‘‘ബെഞ്ചമിൻ നെതന്യാഹുവിനെ മാത്രം
ഞാനെപ്പോഴും സ്വപ്നം കാണുന്നു.
മാർട്ടിൻ ലൂദർ കിങ്ങിനെയോ
എബ്രഹാം ലിങ്കനെയോ
ലെനിനെയോ ഹോചിമിനെയോ
കാസ്ട്രോയെയോ മണ്ടേലയെയോ
എന്തിന്, നെഹ്‌റുവിനെപ്പോലും
ഞാനിതേവരെ ഉറക്കത്തിൽ കണ്ടിട്ടില്ല.
ഉറങ്ങിയാലുമില്ലെങ്കിലുമിപ്പോൾ
നെതന്യാഹു വിടാതെ കൂടെത്തന്നെയുണ്ട്.
സ്വപ്നമല്ലേ, പോട്ടെന്നു വെക്കാമായിരുന്നു
പക്ഷേ, കാര്യമതല്ല.
ഓരോ സ്വപ്നത്തിനും ശേഷം
ഞാനെന്നിൽനിന്ന് ചോർന്നുപോവുന്നു.
തുടർച്ചയായി കണ്ട് കണ്ട്
ഞാനേതാണ്ട് ഇല്ലാതായെന്ന് തന്നെ പറയാം.
അവശേഷിച്ച ഒരു തുള്ളി ഞാനാണ്
നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്.
ഇല്ലില്ല, അയാൾ പേടിപ്പിക്കുന്നൊന്നുമില്ല.
ഗാന്ധിയേക്കാൾ സൗമ്യമാണ് മുഖം.
ബുദ്ധനെക്കാൾ ശാന്തം.
കരുണാകാരം കണ്ണുകൾ…
പക്ഷേ, ഇടയ്ക്കിടെ വായ തുറക്കും
അപ്പോൾ മിസൈലുകൾ തുരുതുരാ ചീറും.
തീയും പുകയും നിറഞ്ഞ് ശ്വാസം മുട്ടും.
നിലവിളികളിൽ നിയന്ത്രണം വിട്ട്
സ്വപ്നമൊന്നാകെ ആടിയുലയും.
വിശന്നൊട്ടിയ വയറുകളിൽ
നിറച്ചൊഴിച്ച തോക്കിന്റെ ഉന്നം
എന്റെ തൊണ്ടയിലും കുരുങ്ങുന്നു
പ്രാണൻ പിടയുന്ന കുഞ്ഞു പുഞ്ചിരികൾ
ഭൂമിയെ തുണ്ടംതുണ്ടമായ് പിളർത്തുന്നു
ഞാൻ ആഴങ്ങളിലേക്ക് നിലതെറ്റുന്നു
വിറങ്ങലിച്ച ശരീരങ്ങളിൽ തൂങ്ങിനിൽക്കുന്നു
ഉറങ്ങാനോ ഉണരാനോ വയ്യാതെ
ശവക്കൂനയായെരിയുന്നു.
സ്വപ്നങ്ങളാണ് ഈ ലോകം സൃഷ്ടിച്ചതെന്ന്
ഞാനും പാടി നടന്നിട്ടുണ്ട്
‘നിങ്ങളീ ലോകത്തിൽ ഇല്ലായിരുന്നെങ്കിൽ’
എന്ന പാട്ടിൽ കൂറ് കൂട്ടിയിട്ടുണ്ട്.
മനുഷ്യർ മാഞ്ഞുപോകുന്നതിന്റെ
നിരാലംബ മൗനം മാത്രം
ഇപ്പോഴെന്റെ സ്വപ്നങ്ങളിൽ ഒച്ചവെക്കുന്നു.
പേടിപ്പെടുത്തുന്ന വിജനത മാത്രം
ഓർമ്മകളിൽ നിറയുന്നു.
എനിക്കിനി സ്വപ്‌നങ്ങൾ വേണ്ട,
ഈ വേട്ടമൃഗങ്ങളിൽ നിന്ന്
കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കണം ഡോക്ടർ’’.
കുനിഞ്ഞിരുന്ന് കുറിപ്പടിയെഴുതി
‘സമയാസമയം കഴിക്കൂ’ എന്ന്
മരുന്ന് നീട്ടിയത് നെതന്യാഹു.
പേടിച്ചു പുറത്തേക്കോടുമ്പോൾ
ഗേറ്റടക്കാൻ നെതന്യാഹു.
തെരുവിലൂടെയതാ
നെതന്യാഹു നയിക്കുന്ന
നെതന്യാഹുമാരുടെ വമ്പൻ റാലി.
ദൈവമേ എന്നലറി വിലപിക്കുന്ന
ഉള്ള് മുറിഞ്ഞ നിസ്സഹായതക്ക് മേൽ
ആകാശം
ഒരു പടുകൂറ്റൻ ബെഞ്ചമിൻ നെതന്യാഹുവായി
നിവർന്നു.
