അങ്ങുമിങ്ങും
വഴുതിയൊഴിഞ്ഞ്
എന്തോ ഏതോ
വിക്കി വിളറി
അരുതുകൾ വിടർന്ന്
അതിരുകൾ ഉടഞ്ഞ്
മുതിരാതെ മുതിർന്ന
മുശിട്
മടുപ്പ്.
റബ്ബറെസ്റ്റേറ്റിൽ
പറങ്കിമാത്തോട്ടത്തിൽ
ചീനിപ്പണയിൽ
ചേട്ടാ ചേട്ടാ
അയ്യോ അയ്യോ
പ്രതിഷേധം; പോടാ!
പൊപ്പോകെ,
കഴുത്തറ്റം കണ്ണിൽ
കവിഞ്ഞുറഞ്ഞടക്കം.
ദുരൂഹ ശബ്ദങ്ങൾ
രാത്രികൾ
യക്ഷി കിന്നര ഗന്ധർവന്മാർ
മരപ്പട്ടികൾ പാക്കാന്തകൾ
ചുവന്ന കണ്ണുകൾ
ചീവീടുകൾ കരിവണ്ടുകൾ
ചെല്ലികൾ നരിച്ചീറുകൾ
പാറ്റകൾ പല്ലികൾ
അസുന്ദര ശല്യഭങ്ങൾ
ചത്തും ചതഞ്ഞും
ചുരുട്ടകൾ
വൃഷണപ്പെരുങ്കാട്ടിൽ
പാറുകാലിളക്കങ്ങൾ.
ഭീകരം കൗതുകം
പുതുമ സംത്രാസം
രാത്രിശബ്ദങ്ങൾ
ഗുപ്ത ഭാവനാ-
പഥ സഞ്ചാരങ്ങൾ.
നാൽക്കാലിൽ
സമ്മർദ്ദപ്പിടൽ
ഉലച്ചിൽ
മൂളി ഞരങ്ങി
തുള്ളിക്കിലുക്കം
കിണുക്കം
ആഹ്
പൊട്ടിയൊടുക്കം.
കല്യാണം ചാക്കാല
പുലകുളി പാൽക്കാച്ച്.
അധികാരം
പടിയിറങ്ങിയ
കോളനി മുറ്റത്ത്
വിളർച്ച മുറ്റിയ
സ്വതന്ത്ര പകലുകൾ.
വരാന്ത ചായിപ്പ്
പര്യമ്പ്റമടുക്കള
കൗതുകം ക്രൗര്യം
കൗമാര സംഭവബഹള്ളം.
ഒളിച്ചും പിടിച്ചും
മറിച്ചും മായിച്ചും
തുറന്നു നോക്കിയും
അരുതാത്ത വാതിൽ
അരുതെന്നറിഞ്ഞും
ഭയമോടെ കൊതിയോടെ
നെഞ്ചിൻ പിടപ്പോടെ
തെല്ലു നാണത്തോടെ
മെല്ലെത്തുറന്നും
ഞെട്ടിത്തിരിഞ്ഞും
മുറുകാതടച്ചും
വീണ്ടും തുറന്നും
കട്ട് പറിച്ച്
കടിച്ചുറുഞ്ചി
വിയറുപ്പു തൊട്ട്
നുണഞ്ഞിറങ്ങുന്ന
ക്ഷാരത്വം.
ഇടറിയും പതറിയും
തെറ്റുകൾ തിന്മകൾ
പാപങ്ങൾ ശിക്ഷകൾ
കലഹം കലാപം
പാപം മരണം
നരകം നശൂർണ്ണം.
ഗ്യാസ് മുട്ടായ്
എത്തക്കൊല
കപ്പലണ്ടി
കാജാ ബീഡി
മൂക്കിപ്പൊടി
സോഡ, നാരങ്ങ,
വെള്ളം ഉപ്പ് പഞ്ചാര
ഏറുമാടക്കടവിലക്കയും
കാർന്നോരും.
തീക്കൊള്ളി, ബീഡിക്കുറ്റി
സിഗരറ്റ് കൂട്, മുറുക്കാൻ ചണ്ടി
കഞ്ചാവ് പൊതി, പഴത്തൊലി
മുട്ടത്തോട്, കാലിക്കുപ്പി
കഫം, മൂത്രം, തെറി, പുലയാട്ട്.
കവച്ചൊരുമ്പെട്ടക്കന്റെ
ഹുങ്കാരം
ശറ ശറോ ശറ ശറോ
പ്രതിഷേധം പ്രതികാരം.
പള്ളിക്കൂടത്തിൽ
അടിച്ചു ഞണുക്കി
വലിച്ചുനീട്ടി
ചൂരൽബലത്തിൽ
അച്ചടക്കിയ-
ധ്യയനം.
ട്രൗസറിൽ വിറവൽ
റോക്ക്‌പ്പേപ്പർ സിസ്സർ
ഇടഞ്ഞ മിഴികൾ
ഉടയാത്ത മൗനങ്ങൾ
കഞ്ഞിപ്പശമണം
പൂക്കൾ ശലഭങ്ങൾ
പിങ്ക് റോസ് മജന്ത
സാരീ ഗമ, പത.
ജ്യോഗ്രഫി കെമിസ്ട്രി
ഭൗതികം ഗണിതം
ഗുണനം ഹരണം
പരീക്ഷയോക്കാനം.
ആറ്റിലെക്കല-
ക്കനാഴം
കണങ്കാലരക്കെട്ട്
തോർത്തിഴ തലനീട്ടി
നാണം
മണൽ പായലൊട്ടിയ
വള്ളിച്ചെരിപ്പ്
പ്രാണൻ പിടികിട്ടാ-
തുരഞ്ഞ കൈപ്പത്തി
ചീർത്ത മാംസം
മീൻ തിന്നു പാതിയിൽ
കരളിലെ പാട്ടുകൾ
പൊന്തയിൽ
നീട്ടിക്കിതയ്ക്കുന്ന
കണ്ണുകൾ.
വളർന്നും വളഞ്ഞും
കിളർന്നും കിതച്ചും
അടിഞ്ഞൊതുങ്ങിയും
അകമേ തകർന്നും
കഷ്ടകാലത്തിൻ
ദുരിതം കുടിച്ചും
തിന്നും മദിച്ചും
വെറുത്തും മറന്നും
പരിചിത ലോകത്ത-
പരനായ്ക്കുമാരൻ.