ബാബു സക്കറിയ

ചാവുകടൽ

രംഗനാഥനെന്ന പക്ഷിനിരീക്ഷകനാണു പറഞ്ഞത്
പടിഞ്ഞാറേക്കുമാത്രം പറക്കുന്ന ഒരിനം പക്ഷിയുണ്ടെന്ന്.

പക്ഷി ദിശ ആകാശം പറക്കൽ
പാവം ഉബൈദുള്ളക്കെന്തറിയാം
മീനുകളെക്കുറിച്ച് ഒന്നുമറിയാത്ത മുക്കുവനാണുബൈദുള്ള.

രംഗനാഥൻ പറഞ്ഞു
അസ്തമയങ്ങൾ രാത്രികൾ പിന്നിട്ട്
ആ പക്ഷികളങ്ങനെ പറന്നുകൊണ്ടേയിരിക്കും
ഭൂമിയെ ചുറ്റുകയെന്നതാവാം അവയുടെ
പരമ്പരജീവിതത്തിൻ്റെ നിറവേറൽ.

ഭൂമി ഭൂമിയുടെ ചുറ്റൽ ഭൂമിയെച്ചുറ്റൽ പരമ്പര
പാവം ഉബൈദുള്ളക്കെന്തറിയാം
കടലിനെക്കുറിച്ച് ഒന്നുമറിയാത്ത നാവികനാണുബൈദുള്ള.

ഒരുവട്ടം ആ പക്ഷികളെ പിന്തുടർന്നു ഭൂമിയെ ചുറ്റിവന്ന്
ഏതാനുംനാൾ വിശ്രമിച്ചു രംഗനാഥൻ
പിന്നീട് മറ്റു പക്ഷികൾക്കു പുറകേ പറക്കലായി
പ്രപഞ്ചത്തെയറിയണമെങ്കിൽ പറക്കാനറിയണം
ശൂന്യതയെ മുറിക്കാനറിയണം
രംഗനാഥൻ പറഞ്ഞു.

പ്രപഞ്ചം ജീവൻ പ്രയാണം അർത്ഥം ശൂന്യത വ്യഥ
പാവം ഉബൈദുള്ളക്കെന്തറിയാം?

ഒരുദിവസം
ഉച്ചയുറക്കമുണർന്ന്
മുറ്റത്തിറങ്ങി
മൂത്രമൊഴിച്ചിട്ട്
പടിഞ്ഞാറേക്കു തന്നെ നോക്കിനിന്നു ഉബൈദുള്ള
ഒന്നുരണ്ടുദിവസം ഒരേനില്പ്.

ഉബൈദുള്ള പറഞ്ഞു
ഒരു പക്ഷി ദോ അവിടേക്കു തന്നെ പറക്കുന്നു
അങ്ങോട്ടു പോണം എനിക്കും.

പടിഞ്ഞാറേക്കു പോകുന്ന വണ്ടിയിലിരിക്കുകയാണ്
ഉബൈദുള്ളയിപ്പോൾ.

ഏതർത്ഥത്തിലൂടാവും
ഉബൈദുള്ള തുഴയുന്നത്
ഏതു മീനിനെയാവു
മുബൈദുള്ള രുചിക്കുന്നത്.


Summary: Chavukadal malayalam poem by Babu Zakariya Published in truecopy webzine packet 265.


ബാബു സക്കറിയ

കവി, നോവലിസ്​റ്റ്​. പടം പൊഴിക്കുന്നവർ, വാക്ക് പ്രണയമാകുമ്പോൾ, ഉറുമ്പുകളെയും കൊണ്ട് പള്ളിയിലേക്കു പോയ പെൺകുട്ടി (കവിത), ഒപ്പുകടലാസുകൾ (നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments