മുൻകുറിപ്പ് : ഇതൊരു കുറ്റാന്വേഷണ കവിതയാണ്. പല ആളുകളിലൂടെയാണ് കവിത വികസിക്കുന്നത്. ഓപ്ഷനുകളിലൂടെ കവിതയുടെ സഞ്ചാരം തിരഞ്ഞെടുക്കുന്നതിന് വായനക്കാരന് സ്വാതന്ത്ര്യമുണ്ട്.
പക്ഷികളുടെ വരവ്
സാജന്റെ കൊലപാതകം : പ്രധാന സാക്ഷി
കനം കുറഞ്ഞ മേഘം
{
ആകാശത്തിൽ
}
പറ്റിപ്പിടിച്ച മാറാല
ചാറ്റൽ മഴയൊരു നേർത്ത ജനൽ വിരി
വെളിച്ചം തട്ടി ചിതറുന്ന
ജലാശയത്തിന്റെ ഉപരിതലോ-
ഷ്മളതക്കു തൊട്ടു താഴെയുള്ള
തണുവ്
ഈ മണ്ണിലിനിയിത്തിരിനേരമെന്ന്
മുറിച്ചു കളഞ്ഞ മരത്തിന്റെ
ഉണങ്ങിയ കട ഭാഗം പോലെ
ഒരു വൃദ്ധൻ
അയാളുടെ വിരലുകളിൽ
ഉള്ളി തൊലി കളഞ്ഞ മണം
"ഔ അയ് ദെവസം അതത്രപെട്ടെന്ന് മറക്കാൻ പറ്റ്വോ?
അന്നയ്ക്കാണ് എന്റെ കെട്ടിയവള്
അയ് മുണ്ട്ര മക്ള്
തൂമ
കറമം
ഉണ്ണിക്ക് സുമാറ്
നാല് വയസാര്ന്ന് മെയ്നേ
നങ്ങ അന്ന്ക്ക് വെളിയൂരായ് ര്ന്നേയ്
നാനൂം പെണ്ണൂം ഉണ്ണിം
അന്നയ്ക്ക് നമ്മണ്ട പണി
ഗുഡൗണിലാട്ടോളിൻ
ഇയ്യ സാമാനങ്ങളൊക്കെ
പെറ്ക്കി വെക്ണില്ലേ അയ് പണി
വല്ല്യ എടങ്ങറൊന്നില്ലാത്ത പണ്യാണ്
എല്ലാ, കാലം കൊറേയായില്ലേ
എന്തണ്ടാ മേയ്നേ
അയ് കേസ് പിന്നീം കുത്തി പൊക്കിയാ
ആവൂ എല്ലാം നാൻ പറയാട്ടോളിൻ
അന്ന് ഐയ് കൂത്തിച്ചിമോൾടെ
പെറന്നാൾ ആണേയ്
അവളെന്ന് നെട്ടിക്കണംന്ന് നെനച്ച്ണ്ട്
വേഗം പണിഒക്കെ മാറി,
അയ് ജോസപ്പിന്റെ കടേപോയി
കേക്ക്, ങ്ങനെ തൂക്കി തൂക്കിയിടണ
കളറ്കളറ് തോരണൊക്കെ
വാങ്ങീങ്കണ്ട് വന്നു
കേക്കില് രണ്ടാമത്തെ തിരി
കുത്തിങ്കണ്ട് ഇരുന്നപ്പിണ്ട്ര
വാതിലു തൊറക്കണ ചെത്തം
ആവ്വ്വോ
അവ്ളനെ നെട്ടിക്കണ്ടേ
നാൻ എന്ത് കാട്ടി?
