അഞ്ചു കവിതകൾ

1മകൾ
ചിമ്മാതെ
ഇച്ചിരിനേരം
പുൽക്കൊടിത്തുമ്പിൽ
വീർപ്പുമുട്ടിയിട്ട്,
കെട്ടിപ്പിടിച്ച്
മണ്ണിലേക്ക്
ഊർന്നുപോകുന്നു
രണ്ടുമഴത്തുള്ളികൾ

ഉറുമ്പുകൾ
വറ്റുകൾ
ചുമന്നോണ്ടുപോകുന്ന
തിണ്ണയിൽ മയങ്ങുന്ന
പൂച്ചമ്മ
ഉറക്കത്തിലും
അതിന്റെ വാല്
കുഞ്ഞുങ്ങൾക്ക്
കളിക്കാൻ കൊടുക്കുന്നു.

2

മുഴുവനും
കാടാകയാൽ
ഒരു മരത്തേയും
കാണാനാവുന്നില്ലല്ലോ
മുഴുവനും
കടലാകയാൽ
ഒരു മീനേയും
പിടിക്കാനാവുന്നില്ലല്ലോ

മുഴുവനും
കവിതയാകയാൽ
ഒരു വരിയും
എഴുതാനാവുന്നില്ലല്ലോ
മുഴുവനും
കഥയാകയാൽ
ഒരു കഥയും
കേൾക്കാനാവുന്നില്ലല്ലോ

3

ഭൂമിയിൽ
ഒരിക്കൽ പോലും
ഒരു ചുവടുവെക്കാത്ത
ഒരു സ്ത്രീ വീൽചെയറിൽ
തലകുനിച്ചിരുന്ന് നനയുന്നു,
അവരുടെ മകനാവാം
തന്റെ ഉടലിനെ
കുടപോലെ
അവർക്കുമീതേ
നിവർത്താൻ
ശ്രമിക്കുന്നുണ്ട്

പൊതിഞ്ഞുപിടിച്ച
കൈക്കുഞ്ഞിനുമീതേ
ഒരമ്മ മുഖവും തലമുടിയും
സാരിത്തലപ്പും കൊണ്ട്
ഒരു വീട് പണിയുന്നു

ചെറുപ്പത്തിൽ
അവലിടിച്ചത്
തിന്നിട്ടുള്ളതിനാൽ
ഒരു തണുപ്പിനും
തന്നെ പൂട്ടാനാവില്ല
എന്നുപറയുമായിരുന്ന
അമ്മയെ
എനിക്കോർമ്മ വന്നു.

4

മീർ
നീ വരച്ച
പ്ലാവിലപോലെ തന്നെയുള്ള
പ്ലാവിലയുടെ പെൻസിൽ ചിത്രം
എനിക്കിപ്പോഴും ഓർമ്മയുണ്ട്,
പച്ചനിറമല്ലായിരുന്നെങ്കിലും
ഒരാട് കണ്ടിരുന്നെങ്കിൽ
അത് അതിലേക്ക്
തല നീട്ടുമായിരുന്നു.

5

പ്രേമിക്കുന്നെങ്കിൽ
പൊക്കം കുറഞ്ഞ
പെൺകുട്ടികളെ പ്രേമിക്കണം

അവരോളമാരും
നെഞ്ചിലേക്ക്
ഇരമ്പിക്കയറില്ല,
കണ്ണിലേക്ക്
ഉറ്റുനോക്കില്ല,
ചുണ്ടിലേക്ക്
എത്തിക്കുത്തില്ല,
ഹൃദയത്തെ
കേൾക്കില്ല.▮


എം.ആർ. രേണുകുമാർ

കവി, ചിത്രകാരൻ, വിവർത്തകൻ. ഓഡിറ്റ് വകുപ്പിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ. ഞാറുകൾ- മലയാളത്തിലെ ദളിത്​ കഥകൾ, പച്ചക്കുപ്പി, വെഷക്കായ, മുഴുസൂര്യനാകാനുള്ള ശ്രമങ്ങൾ, കൊതിയൻ തുടങ്ങിയവ പ്രധാന കൃതികൾ.

Comments