ചെന്നുനോക്കിയീ ഞാനും വികൃത
രൂപമല്ലാതെ
കണ്ടതില്ലൊന്നും.
തൊട്ടടുത്തൊരു
വെള്ളയംബാസഡർ
കാർ..അതിന്റെയാ
നമ്പർ പ്ലെയിറ്റിൽ
കണ്ണുടക്കി ഞാൻ
അന്തിച്ചുനിന്നു.
ആരാവാം..?
എപ്പോഴുമുച്ചിക്കുമേൽ
ശിരസ്സു കുത്തി, മേലോ-
ട്ടുയർന്ന് കൈയും കാലു-
മിളക്കിക്കളിക്കുന്നു
മറ്റൊരാൾ
-ആരായിടാം?
ആരു നീ...!?, എന്നൊത്തിരി-
യാവർത്തി ചോദിച്ചിട്ടു-
മുത്തരം കിട്ടുന്നില്ല.
ഇറക്കി വിടാൻ പല-
മട്ടിൽ ഞാൻ ശ്രമിച്ചിട്ടു
മൊഴിഞ്ഞു പോകുന്നില്ല.
വല്ലാത്തഭാരം,കഴു-
ത്തോടിഞ്ഞു തൂങ്ങിപ്പോമെ-
ന്നിടയ്ക്കു തോന്നിപ്പോകും.
ആരാവാം...?
കണ്ണാടിക്കു
മുന്നിൽ ഞാനതേവിധ-
മെത്തുമ്പോളൊളിക്കുവ-
തെങ്ങാവാം..?കഴുത്തിനു
പിടിച്ചു പുറത്താക്കാൻ
നോക്കുമ്പോ,ളടവെല്ലാം
പയറ്റിത്തെളിഞ്ഞപോ-
ലൊഴിയും-അഭ്യാസിയാം?.
ചോദിക്കാൻ മടിച്ചേറെ
പ്പേരുടെ മുന്നിൽ ചെന്നു
നിന്നു ഞാനതേമട്ടിൽ...
അദൃശ്യനാമോ?...അവർ
കണ്ടതായ് ഭാവിച്ചില്ല.
ഇനിയെങ്ങാനുമെന്റെ
നിഴലാണെന്നാകുമോ?
അതോ
ഈ
ഞാനോ
നിഴൽ?