പി.എ. നാസിമുദ്ദീൻ

വായിക്കുന്ന പുസ്തകം
താൾ മടക്കിവെച്ച്
ചാരുകസേരയിലേക്ക്
ചാഞ്ഞപ്പോൾ
മയക്കത്തിൽ
കീറിയ കുപ്പായവും
കറപിടിച്ച കളസവുമായി
ബീരാൻ കേറിവന്നു

തോളിൽ കൈ വെച്ച്
പതിവ് കൊഞ്ഞപ്പിൽ
പറഞ്ഞു

ഹലോ
കാലഘട്ടത്തിന്റെ ശബ്ദമേ
വിമാനത്തിൽ
നീ ലോകം ചുറ്റുമ്പോൾ
ഞാനില്ലാതായതറിഞ്ഞോ?

കാട്ടിൽ കൊഴിയുന്ന
ഇല പോലെ
ആരും ശ്രദ്ധിക്കാതെ
പാവങ്ങൾക്കും പീഡിതർക്കും വേണ്ടി
നീ എഴുതുന്ന കവിതകളിലെ
പേരില്ലാത്തവൻ.

എഴുതാൻ വേണ്ടി
നീയെടുത്ത പഴയ വീട്ടിൽ
നിത്യം ഗഞ്ചാവ് വാങ്ങിക്കൊണ്ടുവന്നു.
സർറിയലിസ്റ്റ് കവിതകൾക്കായ്
കള്ളവാറ്റു വാങ്ങിക്കൊണ്ടുവന്നു.
പുറത്തിറങ്ങുന്ന
വാരികകളും പുസ്തകങ്ങളും
വാങ്ങിക്കൊണ്ടുവന്നു.
പൊതിച്ചോർ കൊണ്ടുവന്നു.
കാലുകളിലെ
കൊതുകുകളെ തല്ലിത്തന്നു.

നിസ്സഹായരുടെ നാവായ്
നീ തിളങ്ങുന്നതുകണ്ട്
ആനന്ദക്കണ്ണു നനഞ്ഞു.

കാടാറുമാസം
നീ അലയാൻ പോയപ്പോൾ
ധർമ്മാശുപത്രിയിൽ
ന്യുമോണിയയിൽ
എട്ടുകാലിപോലെ
കൈകാലുകൾ
തല്ലിക്കരഞ്ഞ്
എന്റെ ശ്വാസം
നിലച്ചതറിഞ്ഞോ?

അവസരങ്ങൾക്കൊത്ത്
തെന്നിമാറുന്ന നീ
ഏത് സ്വർഗ്ഗത്തിലായാലും
എന്റെ ഓർമ്മകൾ
ഷണ്ഡലിംഗത്തിൽ
കട്ടുറുമ്പായി
ആഞ്ഞു കടിക്കും

Comments