അസീം താന്നിമൂട്

വളർത്തു നായയും ഞാനും

ന്റെ വളർത്തു നായ
പെട്ടെന്നൊരു ദിനമിങ്ങനെ
എല്ലാ അനുസരണകളും ലംഘിച്ച്
കുതറുമെന്ന് ആരറിഞ്ഞു...!?

അതുവരെ തുടൽ
അതിനൊരു ബാധ്യതയായിരുന്നുവെന്ന് തോന്നിയിട്ടേയില്ല.
സ്വാതന്ത്ര്യങ്ങളെ
കൺവെട്ടത്ത് കാണുമ്പോൾ
കുരച്ചു ചാടാൻ പോലും
തുടലതിനു നിർബന്ധമായിരുന്നു.
ബന്ധനത്തിലല്ലാതിരുന്ന
അപൂർവം നിമിഷങ്ങളിൽ അതെന്നെ
പഠിപ്പിച്ച പാഠവും മറ്റൊന്നല്ല.

അത്രമേൽ ദൃഢമെങ്കിലും
തുടലിന്റെ അഴകൊഴമ്പൻ ഭാവത്തെയത്
നന്നായി മുതലാക്കുന്നതായ്
തോന്നിയിട്ടുണ്ട്.
അതിലെ അകലത്തിന്റെ പരിമിതിയെ അതു നന്നായ് ആസ്വദിച്ചിരുന്നു.
പരിധിയെ
പരിധിയില്ലാത്ത ശൗര്യംകൊണ്ടതു
ഹരിച്ചും ഗുണിച്ചും നോക്കി
പേടികളുടെ ശിഷ്ടങ്ങളെ
കൂടിനു ചുറ്റും
നിരത്തിയിടുമായിരുന്നു.

സ്വാതന്ത്ര്യമെന്നാൽ വിലമതിക്കാനാകാത്ത
അവകാശമൊന്നുമല്ലെന്ന്
ബോധ്യപ്പെടുത്താൻ
ഭക്ഷണപ്പാത്രത്തെയാണത്
നന്നായ് വിനിയോഗിച്ചത്.
ലൈംഗികതയുൾപ്പടെയുള്ള
എന്റെ എല്ലാ
അഭിനിവേശങ്ങളെയും അത്
ഞാളുവയൊലിപ്പിച്ചു നാറ്റിച്ചു.

എല്ലാ രാത്രികളും
ഉറങ്ങിത്തീർക്കാനുള്ളതല്ലെന്ന്
എന്നെ പഠിപ്പിച്ചതും മറ്റാരുമല്ല.
അപരിചിതത്വം ഏറെ
അകലമുള്ളൊരു സംഗതിയാണെന്ന
കൃത്യമായ ധാരണ
അതിനുണ്ടായിരുന്നു.
അപ്പോഴുള്ളതിനേക്കാളൊച്ച
അടിവീഴുന്ന വടിക്കു മുന്നിൽപ്പോലും
ഞാൻ കേട്ടിട്ടില്ല.
ഞരങ്ങി മൂളി
വാലാട്ടി വിധേയപ്പെട്ട്
എന്റെ ശൗര്യത്തെയത്
ലളിതവൽക്കരിച്ചു.
പരിചയത്തേക്കാൾ
അകലമുള്ളതല്ല അപരിചിതത്വം എന്ന്
പറഞ്ഞു തന്നതും
ഈ നായക്കു പിറന്നവൻ തന്നെ..

വീട്ടിൽ നിന്നും
കളവുപോയ കരുതലുകളൊക്കെ
സുഹൃത്തിന്റെ വീട്ടിൽ നിന്നും
കണ്ടെടുക്കും വരെ മറിച്ചൊരു
ധാരണയിലായിരുന്നല്ലോ ഞാൻ.

സ്വാതന്ത്ര്യത്തേക്കാൾ
അനുസരണയ്ക്ക് പ്രാധാന്യമുള്ള
അവസ്ഥകളുണ്ടെന്ന അതിന്റെ തത്വം
ആദ്യമൊന്നും ഞാൻ
ഗൗനിച്ചിരുന്നില്ല.

പക്ഷെ,
വൈകാതെ
അതിനൊപ്പം അനുസരണയോട്
ഇണങ്ങാതെ വയ്യെന്നായി.
വിശക്കുമ്പോൾ മുരണ്ടും
വിസർജ്ജിക്കുമ്പോൾ
നിശ്ശബ്ദതപാലിച്ചും
എന്റെ എല്ലാ ശ്രദ്ധകളേയും
കുരകളുമായി ബന്ധിപ്പിച്ചും
അശ്രദ്ധമായ അടച്ചുറപ്പുകളെ
കുതറി കുരച്ചാർത്ത് ഓർമ്മിപ്പിച്ചും
എന്നെ അതതിന്റെ
വാലാട്ടിപ്പട്ടിയാക്കി...
വാതിലിന്റെ അടപ്പു തുറപ്പു പോലും
അതു നിശ്ചയിക്കുന്ന നിലയായി...

അതു തുടലിലും
ഞാനതിന്റെ തടവിലും
എന്ന മട്ടായി..

അനുസരണകളെല്ലാം ലംഘിച്ച്
അതിപ്പോൾ
ഇങ്ങനെ തുനിയുമെന്ന് ആരു കണ്ടു..!?
തുടലിന്റെ പരിധിയൊരു
ബാധ്യതയെന്ന്
കുതറുമെന്ന് ആരറിഞ്ഞു...!

ഇപ്പോൾ സദാ
വരിഞ്ഞു മുറുകിയ നിലയിലാണ്
തുടൽ...!
എന്റെ കയ്യിലെ
ഓങ്ങിയ ഈ വടിയേക്കാൾ
ദൃഢമായി.

വിഭജന കാലത്തെ
ഇന്ത്യയും പാകിസ്താനും എന്ന മട്ടിൽ
ഞാനും
എന്റെ
വളർത്തു
നായയും.

എനിക്കാണോ
അതിനാണോ
പേയെന്ന്
​പരിശോധിച്ചാലറിയാം...


അസീം താന്നിമൂട്

കവി, മാധ്യമപ്രവർത്തകൻ. കാണാതായ വാക്കുകൾ, മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് എന്നിവ പ്രധാന കൃതികൾ.

Comments