ലിഖിത ദാസ്

ചാവുപോക്ക്

കുന്നത്തൊടീലെ രേഖ മരിച്ചെന്ന്
അവധിയ്ക്ക് വന്നതിന്റെ
പിറ്റേന്നമ്മ പറഞ്ഞു.
തൊണ്ടേല് ക്യാൻസറാണ്
സുരേന്ദ്രനിനി ആരുണ്ടെന്ന്
അമ്മ നെഞ്ചത്ത് കൈ വച്ചു പെടച്ചു.
കുഴീൽ കെടന്ന്
രേഖ ഞെളിഞ്ഞു പിരിഞ്ഞു.

‘‘മൂത്തതും എളേതുമായി
രണ്ടെണ്ണങ്ങളെ
അയാളിനി ഒക്കത്തിരുത്തി
എങ്ങനെ നോക്കുമെന്റേടത്തിയേ…’’ ന്ന്
മതിലിന്റപ്രത്ത് നിന്ന്
സക്കീനാത്ത ബേജാറായി.
രേഖ നടുവൊന്ന് തിരുമ്മി നോക്കി
എല്ലൊരെണ്ണം മുറുമുറുത്തു.

‘‘ചത്ത് പോയോർക്കെന്താ…
അങ്ങ് ചത്താപ്പോരെ,
ഓനിനി രണ്ടാംകെട്ടായില്ലേ’’ന്ന്
അച്ഛൻ മാതൃഭൂമീലെ
ചാവുവാർത്ത വായിച്ച് മേപ്പട്ട് നോക്കി.
കട്ടിലീന്ന് എടുത്ത് കിടത്ത്യെപ്പൊ
കെട്ട്യോൻ ആദ്യമൂരിയെടുത്ത
കല്യാണമോതിരമോർത്ത് രേഖയ്ക്ക്
വെരലു ചൊറിഞ്ഞു.

വന്നോരും പോയോരും
‘എന്റെ രേഖേ…’ന്ന് മറന്നു.
‘എന്റെ സുരേന്ദ്രാ…’ ന്ന്
അയാളെ തടവിത്തലോടി.
നാല്പത്തിയൊമ്പതിൽ കെട്ട്യോള് പോയ
സുരേന്ദ്രൻ
അലക്കും അടിച്ചുവാരും
വെപ്പും തീനുമായി
ജീവിക്കുന്നതോർത്തോർത്ത്
നെഞ്ചുകലക്കി.

‘‘പൊരേന്ന് കൊണ്ടരാത്തോള്
സർക്കാരാശൂത്രീ കെടന്ന് ചാവെന്ന്’’
മുരണ്ട സുരേന്ദ്രനെ
കാലനെക്കാളും പേടിച്ച്
രാത്രിയുറങ്ങാതെ ചത്ത രേഖയ്ക്ക്
ഒച്ചവറ്റിയ തൊണ്ട വേദനിച്ചു കടഞ്ഞു.

അഞ്ചുമേഴും കഴിഞ്ഞന്ന് രാത്രി വരെ
സുമതി കുട്ട്യോൾക്ക് കാവലിരുന്നൂന്ന് കേട്ട്
‘‘അതങ്ങട്ട് സ്ഥിരപ്പെട്ത്താൻ നോക്കെന്ന്’’
രമേശൻ സുരേന്ദ്രന്റെ തോളുഴിഞ്ഞു.
രേഖയ്ക്കപ്പോ സത്യമായും ചിരിവന്നു.
പുതപ്പിച്ച മുണ്ടെടുത്ത്
മുഖമമർത്തി തുടച്ച്
‘‘രണ്ടരക്കൊല്ലായ്റ്റ് ഞാനുമതാണ്
അയാളോടും ഓളോടും
പറഞ്ഞതെന്ന്’’ രേഖ പിന്നെം പിന്നെം
ചിരിച്ചു.

ഉറക്കത്തിലെളേത് ‘അമ്മേ…’ ന്ന്
നെലോളിക്ക്ണത് സ്വപ്നം കണ്ട്
പച്ചമണ്ണിൽ കിടന്ന് പെണ്ണിന്
മൊലക്കണ്ണ് പൊള്ളി.
‘ചത്താലും ഓള് പൊറുതി തരൂല്ലാ…’ ന്ന്
സുരേന്ദ്രൻ കുഞ്ഞോൾടെ
വായപൊത്തിയമർത്തി.

രാത്രി വളർന്നുപെരുകി
ആകാശോം പാതാളോം മുട്ടിയപ്പൊ
ഞാൻ ഇറങ്ങിച്ചെന്ന്
‘രേഖേച്ചീ…’ യെന്ന് മണ്ണിൽ തൊട്ടു.
ചൂടാറാത്ത മണ്ണിന് മോളിൽ
പ്രാകിപ്പറയാത്തൊരുത്തിയെ കണ്ട്
പെണ്ണ് നിശ്വാസപ്പെട്ടു.
ഒന്ന് മൂളിപ്പാടി എന്റെ തോളിലേക്ക്
ചാഞ്ഞിരുന്നു.
നിലാവുപൊടി വിരലോണ്ട് ചുരണ്ടിയെടുത്ത്
പെണ്ണ് കവിളിൽ തൊട്ടു.
‘എനിക്കൊരുമ്മ താട്യേ…’ ന്ന്
അവരുടെ ഒച്ചയെന്നെ
തൂവലുപോലെ നനഞ്ഞുതൊട്ടു.
എനിയ്ക്കവരെ അമർത്തി കെട്ടിപ്പിടിയ്ക്കണമെന്ന് തോന്നി
അവർക്കെന്നെയും.


ലിഖിത ദാസ്

കവി. ഒറ്റമരം , ചില മഴകൾ അത് കുടകൾക്ക് നനയാനുള്ളതല്ല, ഉത്തമരഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം, ചോന്ന പൂമ്പാറ്റകൾ (എഡിറ്റർ) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഫ്രീലാൻസ് കണ്ടൻറ്​ റൈറ്ററായി പ്രവർത്തിക്കുന്നു.

Comments