ഇരുന്നൂറ് വയസ്സുണ്ടെനിക്കെന്ന്.
കട്ടിക്കണ്ണടച്ചില്ലിനിടയിലൂടെ
കണ്ണുരണ്ടും, എന്നിൽ നട്ടുനിന്നിരുന്ന പെൺകുട്ടി
തൊട്ടുനിന്ന കൂട്ടിനോട്
ആവശ്യത്തിലുമുച്ചത്തിൽ പറയുമ്പോഴാണ്
ഞാൻ അതറിയുന്നത് തന്നെ.
മുൻപ് കണ്ടുപോയവരൊക്കെ
എല്ലാം ഓടിത്തൊടാനുള്ള
തിടുക്കത്തിലായിരുന്നല്ലോ.
ഒരു പരന്ന പാത്രത്തിൽ
ആദ്യമുള പൊട്ടുന്നത് ഓർമയിലുണ്ട്;
ചൊകചൊകന്നൊരു കളിമൺപാത്രം.
കുറച്ചൊന്നുയർന്നപ്പോൾ
പിഴുതെടുത്ത് മാറ്റിനട്ടതും
സ്നേഹം നനച്ച അതേ കൈകൾ.
വേരിലും തണ്ടിലും ആകമാനം
കത്രികക്കൈകൾ
മുറതെറ്റാതെ
ഓടിനടന്നതും മറന്നിട്ടില്ല.
ഒക്കെയും
ശരിക്ക് വളരാനുള്ള
കരുതലായിരുന്നത്രെ.
ആരുടെയൊക്കെയോ ശരികൾക്കൊപ്പം
പാത്രങ്ങൾ മാറി;
ചോട്ടിലെ മണ്ണും
ശ്വസിച്ച വായുവും മാറി;
നനച്ച കൈകളും
കൈയുടമകളും മാറി.
ആകാശക്കീറുകളുടെ വലിപ്പച്ചെറുപ്പങ്ങൾ
ഇടങ്ങൾ മാറുന്നുവെന്ന്
ഇടയ്ക്കിടെപ്പറഞ്ഞിരുന്നു.
മാറ്റത്തിന്റെ വരുത്തുപോക്കുകൾ
കടന്നുപോന്ന വർഷങ്ങൾക്ക്
മറ പിടിച്ചിരിക്കണം.
ആദ്യത്തെ ആകുലതകൾക്കൊക്കെ
ശീലം തിരശ്ശീലയിട്ടിരിക്കണം.
ഒരു കുടം മണ്ണ്;
അതെവിടെ ആയാലെന്താ.