ബൾബ് തിന്നുമായിരുന്ന
ഒരാളെ എനിക്ക് പരിചയമുണ്ട്
പ്രകാശത്തോടുള്ള
അടങ്ങാത്ത കൊതിയായിരിക്കുമെന്ന്
ഞാൻ കണക്കുകൂട്ടി.
ചിരിക്കുമ്പോൾ
അയാളുടെ വയറ്റിൽനിന്ന്
വെളിച്ചം പുറത്തേക്കുവരുന്നത്
ഞാൻ സങ്കൽപിച്ചു.
രാത്രിയിൽ ഒരു മിന്നാമിനുങ്ങായ്
അയാൾ പ്രവർത്തിക്കുമെന്ന്
ഞാൻ ഉറപ്പിച്ചു.
വെളിച്ചം പല്ലുതേക്കുന്നു
വെളിച്ചം കുളിക്കുന്നു
വെളിച്ചം നടക്കുന്നു
വെളിച്ചം ബസ്സിൽ കേറിയിരിക്കുന്നു
വെളിച്ചം സാധനം വാങ്ങുന്നു
വെളിച്ചം മുടിവെട്ടുന്നു
വെളിച്ചം പത്രം വായിക്കുന്നു
വെളിച്ചം കള്ളം പറയുന്നു
വെളിച്ചം മൂത്രം ഒഴിക്കുന്നു
വെളിച്ചം കണ്ടം കൊത്തുന്നു
വെളിച്ചം കച്ചറയുണ്ടാക്കുന്നു
ഹൊ! ആലോചിച്ച് ഞാൻ
കുളിരുകോരി.
തെരുവുവിളക്കുകൾ
അയാൾ മോഷ്ടിക്കുന്നുണ്ടെന്ന്
ചിലർ ഒടുക്കം പറഞ്ഞുപരത്തി.
അയാളുടെ വീട്ടിലേക്ക് കല്ലേറുണ്ടായി
അയാളുടെ മകളെ അതും പറഞ്ഞ്
ക്ലാസിൽ കളിയാക്കി.
-നിങ്ങൾക്ക്,
സൂര്യൻ്റെ പണിക്ക് പോയിക്കൂടെ,
സ്കൂളിൽ പോകുന്ന വഴി കണ്ടപ്പോൾ
ഞാനയാളോട് ചോദിച്ചു.
അയാളുടെ വയറ്റിലിരുന്ന്
കുപ്പിച്ചില്ലുകൾ കിലുങ്ങി
പരദൂഷണപ്പനിയിൽ
അങ്ങനെയൊരുച്ചക്ക്
അയാളുടെ വീടു മുഴുവൻ
നിന്നു കത്തി
എത്ര വെളിച്ചമാണ്
വെറുതെ കളഞ്ഞതെന്നോർത്ത്
നാട്ടുകാരയാളെ പ്രാകി.