തീവണ്ടിയൊച്ചയിൽ അവളുടെ വീട്

പാസ്സഞ്ചർ തീവണ്ടികൾ മാത്രം നിർത്തുന്ന
റെയിൽവെ സ്റ്റേഷന്റെ പിറകിലായിരുന്നു
അവളുടെ കൊച്ചുവീട്.
നിർത്താതെ പോകുന്ന തീവണ്ടികളൊക്കെയും
അപ്പന്റെ നെഞ്ചിൽ തീകോരിയൊഴിച്ചുകൊണ്ട്
വീടിനെ ഞെട്ടിച്ചു.
വീട് വിറയ്ക്കും, ഒപ്പം അവളും!

നിർത്തുന്ന തീവണ്ടികളിൽ നിന്നിറങ്ങി
പാലം മുറിച്ചു കടക്കുന്ന യാത്രക്കാർ
അവളുടെ വീടിനെ കാണും, അവളെയും.
തീവണ്ടിയൊച്ച കേൾക്കുമ്പോഴേ
‘കേറിപ്പോ!' എന്ന്
നിലവിളിയൊച്ചയിൽ
അമ്മ വെളിപ്പെടും.
തീവണ്ടിമണമാണവൾക്കെന്ന്
കൂട്ടുകാർ പറയുമ്പോൾ
അവൾ സ്വയം മണപ്പിച്ചു നോക്കും.
രാത്രികളിൽ തലയ്ക്കകത്തൂടെ
തീ-വണ്ടി കിതച്ചോടുമ്പോൾ
അവൾ പൈപ്പിൻചോട്ടിലേയ്ക്കോടും.
അമ്മ കണ്ടാൽ
‘മുഴുപ്പിരാന്തി'യെന്നോ ‘ജലപ്പിശാചെ'ന്നോ
അലറിക്കൊണ്ടോടിവന്ന്
നെറുകുംതലയിൽ കിഴുക്കും.
തലതാഴ്ത്തി
അമ്മയുടെ നിലവിളിയൊച്ചയ്ക്കൊപ്പം
നടക്കുമ്പോഴവൾ
സ്വയം മണത്ത്
നനഞ്ഞ കക്ഷങ്ങളിൽ
തീവണ്ടിമണം പരതും.

ഓർമ്മവെച്ച കാലം മുതൽ
അവൾ കാണുന്നുണ്ട്
ഉമ്മറച്ചുമരിന്മേൽ
വരച്ചുവെച്ചപോലൊരു വിള്ളൽ.
വീട് വിറയ്ക്കുമ്പോഴൊക്കെ
നീണ്ടു നീണ്ടു വരുന്ന പിളർപ്പിലേയ്ക്ക്
അവളറിയാതെ കണ്ണെത്തും.
ലോകത്തോടു മുഴുവനുമുള്ള വെറുപ്പ്
ചവച്ചരച്ച്
‘ശവം' എന്നു നീട്ടിത്തുപ്പും അപ്പൻ.
വീടൊഴിയാൻ നോട്ടീസ് വന്നപ്പൊഴും
നിർത്താതെ പോയൊരു തീവണ്ടി തെറിപ്പിച്ച
പതിനാറുവയസ്സിന്റെ ഇടതുകാൽ
മുറ്റത്തു വന്നു വീണപ്പൊഴും
അവൾ പത്താംതരം പാസ്സായപ്പൊഴും
അപ്പൻ നീട്ടിത്തുപ്പി,
‘ശവം.........'

പുസ്തകങ്ങളും ചോറ്റുപാത്രവും
‘ശവം...' എന്നു പാളങ്ങളിൽ പുതഞ്ഞുപോയ
ഒരു നട്ടുച്ചനേരത്ത്
നിലവിളിപ്പൊന്തകൾക്കുളളിൽ
ഭയന്നിരിയ്ക്കുന്ന
കൂട്ടം തെറ്റിയ ഒരു ബോഗിയാണ്
വീടെന്ന്
അവൾക്കു തോന്നി.
കല്ലുവെട്ടുകുഴിയിൽ
ഒളിച്ചുകളിയ്ക്കുമ്പോൾ
തിരികെയെത്താനുള്ള വഴിമറന്നു കരഞ്ഞ
നാലുവയസ്സുകാരിയായി
അവൾക്ക് വീട്.
കണ്ണുപൊത്തിക്കളിയ്ക്കുന്ന കുറെയേറെ
ബോഗികൾക്കിടയിൽ
മുറിഞ്ഞോ കരഞ്ഞോ
ചോരയൊലിപ്പിച്ചോ പോലും
തിരികെപ്പോകാനാകാഞ്ഞ
ഒരു പാവം ബോഗി.

മടങ്ങിയെത്താനാവാത്ത ദൂരങ്ങളിൽ നിന്ന്
മറന്നുപോയ വഴികൾ നിലവിളിച്ചാർത്തപ്പോൾ
തീവണ്ടിയൊച്ചകളിൽനിന്നും
മണങ്ങളിൽനിന്നും
ചിതറിയോടിയ അവൾക്കൊപ്പം
നിർത്താതെ പോയ തീവണ്ടിയൊച്ചയിൽ
പിന്നെയും വീട് വിറച്ചു, അപ്പനും.
അവളുടെ നീലക്കുപ്പായം ഇടതുകയ്യിൽ ചുരുട്ടിപ്പിടിച്ച്
അപ്പനപ്പോഴും അലറി, ‘ശവം...'


ബിനു ആനമങ്ങാട്

കവി, എഴുത്തുകാരി, പ്രസാധക. കുടുംബശ്രീ മിഷനിൽ ജോലി​ ചെയ്യുന്നു. ​​​​​​​മഴ പെയ്യിയ്ക്കാൻ ആരോ വരുന്നുണ്ട്, ഫിഷ് തെറാപ്പി, ക്രഷ് ദ ബോട്ടിൽ ആഫ്റ്റർ യൂസ് അഥവാ ഓർമ്മകൾ ചാവേറുന്ന ആകാശക്കപ്പൽ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments