രക്ഷാകവചം ധരിച്ച് ഞായറും തിങ്കളും
ഈ മുറിയിൽ വന്നുപോയി.
ചുമരുകളുടെ കാവൽ ഊഴം മാറി.
സമയം എന്നെ മൗനംകൊണ്ടു ഗുണിച്ചു
കടലിന്റെ വിദൂരവിലാപത്തിൽനിന്ന്
കാറ്റു കടഞ്ഞെടുത്ത ധൂമപ്രതിമ.
അതിന്മേൽ ഏപ്രിലിന്റെ നൈരാശ്യം
ഒരുനിമിഷം ചിറകൊതുക്കി.
പിന്നെ വിഷം വിസർജ്ജിച്ചു പറന്നുപോയി.
രാഷ്ട്രത്തിന്റെ നുണകൾ
തുള്ളിതുള്ളിയായി
എന്റെ രക്തത്തിൽ കയറിക്കൊണ്ടിരിക്കുന്നു.
ഓർമ്മകളെ ഉറുമ്പരിക്കുന്നു.
അവ സംസാരിക്കുന്നു.
ഉറുമ്പുകളുടെ സംഭാഷണം അപനിർമ്മിക്കേണ്ടത്
പ്രതീകയുക്തികൊണ്ടോ
ഉണങ്ങിയ ഇലകളുടെ മഞ്ഞനിറംകൊണ്ടോ
എന്നറിയാതെ ഞാൻ കുഴങ്ങി.
അരക്ഷിതമായ ബോധം
ഒരുമാലാഖയെ കൂട്ടിക്കൊണ്ടുവന്നു.
ദുഃസ്വപ്‌നത്തിന്റെ താപനില രേഖപ്പെടുത്തി
അവൾ തിരിച്ചുപോയി.
സായാഹ്നം
നായ്ക്കളുടെയും കിളികളുടെയും
ശബ്ദങ്ങളെ കൂട്ടിക്കലർത്തുന്നു.
വാർത്തകളുടെ തീരങ്ങളിൽ
ചിതാഗ്നിയുടെ കാവിക്കൊടികൾ പാറുന്നു.
കാലത്തിന്റെ ശ്വാസകോശത്തിൽ
മരണം പെറ്റുപെരുകുന്നു...
പറയൂ, ഞാൻ എവിടെയാണ്?
▮