നാല് ചൈനീസ് കവിതകൾ

ഷാങ്ങ്ഹായ് നഗരത്തിൽ ജീവിക്കുന്ന ഈ നാലു കവികൾ സമകാലിക ചൈനീസ് കവിതയിലെ പുതുമുഖങ്ങളാണ്. പുറമേ ലളിതമെന്ന തോന്നൽ ഉളവാക്കുന്ന, എന്നാൽ സൂക്ഷ്മമായ രാഷ്ട്രീയ വിവക്ഷകളുള്ള കവിതകളാണ് ഇവരുടേത്. ഭരണവ്യവസ്ഥക്കുള്ളിലെ ദൈനംദിന രാഷ്ട്രീയമാണ് ഈ കവിതകളുടെ അന്തർധാര

തല കുനിക്കൂ, അവരുടെ കൈ പിടിക്കൂ
(യിൻ ഗാങ്: പ്രശസ്ത കവി, എഞ്ചിനിയറായി ജോലി ചെയ്യുന്നു)

രാത്രിയുടെ ഇരുളിൽനിന്ന്
കണ്ണുകൾ വീണ്ടെടുക്കണം, എനിക്ക്-
അനന്തതയിൽ നിന്ന്,
പ്രപഞ്ചത്തിൽ നിന്ന്.

സമയം കണ്ടെത്തണം
അസുഖം ബാധിച്ച
എന്റെ അമ്മയോട് സംസാരിക്കാൻ,
അവരുടെ പതിഞ്ഞ ശബ്ദത്തിനു കാതോർക്കാൻ.

എന്നിലവശേഷിക്കുന്ന മുഴുവൻ കണ്ണീരും
പൊഴിക്കണമെന്നുണ്ട്.
ഭൂമിയുടെ അടിത്തട്ടിനോ,
പർവ്വതശിഖിരങ്ങൾക്കോ വേണ്ടിയല്ല,
അമ്മക്ക് വേണ്ടി മാത്രം.

പൊള്ളുന്ന ഈ
കോൺക്രീറ്റ് പാതകൾ വിട്ട്,
ശങ്കകളും രോഷങ്ങളും വിട്ട്
എനിക്ക് പോവണം,
അമ്മയുടെ അടുത്തിരിക്കാൻ.
അവരുടെ കണ്ണീർ കേൾക്കാൻ.

അച്ഛനമ്മമാരുടെ സങ്കോചങ്ങൾ
എങ്ങനെയും അകറ്റണം.
പൊള്ളുന്ന വേനൽ വെയിലിൽ
പൊടുന്നനെ ഒരു മഴ കാണണം.

മൂന്നു തരം വിദ്വേഷങ്ങൾ
(ചെങ് യോങ്: കവി, നോവലിസ്റ്റ്. സാംസ്‌കാരിക ഭൗതികാവശിഷ്ടങ്ങളുടെ മൂല്യനിർണേതാവായി ജോലി ചെയ്യുന്നു)

രൂ,
ഈ ലോകത്തിലേക്ക്.
ചുറ്റും നോക്കൂ-
പലതരം മണങ്ങൾ, ശീലങ്ങൾ,
തുളച്ചുകയറുന്ന നോട്ടങ്ങൾ.
നിഷ്‌കളങ്കരെ അവ പെട്ടെന്നുലയ്ക്കും.
എല്ലാ നീക്കങ്ങൾക്കും അവയുടേതായ ലക്ഷ്യങ്ങളുണ്ട്,
വ്യക്തവും പരിശുദ്ധവുമായവ.

അവർ വിടുതിനേടി ചുറ്റിത്തിരിയുന്നു,
അകലെയുള്ള മഞ്ഞ നദിയിൽ.
പാടാൻ ആ നദി ഇതുവരെ പഠിച്ചിട്ടില്ല.
അവിടെ അവർ പരസ്പരം പോരടിക്കുന്നു,
കുമിളകളെല്ലാം ഒന്നാകുന്നു,
ശബ്ദം നിലക്കുന്നു,
അതിന്റെ നുര
അസ്തമയത്തോടൊപ്പമുയരുന്നു,
തിക്കിത്തിരക്കുന്ന പുല്ലുകൾ
പച്ചയെ പുറംതള്ളുന്നു,
പുഴുതിന്ന ഇലകൾ മാത്രം ബാക്കിയാവുന്നു.

