ചിനക്കത്തൂർ പൂരത്തിനിറങ്ങുമ്പോൾ
അയാൾ പതിവുപോലെ
കണ്ണടയെടുക്കാൻ മറന്നു.
സദാ മറവിയുള്ള മനുഷ്യൻ!
അപ്പോൾ അയാളുടെ
ഇരുകൈകളിലും
വെർജിനിയ വൂൾഫും
റോസാ ലക്സംബർഗും തൂങ്ങിക്കിടപ്പുണ്ടായിരുന്നു;
രണ്ടു കിളിക്കൂടുപോലെ!
'വെർജിനിയ വൂൾഫിനും
റോസാ ലക്സംബർഗിനും
ചിനക്കത്തൂർ പൂരത്തിലെന്തു കാര്യ'മെന്നു
നിങ്ങൾ ചോദിക്കരുത്.
അപ്പോൾപ്പിന്നെ, അയാളും ഞാനും തമ്മിലെന്താണ്
എന്നതിനുത്തരം പറയേണ്ടിവരും.
ഞങ്ങൾ, പരസ്പരം
'മനുഷ്യ'രെന്നാണ് വിളിക്കുന്നത്.
ഏതൊരു ഉണർച്ചയിലും
ഓർമ്മയുടെ വരമ്പിലേക്ക്
പിടഞ്ഞുവീഴുന്ന രണ്ടു മനുഷ്യർ.
ഏതൊരു നിദ്രയിലും
സ്വപ്നത്തിൻ്റെയാകാശത്ത്
ഉന്മാദത്തിൻ്റെ
മഴവില്ലു വിരിയിക്കുന്നവർ.
നിങ്ങൾക്കതു
മനസ്സിലാകുമോയെന്ന്
എനിക്കറിയില്ല.
‘മനുഷ്യാ...’
‘മനുഷ്യേ...’
എന്നും വിളിച്ചു
മുന്നിലും പിന്നിലുമായി
ഞങ്ങൾ നടന്നു.
അല്ല; വിരലുകൾ പിന്നിപ്പിന്നി
ഒപ്പംതന്നെ നടന്നു.
അന്നേരമെല്ലാം
വെർജീനിയ വൂൾഫും
റോസാ ലക്സംബർഗും
രണ്ടു പൂക്കളെപ്പോൽ
ഞങ്ങൾക്കൊപ്പം ഇളകിനടന്നിരുന്നു.
അല്ലേയല്ല; നൂറുനൂറു പൂക്കളെപ്പോൽ
പരിലസിച്ചുനടന്നിരുന്നു.
അന്നേരം അവരെക്കണ്ടാൽ
മനുഷ്യക്കുഞ്ഞുങ്ങളാണെന്നേ തോന്നൂ.
അലിവും സ്നേഹവും
അല്ലലില്ലാതെ പ്രകടിപ്പിക്കുന്ന,
തുറന്ന കണ്ണും കാതും മൂക്കുമുള്ള
രണ്ടു മനുഷ്യക്കുഞ്ഞുങ്ങൾ.
ചിനക്കത്തൂർ പൂരത്തിന്
ഞങ്ങൾ നാലു മനുഷ്യരും
ഒരുമിച്ചുതന്നെ പോയി
എന്നതാണ് യാഥാർത്ഥ്യം.
പൂരപ്പറമ്പന്നേരം
ആഹ്ലാദപ്പുളച്ചിലിൽ
തിമിർത്താടുന്നുണ്ടായിരുന്നു.
കുഴൽവിളിയ്ക്കൊപ്പം കൂവിയാർക്കുകയും
പാണ്ടിമേളത്തിനൊപ്പം ഉറഞ്ഞു തുള്ളുകയും
ആനപ്പുറത്ത് ഗർവ്വോടെയെഴുന്നള്ളിയും
കുതിരവേലയ്ക്കിടയിൽ
*പാണ്ടക്കുതിരയെ തോല്പിക്കാനായി
കുതിച്ചു ചാടുകയും
ചെയ്യുന്നുണ്ടായിരുന്നു.
സന്ധ്യമയങ്ങിയപ്പോൾ
എല്ലാ വികൃതികളും
ഉള്ളിലൊതുക്കി
കണ്ണടച്ച് തൊഴുതും,
ഇരുട്ടു കനത്തപ്പോൾ
തൊൽപ്പാവക്കൂത്തിനൊപ്പമാടിയും
പകിടയ്ക്കൊപ്പ, മുരുണ്ടു പിരണ്ടും
പച്ചകുത്തുന്നവരെ കണ്ട്
തുറന്ന നെഞ്ചും കാട്ടി
പൂരപ്പറമ്പങ്ങനെ മലർന്നുകിടന്നു.
അതു കണ്ടതും
'എല്ലാ ഓർമ്മകളെയും
ദേഹമാകെയങ്ങ്
പച്ചകുത്തിയാലോ'യെന്ന്
അയാൾ കളി പറഞ്ഞു.
മറവി, അതിശക്തനായ
നീരാളിയെപ്പോലെ അയാളെ ആക്രമിക്കുന്നുണ്ടായിരുന്നു.
നെഞ്ചിൻകൂടു ചിതറിയപ്പോയ വേദനയോടെ
ഞാനയാളെ അള്ളിപ്പിടിച്ചു.
