എന്റെ സമൃദ്ധമായ ഉറക്കം
ആരോ കവർന്നുകൊണ്ടിരുന്നു
പ്രതലങ്ങളും ചെരിവുകളുമുണ്ടായിരുന്ന
ഉറക്കം.
ഇരുണ്ടഗാധമായ താഴ്‌വരയാകെ
നീലപ്പൂക്കൾ മൂടുമ്പോൾ കോളിങ്ബെൽ അടിച്ചു.
തീൻമേശമേൽ
ചായക്കപ്പുകൾ അനന്തമായി.
"നിന്റെ എല്ലാ ഭയങ്ങളും
ഈ ചായക്കപ്പുകളിൽ തുടങ്ങുന്നു".
കൂജകളുടെ
തുമ്പിക്കയ്യിലൂടെ
ചായ ഒഴുകി.
ചിന്നം വിളിച്ചുകൊണ്ട്
കൂജകൾ കാടിളക്കിനടന്നു.
ഇനിയിവിടെമാകെ
ചെളിക്കൂമ്പാരമാകും
കൂജകൾക്ക്
അതൊരാനന്ദം
കപ്പുകളും
മോശമല്ല.
വേനലിനു വേണ്ടിയുള്ള
എന്റെ ഉള്ളംകൈ ദാഹം
വൃഥാവിലാണ്
ആത്മസഖീ…
(അവൾ *നെക്സിറ്റോപ്ലസ് ശീതം പൊങ്ങുന്ന മഞ്ഞുനൈറ്റിയിട്ട് മട്ടുപ്പാവിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. അവൾക്കിപ്പോൾ പൂക്കളെപ്പോലും ഭയമാണല്ലോ)
വിസ്താരമേറിയ
അതിഥിമുറിയിൽ
വാരിക്കുഴികളൊരുക്കി
ഞാൻ വീടു പൂട്ടിയിറങ്ങി.
മഴ ചാറി
കൃഷ്ണതുളസിക്കൊമ്പിൽ
കൂമന്റെ തുപ്പൽ
ഒലിക്കുന്നു.
▮
(*ഉത്കണ്ഠാരോഗകാലത്തെ ഗുളിക).