ഇതാണ് നാം.
എല്ലാവരും
കെട്ടുകഥകൾ മെനയുന്നു,
രത്‌നകൂമ്പാരത്തിനിടയിലൂടെ ചുറ്റിത്തിരിയുന്നു,
സംഘമായവർ കുഴലൂതുന്നു,
ചെണ്ടകൾക്കു കാതോർക്കുന്നു,
ചായം പൂശിയ ചേഷ്ടകൾ കാണുന്നു.
മെഴുകു വീശിയോ തൂമ്പ പിടിച്ചോ
അവിടെയുണ്ടാകുമൊരുത്തൻ.
നില തെറ്റാത്ത ഭംഗിയുള്ള ഘോഷങ്ങൾ-
ഈ ഘോഷങ്ങൾ അവരോടു പറയുന്നു,
ജീവിതാന്ത്യം വരെ
അവിടെ തന്നെ നിൽക്കാൻ,
മരണത്തിന്റെ വെളിച്ചം ഏറ്റുവാങ്ങാൻ,
ജീവൻ ഒരുനാൾ നഷ്ടപെടുമെങ്കിലും.

നാട്ടിലേക്കുള്ള വഴി
എന്നെ കാത്തുനിൽക്കുന്നു.
എന്റെ തല ഞാൻ ഉയർത്തി പിടിക്കുന്നു.
അതിനായില്ലെങ്കിൽ
വീട്ടിലേക്ക് എഴുത്തയക്കുന്നു.
ഞാനും ഇതേ പാതയുടെ സന്തതി.
പ്രസക്തമല്ല
ഞാൻ നേരിടുന്നത്
ഇരുട്ടോ വെളിച്ചമോ എന്ന്.
എല്ലാ അഭിലാഷങ്ങളും
അഴകുള്ള മായാജാലങ്ങൾ.
പുഴുക്കളെ പോലെ
അവയെന്നെ
ഒറ്റ നിമിഷത്തിൽ തന്നെ വിഴുങ്ങും.

ഞാൻ നിന്നെ കാണുമ്പോൾ വാക്കുകൾ അടഞ്ഞുപോകുന്നു
(ലാവോ ഡു: പ്രശസ്ത കവി, ലേഖകൻ)

ന്റെ നാക്കിന്റെ തുമ്പിൽ
വാക്കുകൾ ഉണ്ടായിരുന്നു.
നിന്നെ കണ്ടതിനു ശേഷം
ചടുലമായി ഒഴികി വരുന്ന വാക്കുക്കൾ,
വിരസമെന്ന പോലെ
അടഞ്ഞു പോയിരിക്കുന്നു,
അരുവിയുടെ അരികുപറ്റിയുള്ള
എന്റെ നാട്ടുമൊഴിയോട്
ഒട്ടും യോജിക്കാത്ത വിധം.
ഇപ്പോഴത് പതിയെ ഒഴുകുന്നു.
പക്ഷികളെ വെറുതേ പിൻതുടരുന്നു.

ഒരിക്കൽ ഒരു വാക്ക് വഴുതി വീണു.
വസന്തത്തിലെ ഈ കവിതയിലെ മരത്തിൽ നിന്ന്,
ഒരില കൊഴിഞ്ഞു വീഴും പോലെ.

ലോകത്തിൽ
(ഹാങ് ചുങ് യാൻ: കവി, ലേഖകൻ, അധ്യാപകൻ)

ലോകത്തിലുള്ള എല്ലാം തന്നെ
എന്നെ കുറിച്ച്.
പൂക്കൾ വിരിയുന്നതും കൊഴിയുന്നതും,
മനുഷ്യർ വരുന്നതും പോകുന്നതും.

എന്റെ ചില ബന്ധുക്കൾ കുന്നു കയറുന്നു,
മറ്റു ചിലർ നദി മുറിച്ചു കടക്കുന്നു.
കടമുള്ളവർക്കു അതു വീട്ടണം.
കൊലയാളികൾ കളിക്കുന്നു,
സ്വജീവൻ വെച്ച്.

ഞാൻ എന്റെ മണ്ണിലൂടെ നടന്ന്
വെളിച്ചത്തിന്റെ ജ്വലനം കാണുന്നു,
ഇരുണ്ട രാത്രികളും.


Summary: ഷാങ്ങ്ഹായ് നഗരത്തിൽ ജീവിക്കുന്ന ഈ നാലു കവികൾ സമകാലിക ചൈനീസ് കവിതയിലെ പുതുമുഖങ്ങളാണ്. പുറമേ ലളിതമെന്ന തോന്നൽ ഉളവാക്കുന്ന, എന്നാൽ സൂക്ഷ്മമായ രാഷ്ട്രീയ വിവക്ഷകളുള്ള കവിതകളാണ് ഇവരുടേത്. ഭരണവ്യവസ്ഥക്കുള്ളിലെ ദൈനംദിന രാഷ്ട്രീയമാണ് ഈ കവിതകളുടെ അന്തർധാര


Comments