ചമ്മന്തിപ്പലകയിലെഉള്ളി പറ്റിച്ച പണികൾ
ആദ്യമായി സ്‌കൂളിലേക്കു നടക്കുമ്പോൾ
ചന്തവഴിയിൽ
ദിശാസൂചിപോലെ
ചെറുപലകയിൽ
ശവപ്പെട്ടി പരസ്യം.
അന്നേ കുഴിവെട്ടിതുടങ്ങി
മരണാഭിമുഖ്യം.
കണക്കിൽ ദീർഘചതുരം വരയുമ്പോൾ
അവളിൽ കയറിമറിയുമ്പോൾ
വീടിന് പ്ലാൻ വരയ്ക്കുമ്പോൾ
ടിവി കാണുമ്പോൾ
എവിടെയും
മഞ്ച
ഏങ്കോണിച്ചു ചിരിക്കുന്നു.
നിരത്തിനെതിർവശം
ശവപ്പെട്ടിയെ ഉറ്റുനോക്കി
ബ്രായുടെ മുനവെച്ച പരസ്യം ഉണ്ടായിരുന്നോ?
എങ്കിൽ
രണ്ടുമലകൾക്കിടയിലെ
സൂര്യനെ വരയ്ക്കുന്ന ചിത്രകാരനോ
മുനവെച്ച ചോദ്യവുമായെത്തുന്ന
വാർത്താലേഖകനോ
ജലതരംഗം വായിക്കുന്ന
സംഗീതജ്ഞനോ
മിനാരങ്ങൾ കൊത്തുന്ന
ശിൽപ്പിയോ ആകുമായിരുന്നു
തലവെട്ടാൻ ചായ്ച്ച കോഴിയെ പോലെ
ചമന്തിപ്പലകയിൽ വെച്ച ഉള്ളിയാണ്
ജീവിതം
തൊലിപ്പൊളിച്ച് തൊലിപ്പൊളിച്ച്
ഒന്നുമില്ലാണ്ടാക്കിയത്.
മുളങ്കയ്യിലാൽ ഉള്ളിയെ അമർത്തിയപ്പോഴല്ലേ
രണ്ട് സാധ്യതകൾ
തെന്നിത്തെറിച്ചത്?
ആദ്യശ്രമത്തിൽതന്നെ ഉള്ളിയുടഞ്ഞ്
ഉപ്പും വെളിച്ചെണ്ണയുമായി ചേർന്ന്
ചമ്മന്തിയായി മാറിയതോടെ
ഇരിഞ്ഞാലക്കുട ക്രൈസ്റ്റിലേക്ക്
ജയ്കൃഷ്ണ ബസ് തന്നെ കിട്ടി.
ആ ബസിലായിരുന്നു ഛോട്ടാ രാജന്റെ ബഡാ ശിഷ്യന്റെ യാത്ര.
തൊമ്മാന വളവിൽ
ബ്രേക്കിട്ടപ്പോഴാണല്ലോ
രാജന്റെ ശിഷ്യനിൽ ഞാൻ ഇടിച്ചുകയറിയതും
അയാളെന്നെ ബേപ്പൂരിലേക്ക് കണ്ണുകെട്ടികൊണ്ടുപോയതും
ബിരിയാണി വാങ്ങിതന്നതും
അയാൾ കട്ടൻ ചായ മാത്രം കുടിച്ചതും.
പച്ചപകൽ ആലിൻച്ചോട്ടിലിരുത്തി പിശ്ശാങ്കത്തികൊണ്ട്
കിഡ്നി തുരന്നതും
എം.വി ദ്വീപ്‌സേതു കപ്പലിൽ
ലക്ഷദ്വീപിലേക്ക് കടത്തിയതും.
അങ്ങനെയല്ലേ
കിഡ്നിപോയ കുത്തിക്കെട്ടിൽ
തലോടി തലോടി
തിരുമ്മുവിദഗ്ധനായതും
നിങ്ങളുടെയൊക്കെ
കയ്യും കാലും പിടിച്ച്
മസാജ് ചെയ്തുതുടങ്ങിയതും.
ചമ്മന്തിപ്പലകയിൽ ഉള്ളി വഴങ്ങാതെ നിന്നെങ്കിൽ
അൽപ്പം വൈകിയോടുന്ന
സെയിന്റ് മേരീസ് ബസിലായേനെ യാത്ര.
അതിലായിരിക്കുമല്ലോ
ദാവൂദ് ഇബ്രാഹിമിന്റെ ശിഷ്യൻ സുലൈമാന്റെ യാത്ര
പുളിഞ്ചോട് വളവിൽ ബ്രേക്കിട്ടപ്പോൾ
അയാളുടെ പോക്കറ്റിൽ നിന്ന് ഹീറോ പേന വീഴുമായിരുന്നല്ലോ
കാൽച്ചോട്ടിൽ കിടക്കുന്ന ഹീറോയെ
തൂക്കിയെടുത്ത് നൽകുമ്പോൾ സുലൈമാൻ ചിരിക്കുമായിരുന്നല്ലോ
പേര് ചോദിക്കുമായിരുന്നല്ലോ
ബേസിക് മാത്തമാറ്റിക്സ് ബുക്ക് പിടിച്ചുവാങ്ങി
താൾ കീറി കുത്തിക്കുറിച്ചു നീട്ടുമായിരുന്നല്ലോ
വിലാസത്തെ പിൻചെല്ലുമ്പോൾ
ബോംബെയിലെ അന്ധേരിയിലെ
പതിനഞ്ചാം നില ഫ്ളാറ്റിലെ
അധോലോകത്താവളം
തോക്കുചൂണ്ടി നിൽക്കുമായിരുന്നല്ലോ
ഇരുട്ട് കത്തിനിൽക്കുന്ന
മുറികളിൽ
തത്തമ്മയുടെയും കപ്പലിന്റെയും
ഒട്ടകത്തിന്റെയും താക്കോലിന്റെയും
തീപ്പെട്ടിപ്പടങ്ങൾ പായ്ക്ക് ചെയ്യുന്ന തിരക്ക് കാണുമല്ലോ
നോക്കി നിൽക്കുന്നോ,
കണ്ണിചേരൂ വേഗമെന്ന്
അട്ടഹാസം കേൾക്കുമായിരുന്നല്ലോ
അങ്ങനെയാകുമല്ലോ ഞാൻ
തീപ്പെട്ടിപ്പടങ്ങളുടെ കുപ്രസിദ്ധ രാജ്യാന്തര കടത്തുകാരനാകുന്നത്?
▮