പൊടുന്നനെ, നിലതെറ്റി
പൂരപ്പറമ്പിൻ്റെ നെഞ്ചിലേക്ക്
ഞങ്ങൾ ഇടിച്ചുകുത്തിവീണു.
വീണപാടേ, 'എൻ്റെ
ഏറ്റവുമൊടുവിലത്തെ മറവി
നീയായിരിക്കു'മെന്ന്
ചുണ്ടുകളാൽ അയാളെൻ്റെ
പിൻകഴുത്തിൽ കൊത്തിവച്ചു.
വെർജിനിയ വൂൾഫിൻ്റെ
കണ്ണുകളന്നേരം
പല നിറത്തിലുള്ള ക്ലേയിൽ തട്ടി
മറിഞ്ഞുവീണു.
ചുവപ്പ്, മഞ്ഞ, നീല- നിറങ്ങളങ്ങനെ
അവളുടെ ഉള്ളംകൈയിലൂടെ
ഉരുണ്ടുകളിക്കാൻ തുടങ്ങി.
അവൾക്കേറ്റവും ഇഷ്ടം
അവളുടെ മുറിയോടായിരുന്നു.
സ്വന്തമായി ഒരു വീട്
പണിയേണ്ടതിൻ്റെ
ആവശ്യകതയെപ്പറ്റി അറിവുള്ളതിനാലാകണം
അവളുടെ കൈക്കുള്ളിലൊരു വീട്
വളർന്നു വന്നു.
നീല മേൽക്കൂരയും
ചുവന്ന അടിത്തറയുമുള്ള വീട്.
അത്, ആകാശത്തോളം വലുതായി
പ്രപഞ്ചത്തെ തൊട്ടു.
ആഹ്ലാദപ്പൂത്തിരി തെളിച്ചുകൊണ്ടവൾ
തുറന്നിട്ട വാതിലിലൂടെ
അകത്തേക്ക് കയറിപ്പോയി.
വച്ചുവാണിഭക്കാരിലൊരാൾ
അന്നേരം, റോസ ലക്സംബർഗിനു നേരെ
കളിത്തോക്ക് നീട്ടി.
വിപ്ലവം തോക്കിൻ കുഴലിലൂടെയല്ലെന്ന് ആവർത്തിച്ചുകൊണ്ട്
അവൾ സോഷ്യലിസത്തെക്കുറിച്ച്
ഘോരഘോരം പ്രസംഗിക്കാൻ തുടങ്ങി.
അവളുടെ ശബ്ദത്തിന്
ആയിരം മത്താപ്പൂക്കളുടെ
തെളിച്ചവും മുഴക്കവുമുണ്ടായിരുന്നു.
അവളുടെ വാക്കുകൾ ആകാശവും ഭേദിച്ച്
ബെർലിൻ തെരുവിൽ തൊടുത്തു വീണു.
കറുത്ത ബൂട്ടണിഞ്ഞ പട്ടാളക്കാർ
ഭ്രാന്തൻ നായ്ക്കളെപ്പോലെ
അവളുടെ തലച്ചോറ് ലക്ഷ്യമാക്കി
കുതിച്ചു കുതിച്ചു
മാർച്ച് ചെയ്യാൻ തുടങ്ങി.
അതു കണ്ടതും തിരുനെല്ലിക്കാട്
അവളെ ഇരുകൈകളും നീട്ടി, മാടിവിളിച്ചു.
കിഴക്കുനിന്നും സൂര്യൻ
തുമ്പിക്കൈയിലെന്നവണ്ണം
വെയിലിനെ തൂവിയെറിഞ്ഞപ്പോഴാണ്
ഞാൻ കണ്ണുകൾ തുറന്നത്.
മുടി പറിച്ച്, കോപമാറ്റിയ
ഭദ്രകാളിയുടെ ശാന്തതയോടെ
പൂരപ്പറമ്പ് എന്നെയും നോക്കി
നിസ്സംഗതയോടെ ഇരിപ്പുണ്ടായിരുന്നു.
പിടഞ്ഞെഴുന്നേറ്റതും, പമ്പരംപോലെ
ഞാൻ വട്ടം കറങ്ങാൻ തുടങ്ങി.
എൻ്റെ വെർജിനിയ വൂൾഫ് എവിടെ?
റോസാ ലക്സംബർഗ് എവിടെ?
സദാ മറവിയുള്ള, എൻ്റെ മാത്രമായ
ആ മനുഷ്യനെവിടെ?
അലറി വിളിക്കാൻ തുടങ്ങവേ,
മിഴികൾ ദേഹമാകെ കരിനാഗങ്ങളെപ്പോലെ
ഇഴഞ്ഞുചെന്നു.
മഞ്ഞളാടിയ എൻ്റെ നഗ്നതയിലെമ്പാടും
പച്ചനിറം ആണ്ടുകിടക്കുന്നു.
അതു കണ്ടതും ആൽമരത്തിലെ കുഞ്ഞനില
വെളിച്ചപ്പാടിനെപ്പോലെ തുള്ളിയുറഞ്ഞു.
▮
(* പാണ്ടക്കുതിര - ചിനക്കത്തൂർ പൂരത്തിനോടനുബന്ധിച്ച് നടക്കുന്ന കുതിരകളിയിൽ സാമൂതിരിയെ പ്രതിനിധാനം ചെയ്യുന്ന കുതിര).
