ചാ(ഛാ)യ

ഴുതലായ വഴിയിറക്കത്തിലൂടെ മന്ദം,
ശ്രദ്ധയിടറാതെ വീടു തേടിയടുക്കുന്നൊരാറുപേർ.

കീശ തിരുമ്മിയീറനിറ്റിക്കുന്നവനെ
മീശ കശക്കിയൂറ്റത്തോടെ-
യനുഗമിക്കുന്നൊരുവൻ,

ഉടുമുണ്ടിന്റെ കോന്തലകളിരു-
കൈകളിലായിരുദിക്കിലേക്കുയർത്തി
മഴയെ പ്രാകി പ്രാഞ്ചുന്നൊരു കിഴവനരികെ
ഇവർക്കും മുന്നിലൊരു കള്ളിഷർട്ടുകാരൻ
ഏറ്റവും പിന്നിലൊരു കണ്ണടക്കാരനുമവന്റെ കൂട്ടാളിയും.

വീട്.

വീടിൻ മൂർദ്ധാവിൽ,
മുഷിഞ്ഞ സിന്ദൂരചാർത്തുപോൽ,
പായൽപ്പാളികളടർന്നുണ്ടായ പാട്.
ചുമരുകളിലിടയ്ക്കുള്ള വിള്ളലുകളിൽ പാർക്കുന്ന ചോണന്മാർ,
കോണാ കൃതിയിൽ ചിതറിയ
ജനൽപ്പാളിയെ തികയ്ക്കാൻ
തിരുകിയ കാർബോഡ് കഷ്ണം.

വിരുന്നുകാർ വീടിനെയൊട്ടാകെ വീക്ഷിക്കയായി
കിഴവൻ ഉമ്മർത്തുപവിഷ്ട-
രായവർക്കമരക്കാരനായി
വീട്ടുകാര്യക്കാരൻ പടയെ
നേരിടുന്ന ഒറ്റയാൻ പോരാളി.

ഇരുണ്ട പുകപ്പാടയ്ക്ക് കീഴെ
വീട്ടുകാരത്തിയും അരുമകളും
ആവർത്തനക്കറ കടുത്ത
ചായക്കോപ്പകളൊരിക്കലൂടി-
യൊരു രാശി പരീക്ഷയ്ക്കൊരു-
ക്കയായ്.

'ആളിതെത്ര വന്നു പോയ്
മറുവിളികളൊട്ടൊന്നുണ്ടായുമില്ല
ഇനിയിതെന്താവോ..'
വീട്ടുകാരിയുടെയുള്ളം അടുപ്പിലു-
മേറെ പുകഞ്ഞു.
വെണ്ണീറിൻ മണമാണവർക്ക്,
സദാ അവരുടെ കനലൊളിഞ്ഞ വർത്തമാനങ്ങളവളുടെ-
യന്തസാരത്തെ തളർത്തി.
മെല്ലിച്ചവൾക്കൊരുത്തനുണ്ടാവനേറെ പ്രയാസമെന്നെത്രകേട്ടവൾ,
'കൊഴുക്കുവോളം കഴിക്ക്യ…
കഴുത്തിൽ മിന്നുവീഴാനപ്പനാസ്തി -
യൊരുക്കിയിട്ടിട്ടില്ലെന്നോർക്ക കഴുവേറിച്ചീ'യെന്നാക്രോശങ്ങൾ.

സർവ്വവും മറന്നവൾ
'ശുദ്ധ'പ്രേമത്തെയോർത്തിരുന്നു.
കഷ്ടമല്ലാതെന്ത്‌ കഥ.
പ്രേമത്തിനുമുപാധികൾ.

മുലമുഴുപ്പിനെയഭിലഷിക്കുന്നോർ
പ്രേമകാലത്തെ മുടിനീളത്താ- ലളക്കുന്നോർ,പുരോഗമനപ്പയറ്റിനൊടുവിലെ പ്രേമത്തിരക്കിൽ തൊലിനിറംതീണ്ടി മാറ്ററിയുന്നോർ.
ജാതിവാലിൻ ജാതകം ചികയുന്നോർ.

നേരായ പ്രേമാന്വേഷികൾ.

നടുമുറിയിൽ ചായക്കോപ്പ
നിരക്കവേക്ഷിപ്രം കണ്ണുകൾ
മേൽ വന്നടിഞ്ഞു.
ഉടലാകെയിഴയുന്നവയുടെ
ചലം തൊട്ടവൾക്ക് മേനിയൊട്ടി
മുടി മുതൽ കാൽത്തുണ്ട് വരെയവ
കണിശമളക്കുന്നു.

ഇടമുറിയാതെ ചായ മോന്തുന്ന കണ്ണടക്കാരനരികെ
മാറിലേക്ക് നോട്ടമെയ്യുന്ന കിഴവൻ
കണക്ക് പിശകിയ ഭാവപ്പകർച്ച-
യിലവളെയുറ്റു നോക്കി.
കൺമുനയുരഞ്ഞു
മൂടും മുലയും മുറിഞ്ഞു.
ഒടുവിലെ ബന്ധസംഭാഷണ-
ത്തിനു ശേഷമവരും യാത്രയായ്.

കാഴ്ച്ചക്കാരെയിനിയുമൂട്ടാനാകി-
ല്ലെന്നുറച്ചവൾ
ചായക്കറയുള്ള കോപ്പ കഴുകി
എളുപ്പമെത്താ പാകത്തിനൊളിച്ചുവയ്ച്ചു.


Summary: chaya malayalam poem by athira ashok


ആതിര അശോക്

കവി, ഹരിയാന സെൻ​ട്രൽ യൂണിവേഴ്സിറ്റിയിൽ ​സൈക്കോളജി പി.ജി വിദ്യാർഥി.

Comments