കൊടും മഴക്കാലത്തിൻ
കനത്ത ഓർമകൾ
കൊടിയ വേനലിൽ
അയവിറക്കും കുളം.
‘‘കുളപ്പരപ്പിൽ നിന്നും
ഒഴുക്കിൽ നീന്തിയ
ചെറുമീൻ കൂട്ടങ്ങൾ
പുഴകടന്നുവോ..
ഉപ്പുവെളളത്തിൽ വീണു
മുങ്ങിയൊടുങ്ങിയോ.."
തീരാത്ത ആധിയാ-
ണിപ്പോഴും കുളത്തിന്.
സങ്കടക്കണ്ണീരേറെ
കുത്തിയൊലിച്ചെന്നാലും
ഒഴുക്കിൻ രതിമൂർച്ഛ
പതഞ്ഞുയർന്നതും
കെട്ടിക്കിടപ്പിൻ്റെ
കാലം കഴിഞ്ഞെന്ന്
സ്വന്തം കടവുകൾ
ആർത്തു വിളിച്ചതും
പകൽ മയക്കത്തിൽ
ഓർത്തുപോകും കുളം.
ഒഴുകിപ്പോകാതെ
ആഴത്തിൽ പതുങ്ങിയും
ഇടയ്ക്കു മേൽത്തട്ടിൽ
ഉയർന്നു പൊങ്ങിയും
കുളം കലക്കുന്ന
അഴുക്കുകൾക്കൊപ്പം
പുനർധ്വനിക്കുന്നു
പഴയ ന്യായങ്ങൾ.
ഉള്ളിലെ മാലിന്യം
തുടച്ചുനീക്കുവാൻ
ഒരു പ്രളയത്തിനും
കഴിയില്ലെങ്കിലും
കെട്ടിക്കിടപ്പിൻ്റെ
വരണ്ട കാലത്ത്
ഒരു കുഞ്ഞു മേഘത്തെ
പെറ്റുവളർത്തും കുളം.