അയ് കേക്കൊക്കെ ഒളിപ്പിച്ച്ങ്ങണ്ട്
ബാൽക്കണിന്റവ്ടിക്ക് ഓട്രാ ഓട്ടം
അയ് പണ്ടാരം കൊറേ മൂച്ചിം
പിന്നെന്തൊക്കെയേ ചെടിം
ഒക്കെ വാങ്ങി വെച്ച്ട്ട്ണ്ടേയ്യ്
ഒക്കെ അവളന്നെ നോക്കും
പൂച്ചി മെരുന്നടിക്കാൻ മാത്രം
നാൻ തന്നെ മല്ല്ക്കെട്ടി നിക്കണം മേയ്നേ
നാ എലന്റെ ഉള്ളുകൂടെ നോക്കീങ്കണ്ടിരുന്നേയ്"
കുഞ്ഞു മനുഷ്യർക്ക്
സുതാര്യമായ ചിറക് വച്ച പോലെ
തുമ്പികൾ കാറ്റിൽ ദിശ തെറ്റി
മുകളിൽ വന്നു
ചിറകടിച്ചു കൊണ്ടിരുന്നു
ഒരു പൂച്ച ഉള്ളിലിരുന്ന്
നൊട്ടിനുണഞ്ഞുകൊണ്ട് കുറുകി
അതേ കാറ്റിൽ ചെടികൾ
കാതുകൾ കാതുകളോട്
ചേർത്തുലഞ്ഞു
ഒരൊച്ച് നനവ് കൊണ്ട്
തൊലിയിൽ തൊട്ടു
മഞ്ഞുരുകി ചെളിവെള്ളമായി
വിത്തുകൾ സിമന്റ് തറയിൽ കിടന്നു
എത്ര നനച്ചിട്ടും
നനവു തട്ടാതിരുന്ന
ചെടിയുടെ കടയിൽ
വേനൽ വരണ്ടു
ആമ്പലിലകൾക്കിടയിൽ
മുങ്ങിച്ചത്തവന്റെ തൊപ്പി പോലെ
ചെടികൾക്കിടയിലൊരു തല
"ഔ എന്താ പറയ്യാ മെയ്നേ
അയ് കൂത്തിച്ചി മക്ള്
ഒറ്റക്കല്ലാന്ന്
അവള്ന്റെ കൂടെ
ഒരു പൊക്കണം കെട്ട
ചെക്കനുംണ്ട്ന്ന്
നാൻ പെട്ട്ല്ലേ മേയ്നേ
എളകിയാ ഐ പെണ്ണറിയും
ആവൂ ഐ ചെടി മുഴുക്കനെ
പൂച്ചീം പുഴൂം
ഒക്കെക്കൂടെ മേലെ
അരിച്ചാ എന്തിനാവും ഉണ്ണീ
അപ്പോണ്ട്രാ ഐ മൂതേവി
മുറീന്റെ ഉള്ളിക്കേറീ
വാതലടച്ചൂന്ന്
ന്ന് ട്ട് അയ് പ്പെണ്ണ്
ബാഗ് ന്ന് ബെൽറ്റെടുത്ത്ങ്കണ്ട്
ഐ ചെക്കന്റെ പൊള്ളേല് കെട്ടിന്ന്
ന്നട്ട് അവള് എന്ത് കാട്ടീന്നാ
എന്നട്ടിവള്ണ്ടല്ലാ
മാട്ട്ങ്കിട്ടീനെപ്പോലെ അതിനിങ്ങനെ
വലിക്കാൻ തൊടങ്ങീന്ന്
ന്നട്ട് ഐ പെണ്ണ് ഇങ്ക് ളീഷില്
ഒരേ പീത്തല്
"ഹൂ ആർ യു?'
അപ്പോ ചെക്കൻ പറയാന്ന്
"യുവർബിച്ച്' ന്ന്
പിന്നെ പെണ്ണ് കേട്ടു
"വാട്ട് ഡു യു വാണ്ട്?'ന്ന്
"ടു ബി യുവർ സ്ലേവ്' ന്ന്
"നാൻ നിന്നെക്കൊണ്ട് പറഞ്ഞ
പണിയൊക്കെ ചീതാ? ന്ന് കേട്ടു'
ചെക്കനുണ്ടല്ലോ ഇങ്ങനെ
ബപ്പ്ന്ന് ഒന്നുമേ മിണ്ടാണ്ടിരുന്നു
അവളെന്ത് കാട്ടി?
അവ്ന്റെ മോന്തീം മൊക്റും
ഒക്കെ വക്റി പൊളിച്ചൂന്ന്"
ചോദ്യം ചോദിക്കുമ്പോള്
മിണ്ടാതെ ഇരിക്കണോ?
നോ മാം
ആ ഫയൽ ചെയ്തോ
നോ മാം
പണി ചെയ്തില്ലേൽ പണിഷ്മെന്റ് ഉണ്ട്
യെസ് മാം
ഇവിടെ വാ
ഠോ
ഒരു വെടി ശബ്ദം
തൊലിയിൽ നിന്നും
പൂച്ചികൾ ഒച്ചകളായ് തെറിച്ചു
കാട്ടുപോത്ത് കൊമ്പുരസും മരത്തിൽ
പൊത്തു കൊത്തും മരംകൊത്തിയുടെ
മഴവില്ല് നിറമുള്ള തലപ്പൂവുകൾ
പക്ഷികൾ തുരുതുരെ ജനലിലിൽ അണഞ്ഞു.
പള്ളിയിൽ പ്രാവുകളുടെ ചിറകടി ശബ്ദം
ജനൽ ചില്ലുകൾ തെറിച്ച് വീണപ്പോൾ
മഞ്ഞു ചീളുകളിൽ നിന്നും ഇറ്റിറ്റു വീഴും
ജലത്തുള്ളികളെന്ന് തോന്നി
കുഞ്ഞുങ്ങളുടെ തലയുടെയത്രയും
വലിപ്പമുള്ള മരപ്പൊത്തെന്നു കരുതി
ഉറങ്ങിക്കിടക്കും കുടവയറനിൽ
ഒരു കൂട്ടം കിളികൾ കൂടുകൂട്ടി
ജനലിലൂടെ അകത്ത് വന്നത് പോലെത്തന്നെ
അവ പുറത്തേക്ക് പറന്നു
ചുവന്ന പുഴുക്കൾ കൊക്കിൽ
പർവ്വതങ്ങളുടെ മൂക്കിൻതുഞ്ചത്ത്
പൊടിക്കും വിയർപ്പു കണങ്ങൾ
ആവിയായ കണക്കേ ആ പക്ഷിക്കൂട്ടം
ആകാശത്തിലലിഞ്ഞു
അവരുടെ ചിറകടിയൊച്ചയിൽ
മനുഷ്യരുടെ അലർച്ച പതുങ്ങിക്കിടന്നു.
