1991 (ജൂൺ മാസം)
7 ബി, ക്ലാസ്റൂം.
‘നിനക്കാരാവണം?',
ദമയന്തി ടീച്ചർ ചോദിച്ചു.
‘എനിക്ക് പൈലറ്റാവണം',
ഏഴാം ക്ലാസ്സുകാരന്റെ ഊറ്റത്തോടെ
അനിൽപറഞ്ഞു.
‘നിനക്കോ സ്മിതേ?'
‘എനിക്ക് ടീച്ചർ ആവണംന്നാ',
സ്മിത പറഞ്ഞു.
അത് കേട്ട് ദമയന്തി ടീച്ചറുടെ മുഖം തെളിഞ്ഞു.
ഡോക്ടർ ആവണമെന്ന് സാമും,
എഞ്ചിനീയർ ആവണമെന്ന്
റഹീമും പറഞ്ഞു.
കാളിദാസന് കവിയാവണമെത്രേ
അക്ഷരതെറ്റുകൾ ധാരാളം അവന്റെ
പുസ്തകത്തിൽ കണ്ടിട്ടുള്ളത് കൊണ്ട്
അവൻ കവി തന്നെ ആവുമെന്ന്
എനിക്കും തോന്നി.
‘നിനക്കോ ശ്രീലേ?'
ഇനി ഊഴം എന്റെതാണ്.
സത്യംപറയണോ?
അറിയാതെ മേൽച്ചുണ്ടിൽ
വിയർപ്പു പൊടിഞ്ഞു.
ഒരു ഭയം .
രണ്ടാം കൊല്ലം വേനലവധിയ്ക്ക്
മലമ്പുഴയിൽ പോയപ്പോൾ
തോന്നിയ മോഹം.
‘ഭയക്കാതെ പറയൂ, ഉള്ളതങ്ങു പറ',
ടീച്ചറുടെ ശബ്ദം ഉയർന്നുവോ.
സത്യവും ഭയവും ചേർന്നൊരു
ശബ്ദത്തിൽ ഞാൻ പറഞ്ഞു,
‘എനിക്ക് യക്ഷിയാവണം.'
ഒരു നടുക്കം,
പിന്നീട് മൗനമായി ക്ലാസിൽ പരന്നുവോ.
പതിയെ എന്നാൽ ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു
‘മുടിയഴിച്ചിട്ട്, ഉച്ചത്തിൽ ചിരിച്ച്,
ആർത്തുല്ലസിച്ച്
ഇരുട്ടിനെ ഭയക്കാതെ
വന്യതയുടെ ചോരയൂറ്റി
പാലപ്പൂവിന്റെ ഗന്ധമായി
ഉറക്കമില്ലാതെ
ഭൂമിയെ പോലെ പ്രിയമുള്ളതെന്തും
പേറി
മരണമില്ലാതെ
പകൽവെട്ടത്തിൽ
ഒരു ശിലയായി കുന്തിച്ചിരുന്ന്
അങ്ങനെ
സ്വന്തം അച്യുതണ്ടിൽ
മാത്രം കറങ്ങുന്ന
ഒരു യക്ഷി.'
പറഞ്ഞു തീരുംമുമ്പ്
പുസ്തകകെട്ട്
പുറത്തേക്കു തെറിച്ചു
ആരോ കൈവലിച്ചെന്നെ
പുറത്തേക്കുതള്ളി
ഉച്ചത്തിൽ പിറകിൽ
ദമയന്തി ടീച്ചർ ആക്രോശിച്ചു
‘അസത്ത്!'
▮