സൂര്യൻ പകലിനെ,
മൂർച്ചയുളള ബ്ലേഡു
കൊണ്ട് വരയുന്നു
ആകെയുളള കന്നുകൾ അനക്കമറ്റുനിന്നു
വേരുകൾ പടരാനനുവദിക്കാതെ
കരിങ്കല്ലിൻ ധാർഷ്ട്യം.
വിടർന്ന കൂമ്പുകൾ
നീര് വറ്റി, കറകളായി മാറി.
ചിങ്ങന്റെ രക്തം വീണ്
മേടം കറുത്തു.
ഉണങ്ങിയ വാഴത്തോട്ടത്തിൽ
വെള്ളം തേവാനെത്തിയ
വിജയേട്ടൻ
കറുത്ത വേർപ്പ് കുടിച്ചിറക്കി
പ്രാകി
സൂര്യാ നീ വെള്ളമിറക്കാതെ
ചാവട്ടെ.
പ്രാക്കുകൾക്ക് മീതേ
വർത്തുളമായ് എരിഞ്ഞു സൂര്യൻ…
▮
പഴങ്ങളായിരുന്നു
യുദ്ധകാരണം
ആ വാഴത്തോട്ടം
വേനലിനോട് പടവെട്ടി
മധുരം ശേഖരിച്ചു.
കള്ളന്മാരുടെ കണ്ണുവെട്ടിച്ച
കനികളുടെ ഗൂഢാനന്ദം
കടവാതിലുകൾ
പാറാവ് നടത്തി.
വേരുകളിലൂടെ
തണ്ട് തുരന്ന് ശത്രുക്കൾ
കോട്ട പിടിച്ചു.
പാകമാകും
മുമ്പേ
സാമ്രാജ്യം തകർന്നു.
വാവലുകൾ
പഴങ്ങളിൽ നിന്ന് പഴങ്ങളിലേക്ക്
പലായനം ചെയ്തു.
അവർ
അതിർത്തികൾ ശ്രദ്ധിക്കാതെ
രാജ്യങ്ങൾ താണ്ടി.
അവർ
വെളിച്ചത്തോട്
പോരടിച്ചു, കനികൾ തേടിയലഞ്ഞു.
പുലരിയിൽ ഉപരോധത്തിന്റെ
കൊടുങ്കാറ്റ് വീശി.
നഗരം
ഒരു യുദ്ധപ്പക്ഷിയെ
അണിയിച്ചൊരുക്കുന്ന തിരക്കിൽ
അവിടെ വവ്വാലുകൾക്ക് പ്രവേശനമില്ല.
▮
* യുദ്ധപ്പക്ഷി: War bird- ചിരന്തനമൂല്യമുള്ള പഴയകാല യുദ്ധവിമാനങ്ങളാണ് War bird എന്നറിയപ്പെടുന്നത്.
