വൈകുന്നേരങ്ങൾ, നീണ്ട
യാത്രകൾ പോകുന്നു. ചില
വൈകുന്നേരങ്ങൾ, അവയെക്കാൾ
നീണ്ട യാത്രകളിലേക്ക് പോകുന്നു,
മരിച്ചവരെ അനുകരിച്ച്,
ഓരം ചേർന്ന്,
പകലോ രാത്രിയോ ഉരസാതെ.
അത്ര ശ്രദ്ധയോടെ.
ഇപ്പോൾ
എന്റെ ആദ്യത്തെ കവിത ഞാനോർക്കുന്നത് അങ്ങനെയാണ്.
കുന്നുകളെപ്പറ്റി എഴുതിയിരിക്കുന്നു.
പുഴകളെപ്പറ്റി എഴുതിയിരിക്കുന്നു.
കിനാവുകളുടെ വെളിച്ചം മുറിച്ച്
ഭ്രാന്തോളം പോയ മീനുകളെപ്പറ്റി
എഴുതിയിരിക്കുന്നു.
അവയുടെ കണ്ണുകളെപ്പറ്റി, മതിയാവോളം എഴുതിയിരിക്കുന്നു.
രാത്രിയുടെ ഇറുകലിലേക്ക് കൂമ്പുന്ന പൂന്തോപ്പ്,
ഓ, പൂന്തോപ്പിനെപ്പറ്റി എഴുതിയിരിക്കുന്നു.
പൂന്തോപ്പിൽ ഉറങ്ങാതെ, ഞങ്ങളുടെ വളർത്തു പൂച്ച,
മരിച്ചുപോയ മുത്തശ്ശിയെക്കാൾ പ്രായമുള്ളവൾ,
ഇനിയെന്തന്നറിയാൻ കാതോർത്ത് കിടക്കുന്നതിനെപ്പറ്റി എഴുതിയിരിക്കുന്നു.
അതിന്റെ കൺപീലികളിൽ നിന്ന് പതുക്കെ,
വളരെ പതുക്കെ, രാത്രി ഇറങ്ങുന്നതിനെപ്പറ്റി.
പൂന്തോപ്പ് കാണാതാവുന്നതിനെപ്പറ്റി.
ചില വൈകുന്നേരങ്ങൾ,
അവയെക്കാൾ നീണ്ട യാത്രകൾ പോകുന്നു.
ചില വൈകുന്നേരങ്ങൾ,
അന്തമില്ലാതെ പായുന്ന
റെയിൽപ്പാളത്തിലേയ്ക്ക്, ഇതുപോലെ
ഇറങ്ങി നിൽക്കുന്നു.
ഓ! വെയിൽ, നോക്കിയിരിക്കേ
അതും അണയുന്നു.
ഞാനീ കവിത ഓർക്കാൻ ശ്രമിക്കുന്നു.
ഞാനീ കവിത മാത്രം ഓർക്കാൻ ശ്രമിക്കുന്നു.
