ചൂണ്ടക്കാരി

ചൂണ്ടയിൽ കുരുങ്ങിയപോലെ,
ചൂണ്ടക്കാരിയെന്ന വാക്ക്,
കൊളുത്തിട്ട് പിടിക്കുന്നു.

മീൻക്കാരിയെന്ന പോലെ,
തൊഴിലെടുക്കുന്നവളുടെ അടയാളമേയല്ല,
ആ വിളി.
വെടിവെട്ടങ്ങളിൽ തെളിയുന്ന
വഷളൻ ചിരിയിലേക്ക്
കയറ്റി നിർത്തപ്പെട്ടൊരു വാക്കാണത്!

അവന്റെ ചൂണ്ടയിൽ
കുരുങ്ങിയവളെന്നപോലെയല്ല,
അവളുടെ ചൂണ്ടയിൽ
കുരുങ്ങിയവനെന്ന പ്രയോഗം.

കരുമരുന്ന് പ്രതലത്തിൽ
കെട്ടിയിട്ട്,
ആരോ കൊളുത്തിവിട്ട തീയിൽ,
വെന്തെരിയാൻ പോകുന്നൊരുവളെയാണ്,
ഇവിടെ വരച്ചിടുന്നത്.

ചൂണ്ടയിടുമ്പോൾ
പുഴയും തോടും കുളവും,
അവളോടടുക്കുന്നില്ലെന്ന്
നാവുകൾ പഴി പറയുന്നു.

അടുപ്പ് പുകയാൻ,
വാതിലുകൾ തുറന്നിട്ടിരിപ്പാണെന്ന്,
അടക്കിപ്പിടിച്ച ഒച്ചകൾ
തീപ്പിടിച്ച കാറ്റുപോലെ,
നാടാകെ പായുന്നു.

അവളുടെ കുടിയെക്കുറിച്ച്,
അവളെക്കുറിച്ച്,
മുൻധാരണയോടൊരു ചൂണ്ടയെടുത്ത്,
ഇറങ്ങുന്നണ്ടെറെപ്പേർ.

ചൂണ്ടക്കാരി,
പുഴവക്കത്തിരുന്ന്
ചൂണ്ടയിടുമ്പോൾ,
പാലത്തിലൂടൊരു തീവണ്ടി
കുതിച്ചുപായുന്നു.
അതിലിരുന്നൊരാൾ
അവളെ കാണുന്നു,
കഥ മെനയുന്നു.

ചൂണ്ടക്കാരി,
ചൂണ്ടയിടുമ്പോൾ
നാടൊരു ചൂണ്ടയെടുത്തിറങ്ങുന്നു.


നിധിൻ വി.എൻ

കവി, കഥാകൃത്ത്. കടല്‍ച്ചുഴിയിലേക്ക് കപ്പല്‍ ചലിക്കുന്നവിധം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments