എന്റെ ഭർത്താവിന്റെ അമ്മ
വാ പൂട്ടാത്ത ഗ്രാമീണ
തൊടിയിൽ നിന്ന് എപ്പോഴുമെന്തെങ്കിലും
പെറുക്കിക്കൊണ്ടുവരും.
സമയം കിട്ടുമ്പോൾ
പുകച്ചു കത്തിക്കാനുള്ള
ഒരു കെട്ട്
നനഞ്ഞ പരദൂഷണം.
ചുനയൊലിക്കുന്ന
വാക്ക്
രോമങ്ങളുള്ള
രഹസ്യം
മുളഞ്ഞിനോട്ടം
മുള്ളുവാർത്ത
കലഹപ്രിയരാഗത്തിലുള്ള
ഒരേമ്പക്കം
അതുമല്ലെങ്കിൽ
ഏറു കൊള്ളുമ്പോൾ
മടമ്പു നോവുന്ന തരം
ചെറിയ ചെറിയ
ഉരുളങ്കല്ലുനുണകൾ.
ചിലപ്പോൾ മാത്രം
മടിക്കുത്തിൽ നിന്നെനിക്കവരെടുത്തു തരുന്നു
ഭംഗിയുള്ള
മാടത്തത്തൂവൽ.