"അത് നമ്മണ്ട ബാൽക്കണീന്റെ
നേരെ മുമ്പ്രത്ത്ള്ള ഫ്ലാറ്റ്ന്ന്
നമ്മന്റെ സാജന് സാറില്ലേ
ഐ മൂപ്പര്ന്റെ വീടാരുന്നേയ്
നോക്കുമ്പണ്ട്രാ അയ് ജനല്ന്ന്ങ്ക്ട്
തോനെ പക്ഷികള് വര്ന്നെ വര്ന്നെ
ഔ ന്റെ മെയ്നേ
ഒരു പത്ത്നൂറ്റി ച്ചില്ലാനംണ്ട്
എന്താപ്പോ ചെയ്യാ
ഐ പെണ്ണും ചെക്കനും കൂടെ
പൊത്തിപ്പിടിച്ച് കെടക്ക്ണൂന്ന്
നാനെന്ത് കാട്ട്ണ്
അയ് സയിഡ് കൂടെ മന്ക്കനെ
എറങ്ങിപ്പോയ്
ഞാനല്ലാണ്ടിപ്പ എന്ത് കാട്ടാനാ മേനേ
പിന്നാമ്പ്രത്ത് അയ് പെണ്ണിന്റെ
മോങ്ങലും മുനിയലും ഒക്കെ
കേക്ക് ണ്ണ്ടായ് ര്ന്നൂന്ന്
അപ്പത്തന്നെ പോലീസൊക്കെ വന്നുട്ടോളിൻ
ഐ സാജൻ സാറേയ്
അത്ര സെരിയൊന്നുവല്ല
അയാൾടെ പെണ്ണ്
കണ്ടവന്റെ കൂടെ
ഓടിപ്പൊയതാണേയ്
പോലീസിനോട് കേട്ടപ്പോ
ഐ മൂപ്പരെന്നെ
ചെയ്ത പണിയാണ് വേ
പക്ഷേങ്കില് എനക്കൊറപ്പാ
ഐ നാറ്റ പണി ചീതത്
മൂപ്പര്ടെ പെണ്ണാണ്ന്ന് മേയ്നേ
അയ് ഇയ്യ പെട്ടക്കൂത്തിച്ചിമക്കളൊന്നുമേ,
പെണ്ണുങ്ങളൊന്നുമേ ഒരു പന്തിയില്ല്യാന്ന്
അയ് പെണ്ണ് വേറെ ഓടിംമ്പോയിംങ്കൊണ്ട്
തൊയ്-ര്യായിട്ട് ഇരിക്ക്യാര്ന്നേയ്
അവൾടെ ചെയ്ത്തെന്നായിരിക്കൊള്ളോ
ഐ മൂപ്പര് അവള്ന്റെ തൊയ് ര്യം
കെടുത്തീണ്ടാവേ മേനേ
അയ് മൂപ്പര് ഒന്നരാടം
അങ്ക്ട് പോയിങ്കണ്ട് അഗറെന്നെ
ഈ പഴേ കദയൊക്കെ
പറഞ്ഞ് പിത്തനാട്ടണ്ടാക്കാൻ
അയ് സാറങ്കട് പോകുംന്ന്
മൂപ്പർടെ തൊല്ല കാരണോം
മണ്ട കാഞ്ഞ്
അയ് പെണ്ണ് ഗുണ്ടകളെ
വിട്ടുണ്ടാവും മേയ്നേ
എന്തക്കെ ജാതി മനിഷ്യന്മാരാണ് ഇല്ലേ മേയ്നെ
നിക്ക് ചെലപ്പോ ചോറ് മത്യാരിക്കും
ഐ ചെക്കന് പൈസ
അത് ആരിക്കും വേണ്ടീത്
അപ്രത്തെ തൂമക്ക് പെണ്ണ് വേണവേ
നങ്ങക്കാണെ ലേശം വാട്ടവെള്ളം
വാട്ടീസ് മത്യടാ ഉണ്ണ്യേ
ഈ പണ്ടാരത്തിനൊരന്തോകുന്തോണ്ടാ
നമ്മ ഒക്കെ മന്ഷ്യമ്മാരല്ലേ ഉണ്ണീ"
മഴ തോര്‍ന്നപ്പോള്‍
തെളിഞ്ഞ മരങ്ങൾ
തെളിഞ്ഞ ഇലകൾ
തെളിഞ്ഞ മണ്ണ്
കിളികളുടെ തെളിഞ്ഞ ചിലപ്പ്
⦾ കൊല്ലപ്പെട്ട സാജന്‍റെ ഭാര്യയുമായി സംസാരിക്കുന്നതിന് [click here]
⦾ കേസന്വേഷിച്ച പൊലീസുകാരനുമായി സംസാരിക്കണമെങ്കില്‍ [click here]
ശബ്ദം: എം. ശിവകുമാര്‍