ആണ്: അമ്മേ ഭഗവതീ തന്തയില്ലാത്തോളേ
ഭൂമിയ്ക്കു തേവി നീ തേവിടിച്ചീ
പിള്ളയില്ലാത്ത നീ പെണ്ണോ പുരുഷനോ?
പൊള്ളയായുള്ളു നിറച്ചുതരാമെടീ
പെണ്ണ്: തായേ മഹാമായേ ചോര കുടിക്കോളേ
ചോയിച്ചാ പറയോളേ, വായേന്നാവുള്ളോളേ
പൊറത്തായ എന്നെ നീ അകത്തായിവയ്ക്കമ്മേ
ചോരയില്‍ കൈമുക്കി അരിവാള്‍ കുലുക്കോളേ
ആണ്: നെറഞ്ഞ നിന്‍ മാറു നീ തുള്ളിക്കലുക്കടീ
വെറയ്ക്കട്ടേയുള്ളും പൊറവുമെടീ
ആണിനെക്കാണാതെയാണെടീ യീ വിറ
കണവനായേനിതാ വണങ്ങുന്നടീ
പെണ്ണ്: ആടിത്തിമര്‍ക്കമ്മേ, ഓടിയൊളിയ്‌ക്കെടാ
പോടാ നീ വാളിന്റെ വെട്ടേല്‍ക്കാതെ
പാട്ടൊന്നു പാടട്ടേ വാക്കൊന്നു മേടട്ടേ
പത്താണ്ടുകാലത്തെ മിണ്ടാട്ടം തീരട്ടേ
