എന്തിലും കവിതയുണ്ട്
എന്നു കരുതിയ കാലം
കവിതയെന്നൊന്ന്
ഉണ്ടെന്നേ അറിയാതെഴുതിയ
കവിതകൾ.
അതിൽ
പക്ഷികളോടൊപ്പം പറന്നുപോകുന്ന
വാതിലുകൾ
നഖപ്പാടുകളും മുറിവുകളുമുള്ള ഉടലുകൾ
കാതിൽ ഇയർഫോണുകൾ തിരുകിവെച്ച്
ബസ്റ്റോപ്പിലിരിക്കുന്ന ഒരു യങ്ജൻ
ഫ്രിഡ്ജ് തുറന്ന് തണുത്തവെള്ളം കുടിക്കുന്ന
പനിയുള്ളൊരാൾ
ഒരോർമ്മയുടെയും ഭാരമില്ലാതെ
ചിതറിമാറുന്ന മേഘങ്ങൾ
കാലത്തിനപ്പുറത്തേക്ക് ഒഴുകിപ്പോകുന്ന
പുഴകൾ പെരുമഴകൾ
ലെനിൻ ലോറൻസ് കേള്വേട്ടൻ കെ കാണാരൻ
സർ സ്ഥാനം തിരിച്ചുനൽകിയ ടാഗോർ
രാത്രിക്കും പകലിനുമിടയിലെ ദുർനേരങ്ങൾ
വ്യർത്ഥമായ ശുന്യതയിലിരുന്ന്
കക്ഷം ചൊറിയുന്ന ഒരു സ്ത്രീ
സേഫ്റ്റിപിന്നുകൾ
മാസ്കാര
മുഴുവൻ തിന്നാനാവാത്തതിനാൽ
നാപ്ക്കിനിൽ പൊതിഞ്ഞെടുത്ത
ഡോമിനോ ബർഗ്ഗർ
നദിയിൽ വീണുപോയ വാച്ച്
തുരുമ്പെടുത്ത താക്കോൽകൂട്ടം
വെടിവെച്ചു കൊല്ലുന്നത് കാണാനെത്തിയ
ആൾക്കൂട്ടം
ചുരുട്ടുപുകയും മത്തിയും മണക്കുന്ന
കള്ളുഷാപ്പിൽനിന്ന് കാണും
അറ്റമില്ലാത്ത വയലുകൾ
കരിനാഗത്തിന്റെ തറയിൽ
ചമയത്തിന്റെ കനൽമൂടിനിൽക്കും പരദേവത
ഓരോ ചുംബനത്തിന്റെയും
വ്യത്യസ്തമാവും നിർവൃതികൾ
പാറക്കെട്ടുകൾക്കിടയിൽ ഉറയൂരുന്ന
മിന്നൽപ്പിണരുകൾ
തോലിനു തൊട്ടടിയിൽ ഒരുപോറലിനായി
കാത്തിരിക്കും കരിഞ്ചോര
പഴയപോലെ നേർവരയിൽ നിൽക്കാത്ത കാലാവസ്ഥയുടെ ഇക്കണ്ട നാശാവശിഷ്ടങ്ങൾ
പ്രണയജൂബിലികൾ
ദിവസവും ആഘോഷിക്കുന്ന സ്വവർഗരതികൾ
പൂമ്പാറ്റകളെ തിന്നുന്ന
വർണ്ണ മീശരോമങ്ങളുള്ള പൂച്ചകൾ
പിടിതരാതെ തെന്നിപ്പോകുന്ന
രഹസ്യങ്ങളുടെ മേശവലിപ്പുകൾ
ചിലന്തി ചിതൽ ഇണചേരും പാമ്പുകൾ
ചെമ്പകം ഇത്തിക്കണ്ണി തൊട്ടാവാടി
ഏപ്രിലും ഡിസംബറും…
എഴുതാത്ത കവിതകളുടെ കവി
ദൂരേ നിശ്ശബ്ദതയുടെ സമുദ്രവുമാകാശവുമിരമ്പും വന്മുഴക്കം
കിനാവിൽ മോഹിപ്പിച്ച
കണ്ണെത്താ ചക്രവാളത്തിൽ ചിലനേരം
വിറകൊള്ളുമൊരു മൃതനക്ഷത്രം…